image

9 April 2024 7:47 AM GMT

Election

രാജ്‌നാഥ് സിംഗിന് വിജയം ആവര്‍ത്തിക്കാനാകുമോ?

MyFin Desk

രാജ്‌നാഥ് സിംഗിന് വിജയം ആവര്‍ത്തിക്കാനാകുമോ?
X

Summary

  • മെയ് 20 നാണ് ലക്‌നൗവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്
  • 2019 ല്‍ പൂനം ശത്രുഘ്നന്‍ സിന്‍ഹയെ 347302 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിംഗ് പരാജയപ്പെടുത്തിയത്
  • കോണ്‍ഗ്രസും അഴിമതിയും പരസ്പരപൂരകങ്ങളെന്ന് രാജ്‌നാഥ് സിംഗ്


ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാജ്യത്ത് ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശിലെ ലക്‌നൗ. കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് മത്സരിക്കുന്ന ലക്‌നൗ ലോക്‌സഭാമണ്ഡലത്തില്‍ കടുപ്പമേറിയ മത്സരമാകുമോ ഇത്തവണ നടക്കുന്നതെന്നത് സംബന്ധിച്ച ചിത്രം വരും ദിവസങ്ങളിലേ വ്യക്തമാകൂ. മെയ് 20 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 1991 മുതല്‍ ബിജെപിയാണ് ലക്‌നൗവില്‍ വിജയം ആവര്‍ത്തിച്ചുപോരുന്നത്. 2019 ലെ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് രാജ്‌നാഥ് സിംഗ് ഇവിടെ നിന്ന് വിജയിച്ചത്. 6,33,026 വോട്ടുകളാണ് അദ്ദേഹം നേടിയത്. സമാജ്വാദി പാര്‍ട്ടിയുടെ (എസ്പി) പൂനം ശത്രുഘ്നന്‍ സിന്‍ഹയെ 347302 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിംഗ് പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ 56.7% അദ്ദേഹത്തിന് ലഭിച്ചു.

2014 ലെ പൊതുതെരഞ്ഞെടുപ്പിലും രാജ്‌നാഥ് സിംഗ് വന്‍ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2024 പൊതുതെരഞ്ഞെടുപ്പില്‍ എസ്പിയില്‍ നിന്ന് രവിദാസ് മെഹ്‌റോത്രയാണ് എതിരാളി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ തന്നെ മത്സരം എത്രമാത്രം കടുപ്പമാകുമെന്ന് ഇനിയും വ്യക്തതവരാനുണ്ട്. എങ്കിലും വിജയം തങ്ങള്‍ക്ക് തന്നെയെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി.

80 ലോക്‌സഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ് ഏവരും ഉറ്റുനോക്കുന്ന സംസ്ഥാനം കൂടിയാണ്. ഇവിടത്തെ ഓരോ ലോക്‌സഭാ മണ്ഡലവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. രാമക്ഷേത്രം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വലിയൊരു ഘടകമായി മാറുമെന്നും വിലയിരുത്തപ്പെടുന്നു. മോദി സര്‍ക്കാരിന്റെ വിജയത്തിന്റെ അടയാളമായാണ് രാമക്ഷേത്രത്തെ ബിജെപി കാണുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം തങ്ങള്‍ക്ക് വോട്ടായി മാറുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത് രാജ്യത്തെ അഖണ്ഡതയെ തകര്‍ക്കുന്നതിനാല്‍ ജനങ്ങള്‍ മറിച്ചൊരു വിധിയാകും നല്‍കുന്നതെന്ന് കോണ്‍ഗ്രസും വാദിക്കുന്നു.

കോണ്‍ഗ്രസും അഴിമതിയും പരസ്പരപൂരകങ്ങളാണെന്ന പ്രസ്താവന അടുത്തിടെ രാജ്‌നാഥ് സിംഗ് നടത്തിയിരുന്നു. അതിനാല്‍ തന്നെ ബിജെപിയ്ക്ക് തെരഞ്ഞെടുപ്പില്‍ വന്‍വിജയം ആവര്‍ത്തിക്കാനാകും. കോണ്‍ഗ്രസില്‍ നിന്ന് പലരും പാര്‍ട്ടിവിട്ടു പോകുന്നതും അവര്‍ക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ നിന്ന് ശക്തനായ ഒരാളെ രാജ്‌നാഥ് സിംഗിനെതിരെ കൊണ്ടുവന്നാല്‍ മാത്രമേ മത്സരം വാശിയേറിയതാക്കാനാകൂ. അത്തരത്തിലുള്ള മത്സരത്തിന് ഇത്തവണ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളാണ് പ്രതിരോധമന്ത്രിയെന്ന നിലയില്‍ രാജ്‌നാഥ് സിംഗ് നിര്‍വഹിക്കുന്നത്. അയല്‍രാജ്യത്ത് നിന്ന് തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നത് തടയുന്നതിനും വേണ്ട നടപടികള്‍ അദ്ദേഹം സ്വീകരിച്ചുപോരുന്നതായി ബിജെപി വ്യക്തമാക്കുന്നു.

2019 മെയ് 30 മുതല്‍ ഭാരതത്തിന്റെ പ്രതിരോധ വകുപ്പ് മന്ത്രിയാണ് രാജ്‌നാഥ് സിംഗ്. ബിജെപി മുന്‍ദേശീയ അധ്യക്ഷന്‍ കൂടിയാണ്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മിതവാദി നേതാവായാണ് പാര്‍ട്ടിയില്‍ ഇദ്ദേഹം അറിയപ്പെടുന്നത്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്(എബിവിപി) ല്‍ വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയജീവിതത്തിന് തുടക്കമിട്ട അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടി(ബിജെപി) സംസ്ഥാന പ്രസിഡന്റുവരെയായി. 1974 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം ഉത്തര്‍പ്രദേശ് അസംബ്ലിയില്‍ നിന്ന് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1988 ല്‍ ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1991 ല്‍ വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റു.