image

2 Jun 2024 10:58 AM GMT

Election

വോട്ടെണ്ണല്‍ : ഫലമറിയാൻ ഏകീകൃത സംവിധാനം

MyFin Desk

വോട്ടെണ്ണല്‍ : ഫലമറിയാൻ ഏകീകൃത സംവിധാനം
X

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും തത്സമയം ഫലം അറിയാൻ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടർ ഹെൽപ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാനാവും.

ഇലക്ഷൻ കമ്മീഷന്റെ എൻകോർ സോഫ്റ്റ് വെയറിൽ നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് എആർഒമാർ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റിൽ അതത് സമയം ലഭിക്കുക. ആദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്.

ഇലക്ഷൻ കമ്മീഷന്റെ വോട്ടർ ഹെൽപ് ലൈൻ (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷൻ റിസൾട്ട്സ് എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ ട്രെൻഡ്സ് ആന്റ് റിസൾട്ട്സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങൾ ലഭിക്കുകയും ചെയ്യും. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

സംസ്ഥാനത്തെ എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡിലും ലോക്സഭാ മണ്ഡലം തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും.