image

23 Sep 2023 9:53 AM GMT

News

ആദ്യ ലൈറ്റ് ഹൗസ് ഫെസ്റ്റിവലിന് നാളെ ഗോവയില്‍ തുടക്കം

MyFin Desk

Goas first lighthouse festival starts
X

Summary

ചരിത്രപ്രാധാന്യമുള്ള 75 ലൈറ്റ് ഹൗസുകളെ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മറ്റും


ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ് ഹൗസ് ഫെസ്റ്റിവല്‍ നാളെ. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ഗോവയിലെ പനാജിയിലെ ഫോര്‍ട്ട് അഗ്വാഡെ ലൈറ്റ്ഹൗസില്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 23 ന് ആരംഭിച്ച് 25 ന് അവസാനിക്കുന്ന മൂന്ന് ദിവസത്തെ ഉത്സവം രാജ്യത്തെ എല്ലാ ലൈറ്റ്ഹൗസുകളിലും ആഘോഷിക്കും. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, തുറമുഖ വകുപ്പ് സഹമന്ത്ര ശ്രീപദ് നായിക്, ഗോവ ടൂറിസം മന്ത്രി രോഹന്‍ ഖൗണ്ടെ എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

ചരിത്രപ്രാധാന്യമുള്ള 75 ലൈറ്റ് ഹൗസുകളെ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ലൈറ്റ് ഹൗസ് ഹെറിറ്റേജ് ടൂറിസം പ്രചാരണത്തിന് കേന്ദ്ര മന്ത്രി സോനോവാള്‍ നേരത്തെ തുടക്കമിട്ടിരുന്നു. ചരിത്ര പ്രാധാന്യമുള്ള ലൈറ്റ് ഹൗസുകളെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളോടെ നവീകരിക്കും. സമ്പന്നമായ സംസ്‌കാരം, പ്രാധാന്യം, ഇവയുടെ മഹത്തായ ഘടന എന്നിവ പ്രദര്‍ശിപ്പിച്ച് ടൂറിസം സാധ്യതകള്‍ വളര്‍ത്താനും പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തിലൂടെയാണ് വളരെക്കാലമായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന ലൈറ്റ് ഹൗസുകളെ വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനും പ്രാദേശിക വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമായി മാറ്റാനും അതോടൊപ്പം രാജ്യത്തിന് വരുമാനം സൃഷ്ടിക്കുന്ന മാര്‍ഗങ്ങളായി മാറ്റാമെന്നുമുള്ള തിരിച്ചറവിലേക്ക് എത്തിയത്. മന്‍കീബാത്തിന്റെ 75ാമത് എപ്പിസോഡില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആ അത്ഭുതകരമായ ആശയം ഇപ്പോള്‍ യാഥാര്‍ഥ്യമായതില്‍ സന്തോഷമുണ്ട്. ഈ വിളക്കുമാടങ്ങള്‍ കപ്പലുകളുടെ യാത്ര സുഖകരമാക്കുന്നതിനോടൊപ്പം ജനങ്ങള്‍ക്ക് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള മാര്‍ഗമായും ഇത് മാറും, കേന്ദ്ര മന്ത്രി വ്യക്തമാക്കി.

ഗോവയില്‍ നാളെ മുതല്‍ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ ലൈറ്റ്ഹൗസ് ഫെസ്റ്റിവലില്‍ പ്രാദേശിക കലാകാരന്മാര്‍, നൃത്തസംഘങ്ങള്‍, ഭക്ഷ്യോത്പന്ന സ്റ്റാളുകള്‍, സംഗീത കച്ചേരികള്‍ എന്നിങ്ങനെ സാധാരണക്കാരെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ചരിത്രകാരന്മാര്‍, പുരാവസ്തു ഗവേഷകര്‍, സാംസ്‌കാരിക നരവംശശാസ്ത്രജ്ഞര്‍, ചരിത്രം, സംസ്‌കാരം, സമൂഹം എന്നിവയില്‍ താല്‍പര്യമുള്ള നിരവധി വ്യക്തികള്‍ ഈ പരിപാടിയില്‍ രാജ്യത്തിന്റെ സമുദ്ര ചരിത്രത്തെ ചുറ്റിപ്പറ്റിയുള്ള കൗതുകകരമായ ചര്‍ച്ചകളില്‍ പങ്കെടുക്കും.