4 Dec 2023 6:31 AM GMT
Summary
- 1800 സിം കാര്‍ഡുകൾ ട്രായ് ബ്ലോക്ക് ചെയ്തു
- നിരോധിച്ചത് 173 ലോണ്‍ ആപ്പുകൾ
- പണം തട്ടിയെടുത്ത ഇതര സംസ്ഥാന ബാങ്ക് അക്കൗണ്ടുകളും റദ്ദാക്കി
കേരളത്തില്‍ നാല് മാസത്തിനിടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ 3200 മൊബൈല്‍ ഫോണുകളും ടാബുകളും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ജീവമാക്കി. കേരള പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവ നിര്‍ജീവമാക്കിയത്. കൂടാതെ കേരളത്തില്‍ നിന്ന് പണം തട്ടിയെടുത്ത രണ്ടായിരത്തോളം ഇതര സംസ്ഥാന ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കുകയും 173 ലോണ്‍ ആപ്പുകൾ നിരോധിക്കുകയും ചെയ്തു.
മൊബൈല്‍ ഫോണുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടേതാണ്. മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പരുകള്‍ ഉള്‍പെടുത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ച 1800 സിം കാര്‍ഡുകളും ബ്ലോക്ക് ചെയ്തു. ഇതില്‍ ആയിരത്തോളം ഫോണുകള്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കമ്പനികളുടേതാണെന്നാണ് പോലീസ് കണ്ടെത്തല്‍. കേരളത്തില്‍ ലോണ്‍ ആപ്പ് വഴി വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താനുപയോഗിച്ച ഫോണുകളാണ് കൂടുതലും.
ലോണ്‍ ആപ്പ് കളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം 1427 പരാതിക്കാരാണ് പൊലീസിന് ലഭിച്ചത്. 2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 എന്ന നമ്പരിലാണ് കൂടുതലും പരാതികളെത്തിയത്. പരാതികളില്‍ പറഞ്ഞിട്ടുളള ആപ്പുകള്‍, ബാങ്ക് അക്കൗണ്ടുകള്‍,ഫോണ്‍ നമ്പറുകള്‍ എന്നിവ പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
ദേശീയതലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് ആപ്പ് സ്‌റ്റോര്‍, പ്ലേ സ്‌റ്റോര്‍, വെബ് സൈറ്റുകള്‍ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത്.