22 April 2024 10:00 AM
Summary
സമ്പത്ത് അഞ്ച് വർഷം കൊണ്ട് ഇരട്ടിയായി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വത്ത് വിവരങ്ങൾ പുറത്ത്.
അഞ്ച് വർഷം കൊണ്ട് അമിത് ഷായുടെ സ്വത്ത് ഇരട്ടിയായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ അദ്ദേഹത്തിൻ്റെ ആസ്തി 36 കോടി രൂപയാണ്. നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് ഷായുടെ സ്വത്ത് വിവരങ്ങൾ പുറത്തിറങ്ങിയത്.
20 കോടി രൂപയുടെ ജംഗമ വസ്തുക്കളും 16 കോടിയുടെ സ്ഥാവര വസ്തുക്കളുമാണു സ്വത്തുവിവരങ്ങളില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം 72 ലക്ഷം രൂപയുടെ ആഭരണങ്ങളും സമ്പാദ്യത്തിലുണ്ട്. കൈയില്‍ 24,000 രൂപയാണ് പണമായുള്ളത്.
31 കോടി രൂപയാണ് ഭാര്യ സോണാൽ ഷായുടെ ആസ്തി. 22.46 കോടിയുടെ ജംഗമ ആസ്തികളും ഒമ്പത് കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. ഇതോടൊപ്പം 1.10 കോടിയുടെ ആഭരണങ്ങളുമുണ്ട്. ഇരുവർക്കും 65.67 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ 19നാണ് അമിത് ഷാ പത്രിക സമർപ്പിച്ചത്. കണക്ക് പ്രകാരം അമിത് ഷായുടെയും ഭാര്യ സോനൽ ഷായുടെയും പേരിലുള്ള ആസ്തി 65.67 കോടി രൂപയുടേതാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പത്രികയിൽ ഇത് 30.49 കോടി രൂപയായിരുന്നു. അഞ്ച് വർഷം കൊണ്ട് 100 ശതമാനം വളർച്ചയാണ് സമ്പത്തിൽ ഉണ്ടായിരിക്കുന്നത്.
ഗുജറാത്തിലെ ഗാന്ധിനഗറിലെ സിറ്റിങ് സീറ്റിൽ സ്ഥാനാർഥിയായാണ് അമിത് ഷാ നാമനിർദേശപത്രിക സമർപ്പിച്ചത്.