3 April 2025 2:01 PM
ജലസ്രോതസുകള്‍ മലിനമാക്കിയാല്‍ പിഴ 2 ലക്ഷം രൂപ; മാലിന്യം തള്ളിയാല്‍ ഉടനടി 5000 രൂപയും പിഴ
MyFin Desk
കൊല്ലം തെക്കുംഭാഗം പഞ്ചായത്തിലെ ജലസ്രോതസുകള്‍ മലിനമാക്കിയാല്‍ രണ്ടു ലക്ഷം രൂപ പിഴയീടാക്കാന്‍ തീരുമാനം. പൊതുസ്ഥലത്ത് മാലിന്യംനിക്ഷേപിച്ചതായി കണ്ടെത്തിയാല്‍ 5000 മുതല്‍ 50000 രൂപ വരെ പിഴയും ഈടാക്കും; നിയമനടപടികളും സ്വീകരിക്കും. മാലിന്യമുക്ത സീറോ വേസ്റ്റ് ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതു ഇടങ്ങള്‍, നിരത്തുകള്‍, പാതയോരങ്ങള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യംനിക്ഷേപിക്കുന്നത് നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.
ജൈവ മാലിന്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ഉറവിടത്തില്‍ സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങള്‍ നിശ്ചിത ഉപയോക്തൃഫീസ് നല്‍കി ഹരിതകര്‍മ്മസേനയ്ക്ക് കൈമാറണം. യൂസര്‍ഫീസ് നല്‍കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും വിറ്റഴിക്കുന്നതും ശിക്ഷാര്‍ഹമാണ്. വ്യാപാര സ്ഥാപനങ്ങളുടെ മുന്‍-പിന്‍വശങ്ങള്‍ വൃത്തിയായിസൂക്ഷിക്കണം. വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട്കത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്.