21 May 2023 4:07 AM
Summary
- പുതിയ അംഗങ്ങളുടെ പകുതിയിലേറേയും 18-25 പ്രായക്കാര്‍
- 10.09 ലക്ഷം അംഗങ്ങൾ ഇപിഎഫ്ഒ അംഗത്വത്തിൽ വീണ്ടുമെത്തി
- മാര്‍ച്ചില്‍ 7.58 ലക്ഷം പേര്‍ ആദ്യമായി ഇപിഎഫ്ഒ പരിധിയില്‍
റിട്ടയർമെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ മാർച്ചിൽ അംഗങ്ങളുടെ എണ്ണത്തില്‍ നടത്തിയത് 13.40 ലക്ഷത്തിന്‍റെ അംഗങ്ങളുടെ അറ്റകൂട്ടിച്ചേര്‍ക്കല്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി അംഗങ്ങളുടെ എണ്ണത്തില്‍ 1.39 കോടിയുടെ വര്‍ധയനാണ് ഉണ്ടായതെന്നും ഇപിഎഫ്ഒ, പുറത്തുവിട്ട പേറോൾ ഡാറ്റ വ്യക്തമാക്കുന്നു. മുൻ സാമ്പത്തിക വർഷമായ 2021-22 നെ അപേക്ഷിച്ച് 13.22 ശതമാനം വർധന അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ ഉണ്ടായി. 2021-22 സാമ്പത്തിക വര്‍ഷത്തിൽ 1.22 കോടി അംഗങ്ങളുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരുന്നത്.
മാർച്ച് മാസത്തിൽ ചേർക്കപ്പെട്ട അംഗങ്ങളിൽ 7.58 ലക്ഷം പേരും ആദ്യമായി ഇപിഎഫ്ഒയുടെ പരിധിയിൽ വരുന്നവരാണെന്ന് തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പുതുതായി ചേർന്ന അംഗങ്ങളിൽ ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത് 18-21 വയസ് പ്രായപരിധിയിലാണ്, 2.35 ലക്ഷം അംഗങ്ങള്‍ ഈ വിഭാഗത്തില്‍ നിന്ന് പുതുതായി എത്തി. 22-25 വയസ് പ്രായമുള്ള പുതിയ അംഗങ്ങള്‍ 1.94 ലക്ഷം ആണ്.
18-25 വയസ് പ്രായമുള്ളവർ മാര്‍ച്ചില്‍ പുതുതായി ചേർത്ത അംഗങ്ങളുടെ 56.60 ശതമാനമാണ്. രാജ്യത്തെ സംഘടിത മേഖലയിലെ തൊഴിലുകളിൽ ചേരുന്ന ഭൂരിഭാഗം അംഗങ്ങളും ആദ്യമായി ജോലി അന്വേഷിക്കുന്നവരാണെന്നാണ് പേറോൾ ഡാറ്റയുടെ പ്രായാടിസ്ഥാനത്തിലുള്ള ഈ താരതമ്യം സൂചിപ്പിക്കുന്നത്.
ഏകദേശം 10.09 ലക്ഷം അംഗങ്ങൾ ഇപിഎഫ്ഒ അംഗത്വത്തിൽ വീണ്ടും ചേർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ അംഗങ്ങൾ അവരുടെ ജോലി മാറിയെങ്കിലും വീണ്ടും ഇപിഎഫ്‌ഒയുടെ കീഴില്‍ തന്നെ വരുന്ന സ്ഥാപനത്തില്‍ ചേരുകയും ചെയ്തവരാണ്. ഇവര്‍ അന്തിമ സെറ്റിൽമെന്റിന് അപേക്ഷിക്കുന്നതിന് പകരം പുതിയ സ്ഥാപനത്തിലേക്ക് തങ്ങളുടെ ശേഖരണം കൈമാറി, അങ്ങനെ അവരുടെ സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിച്ചുവെന്ന് ഇപിഎഫ്ഒ ചൂണ്ടിക്കാണിക്കുന്നു.
മാർച്ചിൽ വനിതാ അംഗങ്ങളുടെ എണ്ണത്തിലെ കൂട്ടിച്ചേര്‍ക്കല്‍ 2.57 ലക്ഷം ആയിരുന്നു. ഇത് ഈ മാസത്തെ മൊത്തം കൂട്ടിച്ചേര്‍ക്കലിന്‍റെ 19.21 ശതമാനമാണ്. 1.91 ലക്ഷം വനിതാ അംഗങ്ങള്‍ മാര്‍ച്ചില്‍ ഇപിഎഫ്ഒ പരിധിയിലെത്തി. ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അംഗങ്ങളുടെ എണ്ണത്തിലെ കൂട്ടിച്ചേർക്കലില്‍ പ്രതിമാസ വര്‍ധന പ്രകടമാകുന്നുണ്ട്. കൂട്ടിച്ചേർത്ത അംഗങ്ങളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ഹരിയാന, ഗുജറാത്ത് എന്നിവയാണ് മുന്നില്‍ നില്‍ക്കുന്ന 5 സംസ്ഥാനങ്ങൾ.