3 May 2023 3:20 AM GMT
Summary
- ഇതുവരെ ലഭിച്ചത് 12 ലക്ഷത്തിലധികം അപേക്ഷകൾ
- മേയ് 3ന് സമയപരിധി തീരാനിരിക്കുകയായിരുന്നു
- എല്ലാവര്‍ക്കും അവസരമൊരുക്കാനെന്ന് ഇപിഎഫ്ഒ
ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ ജൂൺ 26 വരെ നീട്ടി. എല്ലാവര്‍ക്കും അവസരമൊരുക്കുന്നതിനും യോഗ്യരായ എല്ലാ വ്യക്തികളെയും അവരുടെ അപേക്ഷകൾ ഫയൽ ചെയ്യാൻ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് സമയപരിധി നീട്ടുന്നതെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
2022 നവംബർ 4 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം പെൻഷൻകാരില്‍ നിന്നും അംഗങ്ങളിൽ നിന്നും ഓപ്ഷൻ/ജോയിന്റ് ഓപ്‌ഷൻ സാധൂകരിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണം ഇപിഎഫ്ഒ ഒരുക്കിയിട്ടുണ്ട്. ഈ പ്രക്രിയ സുഗമമാക്കുന്നതിനായ, ഓൺലൈൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
ഇതുവരെ 12 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു. ഓൺലൈൻ സൗകര്യം മെയ് 3 വരെ മാത്രമേ ലഭ്യമാകൂവെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതിനിടയിൽ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ വിവിധ കോണുകളിൽ നിന്ന് ലഭിച്ചിരുന്നു.ഇതു പരിഗണിച്ചാണ് സമയപരിധി നീട്ടിനല്‍കാന്‍ തീരുമാനമെടുത്തത്.
ജീവനക്കാരിൽ നിന്നും തൊഴിലുടമകളിൽ നിന്നും അവരുടെ അസോസിയേഷനുകളിൽ നിന്നും ജീവനക്കാര്‍ ഇതുസംബന്ധിച്ച് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് വ്യക്തമാക്കിക്കൊണ്ട് ലഭിച്ച നിവേദനങ്ങള്‍ പരിഗണിക്കുന്നതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.