image

20 Oct 2023 11:35 AM GMT

News

വലിയ 5 അമേരിക്കൻ ബാങ്കുകള്‍ ഈ വര്‍ഷം 20,000 ജീവനക്കാരെ പിരിച്ചു വിട്ടേക്കും

MyFin Desk

big 5 us banks may lay off 20,000 employees this year
X

Summary

അടുത്ത വര്‍ഷമാകുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങും.


അമേരിക്കയിലെ അഞ്ച് വലിയ ബാങ്കുകള്‍ ഈ വര്‍ഷം 20,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ഉയര്‍ന്ന പലിശ നിരക്കിനെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദങ്ങള്‍ വായ്പാ ബിസിനസ്, വാള്‍സ്ട്രീറ്റിലെ ഇടപാടുകള്‍, ഫണ്ടിംഗ് ചെലവുകള്‍ എന്നിവയില്‍ സ്വാധീനം ചെലുത്തിയതാണ് വലിയ തോതിലുള്ള തൊഴില്‍ വെട്ടിക്കുറയ്ക്കലിലേക്ക് ബാങ്കുകളെ നയിച്ചത്.

സമ്പദ് വ്യവസ്ഥ അതിന്റെ വീണ്ടെടുപ്പിലൂടെ സാമ്പത്തിക വിദഗ്ധരെ ഞെട്ടിച്ചെങ്കിലും ജെപി മോര്‍ഗന്‍ ചേസ് ഒഴികെയുള്ള വലിയ ബാങ്കുകളെല്ലാം ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങുകയോ പിരിച്ചുവിടാനൊരുങ്ങുന്നതായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്.

കോവിഡ് കാലത്ത് രണ്ട് വര്‍ഷം ബാങ്കുകളിലേക്ക് ജീവനക്കാരെ എടുക്കുന്ന നിരക്കിലായിരുന്നു വര്‍ധന. അതിന് ഉത്തേജനം നല്‍കിയതാകട്ടെ വാള്‍സ്ട്രീറ്റിലെ പ്രവര്‍ത്തനങ്ങളും. എന്നാല്‍, ചൂടുപിടിച്ചു നില്‍ക്കുന്ന സമ്പദ് വ്യവസ്ഥയെ ഒന്നു തണുപ്പിക്കാന്‍ ഫെഡറല്‍ റിസര്‍വ് പലിശയുയര്‍ത്തല്‍ നടപടികളിലേക്ക് കടന്നു. ഇതോടെ വായ്പാ ആവശ്യമുള്ള ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവു വന്നു. കുറച്ച് കോര്‍പറേഷനുകളാകട്ടെ കടം നല്‍കുകയോ എതിരാളികളെ വാങ്ങുകയോ ചെയ്തു. ഇത് ബാങ്കിംഗ് മേഖലയിലുള്ള ജീവനക്കാരുടെ തൊഴിലിനെയും പ്രതിസന്ധിയിലാക്കി.

അടുത്ത വര്‍ഷമാകുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങും. ബാങ്കുകള്‍ക്ക് ചെലവ് കുറയ്‌ക്കേണ്ടി വരുമെന്നും ധനകാര്യ മേഖലയിലെ തൊഴില്‍ നഷ്ടം അമേരിക്കയിലെ തൊഴില്‍ വിപണിയെ സമ്മര്‍ദ്ദത്തിലാക്കുമെന്നുമാണ് വിദഗ്ധാഭിപ്രായം.

ഓരോ പാദത്തലും ബാങ്കുകള്‍ അവരുടെ ജീവനക്കാരുടെ എണ്ണം വെളിപ്പെടുത്താറുണ്ട്. പലപ്പോഴും നിയമനങ്ങളും വെട്ടിക്കുറയ്ക്കലുകളും മറച്ചുവെയ്ക്കാറുമുണ്ട്.

പ്രധാന ബിസിനസുകളിലെ വരുമാന ഇടിവുമായി മല്ലിടുന്ന വെല്‍സ് ഫര്‍ഗോയിലും ഗോള്‍ഡ്മാന്‍ സാക്‌സിലുമാണ് ഏറ്റവുമധികം വെട്ടിക്കുറയ്ക്കല്‍ നടന്നിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ ഇരു സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണത്തില്‍ ഏകദേശം അഞ്ച് ശതമാനം വെട്ടികുറയ്ക്കല്‍ നടത്തി.

വെല്‍സ് ഫാര്‍ഗോ ജനുവരിയില്‍ വായ്പാ ബിസിനസില്‍ തന്ത്രപരമായ മാറ്റം പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് ബാങ്ക് പ്രഖ്യാപിച്ചത്. ബാങ്ക് സിഇഒ ചാര്‍ലി ഷാര്‍ഫിന്റെ ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 50,000 ജീവനക്കാരെ വെട്ടിക്കുറച്ചെങ്കിലും ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്താന്‍ കമ്പനിക്കായിട്ടില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍, കഴിഞ്ഞ വര്‍ഷം നിരവധി തവണ ജീവനക്കാരുടെ എണ്ണത്തില്‍ വെട്ടിക്കുറയ്ക്കല്‍ നടത്തിയ ഗോള്‍ഡ്മാന്‍ സാക്‌സിലെ ഇപ്പോഴുള്ള ജീവനക്കാരുടെ എണ്ണം ശരിയായ നിലയിലാണെന്നും ജനുവരിയില്‍ നടപ്പിലാക്കിയതുപോലെ ഒരു കൂട്ടപിരിച്ചുവിടല്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ബാങ്കില്‍ ഇപ്പോഴും ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്നും. വാര്‍ഷികാടിസ്ഥാനത്തിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന രീതി തിരികെ കൊണ്ടു വന്നിട്ടുണ്ടെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അതിന്റെ തുടര്‍ച്ചയെന്നോണം വരും ആഴ്ച്ചകളില്‍ ബാങ്ക് ഒരു ശതമാനമോ, രണ്ട് ശതമാനമോ ജീവനക്കാരേ പിരിച്ചുവിട്ടേക്കുമെന്നും പറയുന്നു.

ഉപഭോക്തൃ ധനകാര്യ ബിസിനസില്‍ നിന്നും ഗോള്‍ഡ്മാന്‍ സാക്‌സ് അകന്നു നില്‍ക്കുകയാണ്. കൂടാതെ, വരും മാസങ്ങളില്‍ കമ്പനി ഒരു വെല്‍ത്ത് മാനേജ്‌മെന്റ് യൂണിറ്റ്, ഫിന്‍ടെക് വായ്പാ ദാതാവായ ഗ്രീന്‍സ്‌കൈ എന്നീ ബിസിനസുകളെ വില്‍ക്കാനുള്ള ഒരുക്കത്തിലാണ്.

മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. നിക്ഷേപ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളിലെ നീണ്ട മാന്ദ്യത്തെത്തുടര്‍ന്ന് ബാങ്ക് ഈ വര്‍ഷം രണ്ട് ശതമാനം തൊഴിലാളികളെ വെട്ടിക്കുറച്ചിരുന്നു.

ബാങ്കുകള്‍ അവരുടെ നിയമനകണക്കുകള്‍ പുറത്തുവിടുന്നത് പലപ്പോഴും അത്ര കൃത്യമാകാറില്ല. ബാങ്ക് ഓഫ് അമേരിക്കയില്‍ ഈ വര്‍ഷം ജീവനക്കാരുടെ എണ്ണത്തില്‍ 1.9 ശതമാനം ഇടിവുണ്ടായി എന്നു പറയുമ്പോഴും കമ്പനി 12,000 ആളുകളെ നിയമിച്ചിട്ടുണ്ട്. പക്ഷേ, ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കൂടുതല്‍ ആളുകള്‍ ജോലി ഉപേക്ഷിച്ചുവെന്നാണ്.

സിറ്റി ഗ്രൂപ്പ് ഈ വര്‍ഷം ജീവനക്കാരുടെ എണ്ണം 240,000 ആയി നിലനിര്‍ത്തി. എന്നാല്‍, കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ബാങ്ക് സിഎഫ്ഒ മാര്‍ക്ക് മോസണ്‍ കഴിഞ്ഞ ആഴ്ച്ച വ്യക്തമാക്കിയിരുന്നു. ബാങ്ക് 600 ദശലക്ഷം ഡോളറിന്റെ അതായത് 7,000 ജീവനക്കാരെ പിരിച്ചുവിട്ടതായി വ്യക്തമാക്കിയരുന്നു. ബാങ്കിന്റെ കോര്‍പറേറ്റ് ഘടനയുടെയും വിദേശ റീട്ടെയില്‍ പ്രവര്‍ത്തനങ്ങളുടെ വില്‍പ്പനയുമടക്കമുള്ള സിഇഒ ജെയിന്‍ ഫ്രേസറിന്റെ ഏറ്റവും പുതിയ പദ്ധതികള്‍ വരുന്നതോടെ ജീവനക്കാരുടെ എണ്ണം കുറയുമെന്നാണ് പറയുന്നത്.

എന്നാല്‍, ജെപി മോര്‍ഗന്‍ ബാങ്കിംഗ് മേഖലയില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. ബ്രാഞ്ച് ശൃംഖല വിപുലീകരിക്കുകയും സാങ്കേതിക വിദ്യയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുകയും ചെയ്തു. കൂടാതെ, തകര്‍ച്ചയിലെത്തിയ ഫസ്റ്റ് റിപ്പബ്ലിക്കിനെ ഏറ്റെടുക്കുകയും ചെയ്ത ജെപി മോര്‍ഗന്‍ ഈ വര്‍ഷം 5.1 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി.

നിയമനം നടത്തിയതിനുശേഷവും 10,000 ത്തിലധികം തസ്തികകളുണ്ടെന്നാണ് കമ്പനി അറിയിച്ചത്.അതിനാല്‍, ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു എന്ന വാദത്തിന് അപവാദമാണ് ബാങ്ക്. 2006 മുതല്‍ സിഇഒ ജാമി ഡിമോന്റെ നേതൃത്വത്തില്‍ ബാങ്ക് വര്‍ധിച്ചു വരുന്ന പലിശ നിരക്കിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരുന്നു. നിക്ഷേപം ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിക്കാനും ബാങ്കിന് കഴിഞ്ഞു. ഈ വര്‍ഷം ഓഹരികള്‍ മികച്ച രീതിയില്‍ ഉയര്‍ന്ന ആറ് വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ജെപി മോര്‍ഗന്‍.