13 May 2024 5:57 AM
മോദി ഗ്യാരന്റിക്ക് ബദലായി കെജ്രിവാളിന്റെ പത്ത് ഗ്യാരന്റികളുമായി ആം ആദ്മി പാർട്ടി. പുതിയ ഭാരതത്തിനുള്ള കാഴ്ച്ചപ്പാടാണ് പത്ത് ഗ്യാരന്റിയിലൂടെ മുന്നോട്ട് വെക്കുന്നതെന്നും വിലക്കയറ്റത്തില്‍ നിന്നും ജനങ്ങള്‍ക്ക് മോചനം ഉറപ്പാക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
മോദിയുടെ ഗ്യാരന്റിയില്‍ വിശ്വസിക്കണോ, കെജ്രിവാളിന്റെ ഗ്യാരന്റിയില്‍ വിശ്വസിക്കണോയെന്ന് ജനത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്റെ അറസ്റ്റിന് ശേഷം ആംആദ്മി പാര്‍ട്ടി കൂടുതല്‍ ഐക്യപ്പെട്ടുവെന്നും, തന്റെ അഭാവത്തില്‍ എംഎല്‍എമാര്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സഖ്യം അധികാരത്തിലെത്തുമ്പോള്‍ നടപ്പാക്കുമെന്ന ഉറപ്പോടെയാണ് ആം ആദ്മി പാര്‍ട്ടി കേജ്‍രിവാളിന്‍റെ 10 ഗ്യാരന്‍റികളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കെജ്രിവാളിന്‍റെ 10 ഗ്യാരണ്ടികള്‍
1. 24 മണിക്കൂര്‍ സൗജന്യ വൈദ്യുതി ഉറപ്പാക്കും
2. കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം
3. സൗജന്യ ചികിത്സ
4. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനം
5. അഗ്‌നിവീര്‍ പദ്ധതി റദ്ദാക്കും
6. ചൈന കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കും
7. കാര്‍ഷിക വിളകള്‍ക്ക് എംഎസ്പി ഉറപ്പാക്കും
8. ജിഎസ്ടി നിയമത്തില്‍ സമഗ്രമായ പരിഷ്‌കരണം
9. ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി
10. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി തൊഴില്‍