image

17 April 2024 5:12 AM GMT

Election

തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

MyFin Desk

തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
X

Summary

  • തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്.
  • 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
  • 80 ലോക്‌സഭ സീറ്റുകളുള്ള യുപിയിൽ എട്ടിടത്താണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്.


ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളിൽ ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും.

പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും. പ്രധാനമന്ത്രി ഇന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് എത്തും. തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രികയും ഇന്ന് പുറത്തിറക്കും.

തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാർ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാൻ (12), ത്രിപുര (1), ഉത്തർപ്രദേശ് (8), പശ്ചിമബംഗാൾ (3), ജമ്മു കശ്മീർ (1), അരുണാചൽ പ്രദേശ് (2), മണിപ്പൂർ(2), മേഘാലയ(2), മിസോറാം (1), നാഗാലാൻഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

80 ലോക്‌സഭ സീറ്റുകളുള്ള യുപിയിൽ എട്ടിടത്താണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. സഹാരൺപൂർ, കൈരാന, മുസാഫർനഗർ, ബിജ്‌നോർ, നാഗിന, മൊറാദാബാദ്, രാംപൂർ, പിലിബിത്ത് എന്നിവയാണ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. 42 സീറ്റുകളുള്ള ബംഗാളിൽ കൂച്ച്ബിഹാർ, അലിപൂർദ്വാർ, ജയ്പാൽഗുരി എന്നിവയും വെള്ളിയാഴ്ച വിധിയെഴുതും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരും ആദ്യഘട്ടത്തിൽ വിധിയെഴുതും