image

5 April 2024 8:42 AM GMT

Election

നിസാരക്കാരല്ല കേരള എംപിമാര്‍ 17-ാം ലോക്‌സഭയില്‍ പങ്കെടുത്തത് 1566 ചര്‍ച്ചകളില്‍

MyFin Desk

നിസാരക്കാരല്ല കേരള എംപിമാര്‍ 17-ാം ലോക്‌സഭയില്‍ പങ്കെടുത്തത് 1566 ചര്‍ച്ചകളില്‍
X

Summary

  • 267 സംവാദങ്ങളിലാണു എന്‍.കെ.പ്രേമചന്ദ്രന്‍ പങ്കെടുത്തത്
  • കേരളത്തില്‍ നിന്നുള്ള എംപിമാര്‍ 5,672 ചോദ്യങ്ങളാണ് ചോദിച്ചത്
  • 17-ാം ലോക്‌സഭ 274 സിറ്റിംഗുകള്‍ മാത്രമാണ് നടത്തിയത്


കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ (എംപിമാര്‍) പതിനേഴാം ലോക്‌സഭയില്‍ നടത്തിയത് മികച്ച സംവാദങ്ങള്‍.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തത്തോടെ സംവാദങ്ങളെ ഫലപ്രദമായി വിനിയോഗിച്ചത് കേരളത്തില്‍ നിന്നുള്ള എംപിമാരാണ്.

2019 ജൂണിനും 2024 ഫെബ്രുവരിക്കും ഇടയില്‍ സംസ്ഥാനത്ത് നിന്നുള്ള 20 എംപിമാര്‍ ശരാശരി 77 സംവാദങ്ങളില്‍ പങ്കെടുത്തു. ഇവര്‍ക്ക് പിന്നിലായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരാണ് ഉള്ളത്. ശരാശരി 58 സംവാദങ്ങളില്‍ ഇവര്‍ പങ്കെടുത്തു. മഹാരാഷ്ട്ര (56), ജാര്‍ഖണ്ഡ്(54) എന്നിവര്‍ തൊട്ടുപിന്നിലും സ്ഥാനം പിടിച്ചു.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് സമാഹരിച്ച ഡേറ്റയിലാണ് ഇക്കാര്യം പറയുന്നത്.

സര്‍ക്കാര്‍ ബില്ലുകള്‍, ബജറ്റ്, പൊതുതാല്‍പ്പര്യമുള്ള വിവിധ വിഷയങ്ങള്‍ എന്നിവയില്‍ ആകെ 1,566 ചര്‍ച്ചകളില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പങ്കെടുത്തു. ഇക്കാര്യത്തില്‍ കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രനാണ് ഒന്നാം സ്ഥാനത്ത്. 267 സംവാദങ്ങളിലാണു പ്രേമചന്ദ്രന്‍ പങ്കെടുത്തത്.

നൂറിലധികം സംവാദങ്ങളില്‍ പങ്കെടുത്തവരില്‍ ഇനി

പറയുന്നവരാണ്;

കൊടിക്കുന്നില്‍ സുരേഷ് (124),

ഇ.ടി. മുഹമ്മദ് ബഷീര്‍ (102),

ശശി തരൂര്‍ (101),

എഎം ആരിഫ് (113).

17-ാം ലോക്‌സഭയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൊത്തം എംപിമാര്‍ പങ്കെടുത്തത് ശരാശരി 45 സംവാദങ്ങളില്‍.

സംസ്ഥാന തലത്തില്‍, ലോക്‌സഭയില്‍ ചോദിച്ച ചോദ്യങ്ങളുടെ ശരാശരി എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സ്ഥാനം നാലാം സ്ഥാനത്താണ്.

കേരള എംപിമാര്‍ ചോദിച്ചത് ശരാശരി 268 ചോദ്യങ്ങളാണ്. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. അവരുടെ ശരാശരി 370 ആണ്. അതിനു പിന്നിലായി ആന്ധ്രപ്രദേശ് (275), രാജസ്ഥാന്‍ (273) എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരാണ്.

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ 5,672 ചോദ്യങ്ങളാണ് ചോദിച്ചത്. ചോദ്യങ്ങള്‍ ഉന്നയിച്ചവരില്‍ ഒന്നാമന്‍ അടൂര്‍ പ്രകാശാണ്. 388 ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചത്. 386 ചോദ്യങ്ങളുമായി ആന്റോ ആന്റണിയും 343 ചോദ്യങ്ങളുമായി ബെന്നി ബഹ്ന്നാനും 321 ചോദ്യങ്ങളുമായി രമ്യ ഹരിദാസും, 318 ചോദ്യങ്ങളുമായി ഹൈബി ഈഡനും പട്ടികയില്‍ മുന്‍നിര സ്ഥാനങ്ങളിലിടം നേടി.

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നിയമനിര്‍മ്മാണത്തിലും നയരൂപീകരണ പ്രക്രിയയിലും സജീവമായി ഏര്‍പ്പെട്ടിരുന്നുവെങ്കിലും, 17-ാം ലോക്‌സഭ 274 സിറ്റിംഗുകള്‍ മാത്രമാണ് നടത്തിയത്. മുഴുവന്‍ കാലയളവ് പൂര്‍ത്തിയാക്കിയ ഒരു സഭയുടെ ഏറ്റവും കുറഞ്ഞ സിറ്റിംഗ് കൂടിയാണിത്.