Summary
മൂന്ന് മാസത്തിനുള്ളില്‍ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 399.12 കോടി രൂപയിലേക്ക് എത്തി.
ഒരു വര്‍ഷം മുമ്പ് 961.75 കോടി രൂപ അഥവാ 8.11 ശതമാനം നിഷ്‌ക്രിയ ആസ്തിയുണ്ടായിരുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2023 ജൂണ്‍ അവസാനത്തോടെ അത് 237.61 കോടി രൂപയിലേക്ക് വിജയകരമായി എത്തിച്ചിരുന്നു. എന്നാല്‍ ബാങ്ക് വീണ്ടും നിഷ്ക്രിയ ആസ്തിയുടെ പിടിയിലേക്ക് വീഴുകയാണ്.
2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വിവരങ്ങള്‍ അനുസരിച്ച് ജൂണ്‍ അവസാനമുണ്ടായിരുന്ന 237.61 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയില്‍ നിന്നും സെപ്റ്റംബര്‍ അവസാനത്തോടെ - മൂന്ന് മാസത്തിനുള്ളില്‍ 399.12 കോടി രൂപയിലേക്ക് ബാങ്ക് എത്തി.
മൂന്ന് മാസ കാലയളവിലെ നിഷ്‌ക്രിയ ആസ്തി വളര്‍ച്ച 68 ശതമാനമാണ്. അതേസമയം ഈ കാലയളവിലെ വായ്പാ വളര്‍ച്ച വെറും 4.7 ശതമാനമായി പരിമിതപ്പെട്ടു. വായ്പകള്‍ ഇക്കാലയളവില്‍ 14,444 കോടി രൂപയില്‍ നിന്ന് 15,123 കോടി രൂപയായാണ് ഉയര്‍ന്നത്.
മൂന്ന് മാസക്കാലയളവിലെ മൊത്ത നിഷ്‌ക്രിയ ആസ്തി ശതമാന കണക്കിൽ 1.65 ശതമാനത്തില്‍ നിന്ന് 2.64 ശതമാനമായി ഉയര്‍ന്നു. ബാങ്കിംഗ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, മൈക്രോ ഫിനാന്‍സ് വായ്പ റിസ്ക് വിഭാഗത്തിൽ പെട്ടതാണ് , കാരണം ഇത്തരം വായ്പകള്‍ ഈട് രഹിത വായ്പകളാണ് , സൂക്ഷ്മതയോടു ഇവ കൈകാര്യം ചെയ്തില്ലെങ്കില്‍, പോര്‍ട്ട്‌ഫോളിയോ മോശം വായ്പകളുടെ ചുഴിയിലേക്ക് വഴുതിവീഴും.
ഇക്കാരണത്താല്‍, മറ്റ് വാണിജ്യ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന റീട്ടെയില്‍ വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൈക്രോ ഫിനാന്‍സ് വായ്പകള്‍ ഉയര്‍ന്ന നിരക്കിലാണ് നല്‍കുന്നത്. ഇസാഫ് എസ്എഫ്ബിയുടെ ഏറ്റവും വലിയ പോര്‍ട്ട്‌ഫോളിയോ മൈക്രോ ഫിനാന്‍സ് വായ്പകളാണ്. 2023 സെപ്റ്റംബര്‍ അവസാനം വരെ ബാങ്ക് മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തം ആസ്തി 17,490 കോടി രൂപയാണെങ്കില്‍ മൈക്രോ ഫിനാന്‍സ് വായ്പകള്‍ ഇതിന്റെ 73.5 ശതമാനമാണ്. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ വായ്പകള്‍ക്ക് ശരാശരി 21.1 ശതമാനം വരുമാനം ലഭിക്കുന്നു, ഇത് സ്വര്‍ണ്ണ വായ്പാ കമ്പനികളുമായി താരതമ്യപ്പെടുത്താവുന്നതാണ്. 2023 സെപ്റ്റംബര്‍ 30 വരെ ബാങ്കിന്റെ ഫണ്ടുകളുടെ ചെലവ് (കോസ്റ്റ് ഓഫ് ഫണ്ട്) 7.3 ശതമാനമായിരുന്നു. എന്നാൽ ഇസാഫിന്റെ അറ്റ പലിശ വരുമാനം വളരെ ഉയർന്ന 11 ശതമാനമാണ്. മറ്റു ബാങ്കുകളിൽ ഇത് 3 മുതൽ 4 ശതമാനം വരെയാണ്
.