image

4 Jun 2024 12:41 PM GMT

Election

കേരളത്തിൽ യുഡിഎഫ് തരംഗം; അക്കൗണ്ട് തുറന്ന് ബിജെപി

MyFin Desk

കേരളത്തിൽ യുഡിഎഫ് തരംഗം; അക്കൗണ്ട് തുറന്ന് ബിജെപി
X

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ കുതിപ്പ്.

20 മണ്ഡലങ്ങളില്‍ 18 ലും യുഡിഎഫ് വിജയിച്ചപ്പോൾ ഓരോ സീറ്റിൽ എൽഡിഎഫും,ബിജെപിയും വിജയിച്ചു.

കേരളത്തില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറന്നു. സിപിഐ നേതാവും മുന്‍മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നിവരെയാണ് സുരേഷ് ഗോപി കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. 74,686 വോട്ടിനാണ് സുരേഷ് ഗോപിയുടെ വിജയം.

സംസ്ഥാനത്തെ ഭരണകക്ഷിയായ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിജയം ലക്ഷ്യമിട്ട് പ്രമുഖ നേതാക്കളെ തന്നെ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനു മാത്രമാണ് യുഡിഎഫ് തരംഗത്തെ ചെറുത്തു നില്‍ക്കാനായത്.

അതേസമയം തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ കടുത്ത പോരാട്ടമാണ് നേരിട്ടത്. വോട്ടെണ്ണലിന്റെ പകുതിയിലേറെ ഘട്ടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനോട് പിന്നിലായിരുന്ന ശശി തരൂര്‍ അവസാന നിമിഷമാണ് മുന്നില്‍ കയറിയത്. 16077 വോട്ടിനാണ് തരൂർ വിജയിച്ചത്.

ആറ്റിങ്ങലിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. സിറ്റിങ് എംപി കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശും സിപിഎമ്മിന്റെ വി ജോയിയും തമ്മില്‍ വാശിയേറിയ മത്സരമാണ് നടന്നത്. ലീഡ് പലതവണ മാറി മറിഞ്ഞ മണ്ഡലത്തില്‍ 1708 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് വിജയിച്ചത്. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

കേരളത്തിൻ്റെ എംപിമാർ

കാസർഗോഡ് - രാജ്മോഹൻ ഉണ്ണിത്താൻ

കണ്ണൂർ- കെ സുധാകരൻ

വയനാട് - രാഹുൽ ഗാന്ധി

വടകര- ഷാഫി പറമ്പിൽ

കോഴിക്കോട് - എം.കെ രാഘവൻ

പൊന്നാനി- എംപി അബ്ദുൽ സമദ് സമദാനി

മലപ്പുറം- ഇ.ടി മുഹമ്മദ് ബഷീർ

പാലക്കാട്- വി.കെ ശ്രീകണ്ഠൻ

ആലത്തൂർ- കെ. രാധാകൃഷ്ണൻ

തൃശൂർ- സുരേഷ് ഗോപി

ചാലക്കുടി- ബെന്നി ബെഹ്നാൻ

എറണാകുളം - ഹൈബി ഈഡൻ

ഇടുക്കി - ഡീൻ കുര്യാക്കോസ്

കോട്ടയം - ഫ്രാൻസിസ് ജോർജ്

ആലപ്പുഴ - കെ.സി വോണുഗോപാൽ

പത്തനംതിട്ട- ആൻ്റോ ആൻ്റണി

മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്

ആറ്റിങ്ങൽ - അടൂർ പ്രകാശ്

കൊല്ലം- എൻ.കെ പ്രേമചന്ദ്രൻ

തിരുവനന്തപുരം- ശശി തരൂർ