30 March 2024 5:23 AM GMT
Summary
- ഇലക്ട്രോണിക് മാധ്യമങ്ങളിലെ പ്രചാരണത്തിനും കാലയളവ് നിശ്ചയിച്ചു
- വോട്ടെടുപ്പ് ഏപ്രില്‍ 19 മുതല്‍ ഏഴ് ഘട്ടങ്ങളിലായി നടക്കും
- ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍
വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പളോടനുബന്ധിച്ച് എക്സിറ്റ് പോളുകള്‍ നടത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും പരസ്യപ്പെടുത്തുന്നതിനും നിരോധനം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി)വിജ്ഞാപനം പുറപ്പെടുവിച്ചു. നിരോധന കാലയളവ് ഏപ്രില്‍ 19-ന് രാവിലെ 7 മണി മുതല്‍ ആരംഭിച്ച് ജൂണ്‍ 1-ന് വൈകുന്നേരം 6:30-ന് അവസാനിക്കും. പ്രിന്റ്, ഇലക്ട്രോണിക് അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രചരണ രീതികള്‍ ഉള്‍പ്പെടെ എല്ലാത്തരം മാധ്യമങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. പൊതുതിരഞ്ഞെടുപ്പുകളുടെയും അസംബ്ലി തെരഞ്ഞെടുപ്പുകളുടെയും പോളിംഗ് പ്രക്രിയയുടെ സമാപനം വരെയുള്ള 48 മണിക്കൂര്‍ കാലയളവില്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ അഭിപ്രായ വോട്ടെടുപ്പുകളുടെ ഫലങ്ങളോ മറ്റേതെങ്കിലും സര്‍വേയുടെ ഫലങ്ങളോ ഉള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കും.
543 ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 മുതല്‍ ഏഴ് ഘട്ടങ്ങളിലായി നടക്കും. ഏകദേശം 97 കോടി വോട്ടര്‍മാര്‍ പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യോഗ്യരാണ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന് പുറമെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 12 സംസ്ഥാനങ്ങളിലെ 25 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഈ കാലയളവില്‍ നടക്കും.