30 May 2024 10:50 AM
Summary
- ഡല്‍ഹി നഗരത്തില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തി
- ആദ്യമായിട്ടാണ് ഇത്രയധികം കോളുകള്‍ ഡല്‍ഹി ഫയര്‍ സര്‍വീസിന് ലഭിച്ചത്
- ജനുവരി 1 മുതല്‍ മേയ് 26 വരെയായി ഡല്‍ഹി ഫയര്‍ സര്‍വീസിന് അഗ്നിബാധയുമായി ബന്ധപ്പെട്ട് ലഭിച്ചത് 8,912 കോളുകള്‍
കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴ പെയ്യുമ്പോള്‍ രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ഡല്‍ഹി ഉഷ്ണതരംഗത്തില്‍ ഉരുകുകയാണ്.
മേയ് 29 ബുധനാഴ്ച മാത്രം ഡല്‍ഹി ഫയര്‍ സര്‍വീസിലേക്ക് സേവനം അഭ്യര്‍ഥിച്ചു കൊണ്ട് 220 കോളുകളാണ് ലഭിച്ചത്. ഇവയില്‍ 183 എണ്ണവും അഗ്നിബാധയുമായി ബന്ധപ്പെട്ടവയായിരുന്നു. ബാക്കിയുള്ളവ പക്ഷി മൃഗാദികളുടെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുമായിരുന്നു.
ആദ്യമായിട്ടാണ് ഇത്രയധികം കോളുകള്‍ ഡല്‍ഹി ഫയര്‍ സര്‍വീസിന് ലഭിച്ചത്. ഇതിനു മുമ്പ് ഒറ്റ ദിവസം ലഭിച്ച ഏറ്റവും ഉയര്‍ന്ന കോള്‍ 150 എണ്ണമായിരുന്നു.
ഈ വര്‍ഷം ജനുവരി 1 മുതല്‍ മേയ് 26 വരെയായി ഡല്‍ഹി ഫയര്‍ സര്‍വീസിന് അഗ്നിബാധയുമായി ബന്ധപ്പെട്ട് ലഭിച്ചത് 8,912 കോളുകളാണെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് തലവന്‍ അതുല്‍ ഗാര്‍ഗ് അറിയിച്ചു.
ഡല്‍ഹി നഗരത്തില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തിയതോടെ, തീ പിടിത്തവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഫയര്‍ സര്‍വീസിന്റെ സേവനം തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന കൈവരിച്ചിരിക്കുന്നത്.