30 May 2023 3:24 AM GMT
Summary
- ഏറ്റവുമധികം നിക്ഷേപമെത്തിയത് സിംഗപ്പൂരില്‍ നിന്ന്
- മഹാരാഷ്ട്രയിലേക്കും കര്‍ണാടകയിലേക്കുമുള്ള എഫ്‍ഡിഐ കുറഞ്ഞു
- സേവന മേഖലയിലേക്കുള്ള എഫ്‍ഡിഐ ഉയര്‍ന്നു
2022-23ൽ ഇന്ത്യയിലേക്ക് ഇക്വിറ്റി വഴിയെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‍ഡിഐ) 22 ശതമാനം കുറഞ്ഞ് 46 ബില്യൺ ഡോളറായി. കമ്പ്യൂട്ടർ ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, ഓട്ടോമൊബൈൽ വ്യവസായം എന്നിവയിലേക്കുള്ള എഫ്‍ഡിഐ വരവ് കുറഞ്ഞുവെന്ന് ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) പുറത്തിറക്കിയ ഡാറ്റ വ്യക്തമാക്കുന്നു. 2021-22 കാലയളവിൽ 58.77 ബില്യൺ ഡോളറായിരുന്നു വിദേശ നിക്ഷേപം. ജനുവരി-മാർച്ച് പാദത്തിൽ വിദേശ നിക്ഷേപം 2022ലെ സമാന കാലയളവിനെ അപേക്ഷിച്ച് 40.55 ശതമാനം ഇടിഞ്ഞ് 9.28 ബില്യൺ ഡോളറായി.
ഇക്വിറ്റി നിക്ഷേപം, പുനർനിക്ഷേപ വരുമാനം, മറ്റ് മൂലധനം എന്നിവ ഉൾപ്പെടുന്ന മൊത്തം എഫ്‍ഡിഐ നിക്ഷേപം 2021-22 ലെ 84.83 ബില്യൺ ഡോളറിൽ നിന്ന് 16 ശതമാനം കുറഞ്ഞ് 2022-23ല്‍ 70.97 ബില്യൺ ഡോളറായെന്ന് നേരത്തേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നു. .
17.2 ബില്യൺ ഡോളറിന്‍റെ നിക്ഷേപമെത്തിച്ച സിംഗപ്പൂരാണ് 2022-23ല്‍ ഇന്ത്യയിലേക്കുള്ള എഫ്‍ഡിഐ-യില്‍ മുന്നിലെത്തിയത്. മൗറീഷ്യസ് -6.13 ബില്യൺ ഡോളർ, യുഎസ് -6 ബില്യൺ ഡോളർ), യുഎഇ -3.35 ബില്യൺ യുഎസ് ഡോളർ, നെതർലാൻഡ്‌സ് -2.5 ബില്യൺ ഡോളർ, ജപ്പാൻ -1.8 ബില്യൺ ഡോളർ, യുകെ -1.73 ബില്യൺ ഡോളര്‍, സൈപ്രസ്- 1.27 ബില്യൺ ഡോളര്‍, കേമാൻ ദ്വീപ്- 772 മില്യണ്‍ ഡോളര്‍, ജർമ്മനി- 547 മില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് മറ്റ് രാഷ്ട്രങ്ങളില്‍ നിന്നെത്തിയ എഫ്‍ഡിഐ എന്ന് ഡിപിഐഐടി ഡാറ്റ വ്യക്തമാക്കുന്നു. മൗറീഷ്യസ്, യുഎസ്, നെതർലൻഡ്‌സ്, കേമാൻ ഐലൻഡ്‌സ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള എഫ്‍ഡിഐ നിക്ഷേപം 2022-23ൽ കുറഞ്ഞു.
കംപ്യൂട്ടർ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ മേഖല 9.4 ബില്യൺ ഡോളറിന്റെ നിക്ഷേപം നേടി മറ്റു മേഖലകളെ പിന്നിലാക്കിയെങ്കിലും, 2021-22 ലെ 14.5 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ കുറവാണിത്. അതുപോലെ, ഓട്ടോമൊബൈൽ വ്യവസായത്തിലെ എഫ്‍ഡിഐ 2021-22 ലെ 7 ബില്യൺ ഡോളറിൽ നിന്ന് 2022-23ൽ 1.9 ബില്യൺ ഡോളറായി കുറഞ്ഞു. നിർമ്മാണ (പശ്ചാത്തല സൗകര്യങ്ങൾ) പ്രവർത്തനങ്ങളും മെറ്റലർജിക്കൽ വ്യവസായങ്ങളുമാണ് നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തിയ മറ്റ് രണ്ട് പ്രധാന മേഖലകള്‍.
എന്നിരുന്നാലും, സേവനങ്ങൾ -8.7 ബില്യൺ ഡോളർ, ട്രേഡിംഗ് -4.8 ബില്യൺ ഡോളർ, ടെലികമ്മ്യൂണിക്കേഷൻസ് -713 മില്യണ്‍ ഡോളർ), ഫാർമ -8.7 ബില്യൺ ഡോളർ, കെമിക്കൽസ് -1.85 ബില്യൺ ഡോളർ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ എഫ്‍ഡിഐ വരവ് വളർച്ച രേഖപ്പെടുത്തി.
സംസ്ഥാനങ്ങളില്‍, 14.8 ബില്യൺ യുഎസ് ഡോളറിന്റെ ഏറ്റവും ഉയർന്ന എഫ്‍ഡിഐ നിക്ഷേപം നേടി മഹാരാഷ്ട്ര മുന്നിലെത്തി. എങ്കിലും 2021-22 ല്‍ സംസ്ഥാനത്തേക്ക് എത്തിയ 15.44 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ നിക്ഷേപം കുറഞ്ഞു.അതുപോലെ, കർണാടകയിലെ വിദേശ നിക്ഷേപം 2021-22ലെ 22 ബില്യൺ ഡോളറിൽ നിന്ന് 2022-23ലെത്തുമ്പോള്‍ 10.42 ബില്യൺ ഡോളറായി കുറഞ്ഞു. ഡൽഹി, തമിഴ്‌നാട്, ഹരിയാന, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവയും എഫ്‍ഡിഐ വരവില്‍ ഇടിവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളാണ്. ഗുജറാത്തിലെ എഫ്‍ഡിഐ 2021-22ലെ 2.7 ബില്യൺ ഡോളറിൽ നിന്ന് 4.71 ബില്യൺ ഡോളറായി ഉയർന്നു. രാജസ്ഥാനിലും എഫ്‍ഡിഐ നല്ല വളർച്ച രേഖപ്പെടുത്തി.