8 Oct 2024 11:10 AM GMT
Summary
- എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചിരുന്നത് കോണ്‍ഗ്രസിന്റെ ഉജ്വല വിജയം
- ഭരണവിരുദ്ധവികാരം ഉപയോഗപ്പെടുത്താന്‍ ഭൂപീന്ദര്‍ ഹൂഡയ്ക്കും പാര്‍ട്ടിക്കും കഴിഞ്ഞില്ല
- വോട്ടര്‍മാര്‍ ദേശീയ വ്യക്തികളെക്കാള്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ക്കും നേതൃത്വത്തിനും മുന്‍ഗണന നല്‍കുന്നു
തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. ഹരിയാനയില്‍ പാര്‍ട്ടിക്ക് എവിടെയാണ് പിഴച്ചത്? ബിജെപി അവിശ്വസനീയമായ രീതിയില്‍ മുന്നേറിയതെങ്ങനെ? കോണ്‍ഗ്രസിന് ഉത്തരം കിട്ടാത്ത പ്രഹേളികപോലെ ഒരു ഒരു തെരഞ്ഞടുപ്പ്.
എക്‌സിറ്റ്‌പോളുകളെല്ലാം കോണ്‍ഗ്രസിന്റെ ഉജ്വലമായ വിജയമാണ് പ്രവചിച്ചിരുന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരവും പടര്‍ന്നിരുന്നു. കൂടാതെ മൂന്നാം തവണയും തുടര്‍ച്ചയായി അധികാരത്തിലെത്താനുള്ള ശ്രമത്തിനിടെ ബിജെപിക്ക് നാഥന്‍ നഷ്ടപ്പെട്ട അവസ്ഥയായിരിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നു.
പ്രചാരണരംഗത്ത് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ പോലും ഭരണം നേടാമെന്നായിരുന്നു കോണ്‍ഗ്രസ് കരുതിയിരുന്നത്. കോണ്‍ഗ്രസിന്റെ ഈ വിശ്വാസമാണ് തകര്‍ക്കപ്പെട്ടത്.
ബിജെപിയുടെ വിജയം ഇപ്പോഴും കോണ്‍ഗ്രസിന് വിശ്വസിക്കാനായിട്ടില്ല. അതിരുകടന്ന ആത്മവിശ്വാസംകൊണ്ട് ഭൂപീന്ദര്‍ ഹൂഡ അടക്കമുള്ളനേതാക്കള്‍ അല്‍പ്പം മതിമറന്നാണ് പ്രചാരണത്തിന് ഇറങ്ങിയത്. ഈ സമയം ബിജെപി നന്നായി ഉപയോഗപ്പെടുത്തി. കര്‍ഷക സമരക്കാലത്ത് ജനങ്ങള്‍ ബിജെപിക്കെതിരെ അണിനിരന്ന സംസ്ഥാനമാണ് ഹരിയാന. അതിനായാല്‍ അനായാസ വിജയം മാത്രമാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്.
രാഷ്ട്രീയത്തില്‍ എന്തും എപ്പോഴും മാറിമറിയാം എന്നതിന് ഉദാഹരണമാണ് ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം.
അഞ്ച് വര്‍ഷം മുമ്പ് നേടിയതിനേക്കാള്‍ മികച്ച നിലയിലേക്കാണ് ഇപ്പോള്‍ ഹരിയാനയില്‍ ബിജെപി എത്തുന്നത്. 2019 ലെ സംസ്ഥാനതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ പ്രചാരണത്തില്‍ സംഘടനയായ ആര്‍എസ് എസിന് കാര്യമായ പങ്കില്ലായിരുന്നു. കേന്ദ്ര നേതാക്കളുടെ പെരുമാറ്റവും പല പ്രസ്താവനകളും സംഘടനയെ ചൊടിപ്പിച്ചിരുന്നു. അതിന്റെ പ്രതിഫലനമാണ് അന്നുണ്ടായത്. എന്നാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഈ പ്രശ്‌നം രമ്യമായി പരിഹരിച്ചു എന്നുവേണം കരുതാന്‍.
2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ദേശീയ തലത്തില്‍ ആദ്യമായി ഭാരതീയ ജനതാ പാര്‍ട്ടി അധികാരമേറ്റത് മുതല്‍, സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച് ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ പാര്‍ട്ടി അദ്ദേഹത്തിന്റെ വമ്പിച്ച റാലികളെ വളരെയധികം ആശ്രയിച്ചിരുന്നു.
2014-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നടന്ന 10 റാലികളിലൂടെ, ഹരിയാനയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചു. സ്ഥിരമായി ഒറ്റ അക്ക നിയമസഭാ സീറ്റുകള്‍ നേടിയിരുന്ന ഒരു പാര്‍ട്ടിയില്‍ നിന്ന് 47 സീറ്റുകളുമായി ആദ്യമായാണ് ബിജെപി അവിടെ വന്‍ കുതിപ്പ് നടത്തിയത്.
2019ലും ഹരിയാനയില്‍ ബിജെപി മോദിയെ ആശ്രയിച്ചുവെങ്കിലും അന്ന് അദ്ദേഹത്തിന്റെ റാലികള്‍ ആറായി കുറഞ്ഞിരുന്നു. ഇത്തവണ, ഒക്ടോബര്‍ 5 ന് ഹരിയാന തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ്, മോദി ഹരിയാനയില്‍ നാല് റാലികളെ മാത്രമാണ് അഭിസംബോധന ചെയ്തത്. ഇത് ഏവരെയും ബിജെപിയുടെ വിജയത്തില്‍ സംശയാലുക്കളാക്കിയിരുന്നു. അദ്ദേഹത്തിന്റെ റാലികള്‍ കുറയുന്ന പ്രവണത ഹരിയാനയിലെ ബിജെപി പ്രചാരണ തന്ത്രത്തെ രൂപപ്പെടുത്തുന്ന അടിസ്ഥാന ഘടകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി.
സംസ്ഥാനത്ത് പുനരുജ്ജീവിപ്പിക്കപ്പെട്ട് കോണ്‍ഗ്രസില്‍ നിന്നുള്ള വെല്ലുവിളികളും ബിജെപി ഈ അവസരത്തില്‍ നേരിടുന്നുണ്ടായിരുന്നു. ലോക്നീതി-സിഎസ്ഡിഎസ് ഡാറ്റ അനുസരിച്ച്, മോദിയുടെ സാന്നിധ്യം ഗണ്യമായി കുറഞ്ഞ 2014 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, പ്രാദേശിക സ്ഥാനാര്‍ത്ഥികള്‍ ഹരിയാന വോട്ടര്‍മാര്‍ക്കിടയില്‍ മോദിയെക്കാള്‍ പ്രാധാന്യം നേടിയിട്ടുണ്ടെന്നും ഈ പ്രവണത സൂചിപ്പിക്കുന്നു.
ഇപ്പോള്‍, വോട്ടര്‍മാര്‍ ദേശീയ വ്യക്തികളെക്കാള്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ക്കും നേതൃത്വത്തിനും മുന്‍ഗണന നല്‍കുന്നുവെന്ന് ഈ മാറ്റം സൂചിപ്പിക്കുന്നു. ഇത് അടിസ്ഥാന തന്ത്രങ്ങളിലും സാമുദായിക ഇടപെടലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നു. തല്‍ഫലമായി, പ്രാദേശിക നേതാക്കള്‍ക്കുള്ള ഊന്നല്‍ ഹരിയാനയിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ കാര്യമായി സ്വാധീനിച്ചേക്കാം. പ്രാദേശിക പ്രതിനിധികള്‍ വഴി വോട്ടര്‍മാരുമായി ബന്ധപ്പെടാനും പ്രാദേശിക ആശങ്കകള്‍ പരിഹരിക്കാനുമുള്ള ബി.ജെ.പിയുടെ കഴിവ് അതിന്റെ വിജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി.
2001 ഒക്ടോബറില്‍ ഗുജറാത്തില്‍ ബിജെപി സര്‍ക്കാരിനെ നയിക്കുന്നതിന് മുമ്പ്, ഹരിയാനയിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതല മോദിക്കായിരുന്നു. വന്‍ ജനക്കൂട്ടത്തിനും ശക്തമായ വാക്ചാതുര്യത്തിനും പേരുകേട്ട മോദിയുടെ റാലികള്‍, സംസ്ഥാനത്തെ ബിജെപിയിലേക്ക് വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
എന്നാല്‍ ഇത്തവണ തന്ത്രങ്ങള്‍ മാറ്റിയാണ് തെരഞ്ഞെടുപ്പ് കളത്തിലേക്ക് അധികാരത്തിലിരിക്കുന്ന പാര്‍ട്ടി എത്തിയത്. ദേശീയ നേതൃത്വത്തിനു പകരം സംസ്ഥാന നേതൃത്വത്തിന് കൂടുതല്‍ പ്രാധാന്യം കൈവന്നു. കൂടാതെ സംഘടനാതലത്തില്‍ ആര്‍ എസ് എസ് പാര്‍ട്ടിയെ സഹായിക്കാനിറങ്ങി. വോട്ടര്‍മാരെ നേരിട്ടു കണ്ട് സംസാരിച്ചു. അവരുടെ ആശങ്കകള്‍ നീക്കി. പുതിയ സഹായ സഹായഹസ്തം ജനങ്ങളിലേക്ക് നേരിട്ട് എത്തി. അവരെ പാര്‍ട്ടി വിശ്വാസത്തിലെടുത്തു.
എന്നാല്‍ വിജയം ഉറപ്പിച്ച കോണ്‍ഗ്രസ് കളത്തിലെ പ്രചാരണക്കൊഴുപ്പില്‍ ഒന്ന് മതിമറന്നു. ഹൂഡ മുഖ്യമന്ത്രിക്കസേര ഉറപ്പിച്ച് ജനങ്ങളെ കാണാനിറങ്ങി. ഇവിടെയാണ് കോണ്‍ഗ്രസിന് പിഴച്ചത്. ബിജെപിയുടെ നിശബ്ദ പ്രചാരണം ഏതുവഴിക്ക് എന്ന് അവരാലോചിച്ചില്ല, അതിനായി ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിച്ചില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചില്ലെങ്കിലും ജനം ബിജെപിയെ പുറത്താക്കിക്കൊള്ളും എന്നതായിരുന്നു പല നേതാക്കളുടെയും ധാരണ. ഇതിനാണ് കനത്ത പ്രഹരമേറ്റത്.
ഹരിയാനയിലെ ജാതിവിഭാഗങ്ങളില്‍ ഉണ്ടായ സംശയങ്ങളും ആശങ്കകളും ബിജെപിക്ക് വോട്ടായി തീര്‍ന്നു. ഭൂരിപക്ഷ വിഭാഗമായ ജാട്ട് വംശജരെ തൃപ്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചത് മറ്റ് വിഭാഗങ്ങളുടെ അതൃപ്തിക്ക് കാരണമായി. ജാട്ട് വിഭാഗത്തെ തൃപ്തരാക്കിയാല്‍ ഭരണം നേടാം എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടിയത്. അതും തിരിച്ചടിയായി.
ബിജെപി നേതാക്കള്‍ക്ക് പുതിയ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിത്തിച്ചു. ഭരണത്തില്‍ എത്തിയാല്‍ അതിനു സമാനമായവ നടപ്പാക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.
എല്ലാറ്റിലുമപരി സംസ്ഥാനത്ത് പാര്‍ട്ടിയുടെ ദൗര്‍ബല്യം എന്തെന്ന് തിരിച്ചറിയാന്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ക്കായില്ല. അതും ബിജെപിയെ വിജയിത്തിലെത്തിക്കുന്നതില്‍ ഒരു പങ്കുവഹിച്ചു.