2 Nov 2023 6:33 PM IST
Summary
ദേശീയ പാത അതോറിറ്റി ഒരു 'ഡസ്റ്റ് ആന്‍ഡ് കണ്‍ട്രോള്‍ മാനേജ്‌മെന്റ് സെന്റര്‍' സ്ഥാപിച്ചു.
ഡല്‍ഹയിലെ വായു ഗുണനിലവാര സൂചിക മെച്ചപ്പെടുത്തുന്നതിനായി കമ്മീഷന്‍ ഓഫ് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് തലസ്ഥാനത്ത് ദേശീയ പാത നിര്‍മാണത്തിനിടയിലെ പൊടി നിയന്ത്രണ നടപടികള്‍ ഫലപ്രദമായി നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിന് ദേശീയ പാത അതോറിറ്റി ഒരു 'ഡസ്റ്റ് ആന്‍ഡ് കണ്‍ട്രോള്‍ മാനേജ്‌മെന്റ് സെന്റര്‍' സ്ഥാപിച്ചു.
ദ്വാരക എക്‌സ്പ്രസ് വേ, യുഇആര്‍ 2 ഡല്‍ഹി-അമൃത്സര്‍-കത്ര എക്‌സ്പ്രസ് വേ, ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ തുടങ്ങിയ പദ്ധതികള്‍ എന്‍എച്ച്എഐ നടപ്പിലാക്കുകയാണ്. വായുവിന്റെ ഗുണനിലവാരവും പൊടിയുടെ അളവും നിയന്ത്രിക്കുന്നതിന്, ദേശീയപാത നിര്‍മ്മാണ സൈറ്റുകളില്‍ നിലവിലുള്ള പൊടി നിയന്ത്രണ നടപടികള്‍ അവലോകനം ചെയ്യാനും സിഎക്യുഎം, കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും എന്‍എച്ച്എഐ അതിന്റെ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൂര്‍ത്തിയായ പ്രോജക്ടുകളില്‍ മെക്കാനിക്കല്‍ സ്വീപ്പിംഗ് മെഷീനുകള്‍ വിന്യസിക്കുക, എല്ലാ നിര്‍മ്മാണ സൈറ്റുകളിലും പകല്‍ മുഴുവന്‍ വെള്ളം തളിക്കുക, എല്ലാ നിര്‍മ്മാണ സൈറ്റുകളിലും ബാച്ചിംഗ് പ്ലാന്റുകളിലും ആന്റി സ്‌മോഗ് ഗണ്ണുകള്‍ വിന്യസിക്കുക, നിര്‍മ്മാണ, പൊളിക്കല്‍ വസ്തുക്കള്‍ പച്ച വലയോ തുണിയോ ഉപയോഗിച്ച് മൂടുക എന്നിവയാണ് നിര്‍മ്മാണ സൈറ്റുകളില്‍ സ്വീകരിക്കേണ്ട പൊടി നിയന്ത്രണ നടപടികള്‍.
ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരത്തില്‍ ഇടിവുണ്ടായതോടെ, ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ജിആര്‍എപി) പ്രകാരം വിഭാവനം ചെയ്ത നടപടികള്‍ സിഎഎക്യുഎം നടപ്പാക്കിയിരുന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മേഖലയിലെ ദേശീയപാത നിര്‍മ്മാണ സൈറ്റുകളില്‍ പൊടി നിയന്ത്രണം പരമാവധി വര്‍ധിപ്പിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് എന്‍എച്ച്എഐ വ്യക്തമാക്കിയിട്ടുണ്ട്.