9 Nov 2023 11:22 AM
Summary
ബിസിനസ് വളര്‍ച്ചയ്ക്ക് തടസമാകുന്ന നിലവിലുള്ള നിയമങ്ങള്‍ പുന:പരിശോധിക്കണമെന്നു ശശി തരൂര്‍
ബിസിനസ് വളര്‍ച്ചയ്ക്ക് തടസമാകുന്ന നിയമങ്ങള്‍ പുന:പരിശോധിക്കണമെന്നും വ്യവസായ അനുകൂല സഹചര്യമൊരുക്കാന്‍ നിയമനിര്‍മാണം ആവശ്യമാണെന്നും ഡോ. ശശി തരൂര്‍ എംപി പറഞ്ഞു.
കേരളത്തിന്റെ വളര്‍ച്ചയും വികസനവും ലക്ഷ്യമിട്ട് ഫിക്കിയുടെ (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി) നേതൃത്വത്തില്‍ കേരള വ്യവസായ വികസന കോര്‍പ്പറേഷനുമായി (കെഎസ്‌ഐഡിസി) സഹകരിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂര്‍.
സിങ്കപ്പൂരുള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ ബിസിനസുകള്‍ തുടങ്ങാന്‍ കാലതാമസം നേരിടുന്നുണ്ട്. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തിലൂടെ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകണം. ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ നിയമം പാസാക്കണമെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ബിസിനസിന് തടസ്സം നില്‍ക്കുന്ന നിയമങ്ങള്‍ പുനഃപരിശോധിക്കണം. നിലവിലുള്ള എല്ലാ ചട്ടങ്ങളും പരിഷ്‌കരിക്കണം. ദേശീയതലത്തില്‍ കേരളത്തിലെ തൊഴിലില്ലായ്മ 40 ശതമാനമാണ്. വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കളെ സംസ്ഥാനത്ത് പിടിച്ചുനിര്‍ത്തണം. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍
അടുത്ത അഞ്ചുവര്‍ഷത്തില്‍ ഇന്ത്യയില്‍നിന്ന് 10 ലക്ഷം യുവാക്കളെങ്കിലും വിദേശത്തേക്ക് പോകുമെന്നും ശശി തരൂര്‍ എംപി പറഞ്ഞു.
പാഠ്യ പദ്ധതി സമൂലമായി പരിഷ്‌കരിക്കണം. വിപണി ആവശ്യപ്പെടുന്ന വൈദഗ്ധ്യം കുട്ടികള്‍ക്ക് നല്‍കണം. ബിസിനസ് സമൂഹവും സര്‍ക്കാരും ഒരുമിച്ച് അധ്വാനിച്ചാല്‍ മാത്രമേ കേരളത്തില്‍ പരിവര്‍ത്തനം സാധ്യമാകൂ എന്നും തരൂര്‍ പറഞ്ഞു.
പല മേഖലകളിലും മുന്‍നിരയില്‍ തന്നെയാണെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഫിക്കി കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം മികവ് പുലര്‍ത്തുമ്പോഴും ഇനിയും സംസ്ഥാനം പല മേഖലകളെയും ഉത്തേജിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെ ആധാരമാക്കി കൊച്ചി ഡിക്ലറേഷന്‍ ആക്ഷന്‍ പ്ലാന്‍ 2023 തയാറാക്കുകയും സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യും. ഓരോ ചര്‍ച്ചകളിലെയും ആശയങ്ങളും നിഗമനങ്ങളും ഉള്‍പ്പെടുത്തിയാകും ആക്ഷന്‍ പ്ലാന്‍ തയാറാക്കുക. വരും വര്‍ഷങ്ങളില്‍ ഇതിന്റെ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, കെഎസ്‌ഐഡിസി എംഡി എസ്. ഹരികിഷോര്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ഹര്‍ജിന്ദര്‍ കാംഗ്, ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സിജോയ് വര്‍ഗീസ്, ഫിക്കി കോ ചെയര്‍ വി.പി നന്ദകുമാര്‍ എന്നിവരും സംസാരിച്ചു.
കേരളത്തിന്റെ സമഗ്ര വികസനവും നിക്ഷേപ സാധ്യതകളും ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ ആഗോള തലത്തില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നിക്ഷേപകര്‍, സംരംഭകര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖരാണു പങ്കെടുക്കുന്നത്. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഐടി ആന്‍ഡ് ഐടിഇഎസ്, എന്റര്‍ടെയിന്‍മെന്റ്, എഡ്യുക്കേഷന്‍ ആന്‍ഡ് ആര്‍ട്ട്‌സ്, സ്റ്റാര്‍ട്ട് അപ്പ്‌സ്, റീറ്റെയ്ല്‍, ടൂറിസം, സസ്‌റ്റെയ്‌നബിള്‍ ഇക്കോ സിസ്റ്റം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള സംവാദങ്ങളും ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. വ്യവസായ പുരോഗതിക്കായി പുതിയ സാധ്യതകളും തന്ത്രങ്ങളും ആവിഷ്‌കരിക്കുന്ന സമ്മേളനത്തില്‍ ഏറ്റവും ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമായി കേരളത്തെ ഉയര്‍ത്തി കാട്ടുക എന്നതാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്.