14 Dec 2024 11:35 AM GMT
ആധുനിക സൗകര്യങ്ങളോടെ നിർമിച്ച എറണാകുളം മാർക്കറ്റ് കോപ്ലക്‌സ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. നാലു നിലകളിലായുള്ള കെട്ടിട സമുച്ചയത്തിൽ 275 കടകകളുണ്ട്. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 72.69 കോടി രൂപ ചെലവിൽ മാർക്കറ്റ് കോപ്ലക്‌സ് നിർമിച്ചത്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും കൊച്ചി കോർപറേഷനും സഹകരിച്ചാണ് ആധുനിക മാർക്കറ്റ് നിർമിച്ചത്. ലോകോത്തര നിലവാരമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള, വിശാലമായ മാർക്കറ്റ് കോപ്ലക്‌സാണ് യാഥാർഥ്യമായിരിക്കുന്നത്.
1.63 ഏക്കർ സ്ഥലത്ത് മൂന്ന് നിലകളിലായി 19,900 ചതുരശ്രമീറ്ററിലാണ് പുതിയ മാർക്കറ്റ് കെട്ടിടം നിർമിച്ചത്. ആകെ 275 കട മുറികളാണ് മാർക്കറ്റ് കോംപ്ലക്‌സിൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 130 എണ്ണം പച്ചക്കറി ഷോപ്പുകളും, 52 എണ്ണം സ്റ്റേഷനറി കടകളും, 28 എണ്ണം ഇറച്ചി - മത്സ്യ ഷോപ്പുകളുമാണ്. നേന്ത്രക്കായ ഉൾപ്പടെയുള്ളവയുടെ കച്ചവടത്തിനായി 34 ഷോപ്പുകൾ, ഏഴ് പഴക്കടകൾ, മുട്ട വിൽപ്പനയ്ക്കായി മൂന്ന് ഷോപ്പുകൾ എന്നിവയും പുതിയ മാർക്കറ്റ് കോംപ്ലക്‌സിൽ ഉണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ മാത്രം 183 ഷോപ്പുകൾ ഉണ്ടാവും. ഭാവിയിൽ ആവശ്യമെങ്കിൽ രണ്ടും മൂന്നും നിലകളിൽ കൂടുതൽ ഷോപ്പുകൾ നിർമിക്കാൻ സാധിക്കും. ഇതിന് പുറമെ ഏറ്റവും മുകളിലത്തെ നിലയിൽ ഫുഡ് കോർട്ടിനുള്ള സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്.
പഴം, പച്ചക്കറി, മുട്ട, സ്‌റ്റേഷനറി സ്‌റ്റാളുകൾ താഴത്തെ നിലയിലും ഇറച്ചി-മത്സ്യ വിപണകേന്ദ്രങ്ങൾ ഒന്നാം നിലയിലും ആയിരിക്കും. രണ്ടും മൂന്നും നിലകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. മുകളിലത്തെ നിലയിൽ ഓപ്പൺ റെസ്റ്റോറൻ്റ് ഉണ്ടാകും. കെട്ടിടം വൃത്തികേടാക്കാതിരിക്കാൻ, ആണിയടിക്കുന്നതിനും തട്ട് ഇടുന്നതിനും ഇവിടെ നിയന്ത്രണം ഉണ്ട്. മീനും ഇറച്ചിയും വിൽക്കുന്ന സ്‌റ്റാളുകൾ അടുത്ത ആഴ്‌ചമുതൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും.
മാർക്കറ്റിനോടനുബന്ധിച്ച് മൾട്ടിലെവൽ കാർപാർക്കിങ് സമുച്ചയവും നിർമിക്കുന്നുണ്ട്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് മാർക്കറ്റിലെത്തുന്നവർക്കായി പ്രത്യേക പാർക്കിങ് സൗകര്യം വികസിപ്പിക്കുന്നത്. 24.65 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. 120 കാറുകളും 100 ബൈക്കുകളും പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് സമുച്ചയമാണിത്.