3 Nov 2023 6:59 AM
Summary
- നിരക്ക് വർദ്ധനവിലൂടെ ഒരു വർഷത്തിനിടയിൽ 1044 കോടി രൂപയുടെ അധിക വരുമാനം കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നു.
- വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക.
എല്ലാവർഷവും വൈദ്യുതി നിരക്ക് വർധിപ്പിക്കും; വേറെ വഴിയില്ല; ജനങ്ങൾ ഇതിനായി തയ്യാറാവണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി.
"വലിയ രീതിയിൽ നിരക്ക് വർധിപ്പിച്ചിട്ടില്ല. 20 പൈസയുടെ വർധനേയുള്ളൂ. മറ്റെല്ലാ സാധനങ്ങളുടെയും വില വർധിപ്പിച്ചല്ലോ നിരക്ക് വർദ്ധനവ് അല്ലാതെ വേറെ വഴിയില്ല റഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന രീതിയിൽ മുൻപോട്ടു പോവുക മാത്രമേ നിർവ്വാഹമുള്ളൂ. വരവ് ചെലവ് കണക്ക് നോക്കി ലാഭവും നഷ്ടവുമില്ലാതെ ഇലക്ട്രിസിറ്റി ബോർഡിനെ കൊണ്ട് പോകണം. അല്ലെങ്കിൽ കടമെടുപ്പിനെപ്പോലും ബാധിക്കും. ചെലവ് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്.", മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
നവംബർ ഒന്നു മുതല്‍ വൈദ്യുതി നിരക്ക് വർധിപ്പിച്ച് കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. അടുത്ത വർഷം ജൂൺ 30 വരെയാണ് നിരക്ക് കാലാവധി. നിരക്ക് വർദ്ധനവിലൂടെ അടുത്ത ഒരു വർഷത്തിനിടയിൽ 1044 കോടി രൂപയുടെ അധിക വരുമാനമാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
പ്രതിമാസം 150 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 122 രൂപയുടെ വർധനവാണ് ഉണ്ടാകുന്നത്. നിലവിൽ ഇത്രയും യൂണിറ്റ് ഉപയോഗിക്കുന്നവർ 605 രൂപയാണ് എനർജി ചാർജ് ഇനത്തിൽ നൽകുന്നത്. എന്നാൽ പുതിയ വർദ്ധനവോടെ ഇത് 728 രൂപയാകും. രണ്ടു മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 244 രൂപയുടെ വർദ്ധനവ് ഉണ്ടാകും. കൂടാതെ രണ്ടു മാസത്തെ ഫിക്സഡ് ചാർജായ 170 രൂപയും നിലവിൽ ഈടാക്കുന്ന സർചാർജും നൽകണം.
വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏപ്രിൽ 1 മുതൽ 5 ശതമാനം വർധനയാണ് ഉണ്ടാകുക. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാരിന് ശുപാർശ നൽകും.