image

10 March 2025 2:23 PM IST

News

ബെംഗളൂരു മെട്രോ നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധം

MyFin Desk

protest against metro fare hike in bengaluru
X

Summary

  • ട്രെയിനിനകത്ത് പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം
  • മെട്രോയില്‍ യാത്രക്കാര്‍ കുറഞ്ഞു
  • ബെംഗളൂരുവിലെ മെട്രോ രാജ്യത്തെ ഏറ്റവും ചെലവേറിയത്


ബെംഗളൂരുവിലെ മെട്രോ നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധം. താങ്ങാനാവാത്ത നിരക്കുകളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്ലക്കാര്‍ഡുകളുമായി നഗരവാസികള്‍ ഞായറാഴ്ച മെട്രോ ട്രെയിനുകളില്‍ കയറി. നമ്മ മെട്രോയിലെ നിരക്ക് വര്‍ധന നിരവധി യാത്രക്കാരെ ഗതാഗതത്തിന് സ്വകാര്യവാഹനങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുമെന്ന് പലരും വിശ്വസിക്കുന്നു. നിലവില്‍ ഗതാഗതക്കുരുക്കിന് പേരുകേട്ട നഗരമാണ് ബെംഗളൂരു.

നിരക്ക് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മെട്രോ കോച്ചുകള്‍ക്കുള്ളില്‍ യാത്രക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിരക്ക് വര്‍ധന നടപ്പില്‍ വര്‍ധന നടപ്പിലാക്കിയത് ഒരു മാസം മുമ്പാണ്. അന്നുമുതല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ശബ്ദമുയര്‍ന്നിരുന്നു.

കൂടുതല്‍ ആളുകള്‍ പൊതുഗതാഗതത്തില്‍ നിന്ന് അകന്നു മാറുകയാണ്. ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ മലിനീകരണം രൂക്ഷമാകാനും തിരക്ക് വര്‍ദ്ധിക്കാനും കാരണമാകുമെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍, ബെംഗളൂരുവിലെ മെട്രോ രാജ്യത്തെ ഏറ്റവും ചെലവേറിയതാണ്. ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് 90 രൂപയില്‍ എത്തിയിരിക്കുന്നു. നിരക്ക് വര്‍ധന ദൈനംദിന യാത്രക്കാര്‍ക്കിടയില്‍ വ്യാപകമായ നിരാശ സൃഷ്ടിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) നിരക്ക് ഘടനയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളൂ. ഇത് സാധാരണ യാത്രക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നില്ല.

നിരക്ക് വര്‍ധനവിനെത്തുടര്‍ന്ന്, നിരവധി യാത്രക്കാര്‍ ഇതര ഗതാഗത മാര്‍ഗ്ഗങ്ങള്‍ തേടിയതിനാല്‍ മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. നിരക്ക് വര്‍ധനവിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. മെട്രോ യാത്രക്കാരുടെ എണ്ണം 8,28,149 ആയി. മകര സംക്രാന്തിയുടെ തലേന്ന് ജനുവരി 13 ഒഴികെ, ഈ വര്‍ഷം രേഖപ്പെടുത്തിയ ശരാശരി തിങ്കളാഴ്ച യാത്രക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കണക്ക് 6% കുറവിനെ പ്രതിനിധീകരിക്കുന്നു.

പുതുക്കിയ നിരക്ക് ഘടന പ്രകാരം, പരമാവധി മെട്രോ നിരക്ക് 60രൂപയില്‍ നിന്ന് 90 ആയി ഉയര്‍ന്നു. സ്മാര്‍ട്ട് കാര്‍ഡുകളില്‍ ആവശ്യമായ മിനിമം ബാലന്‍സും 50 രൂപയില്‍ നിന്ന് 90 ആയി വര്‍ദ്ധിച്ചു. 2 കിലോമീറ്റര്‍ വരെയുള്ള ഹ്രസ്വദൂര യാത്രയ്ക്ക് ഇപ്പോള്‍ 10രൂപ ചിലവാകും. അതേസമയം 2 കിലോമീറ്റര്‍ മുതല്‍ 4 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 20 രൂപആണ് നിരക്ക്.

നാല് കിലോമീറ്റര്‍ മുതല്‍ ആറ് കിലോമീറ്റര്‍ വരെയുള്ള യാത്രക്കാര്‍ക്ക് 30 രൂപയും ആറ് കിലോമീറ്റര്‍ മുതല്‍ എട്ട് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 40 രൂപയുമാണ് നിരക്ക്. എട്ട് കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് ഇപ്പോള്‍ 50 രൂപയും പത്ത് കിലോമീറ്റര്‍ മുതല്‍ 12 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 60 രൂപയുമാണ് ചാര്‍ജ്.

15 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 70 രൂപയും 20 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 80 രൂപയുമാണ് നിരക്ക്. 25 കിലോമീറ്ററിനപ്പുറം സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ 90 രൂപ നല്‍കണം.