image

13 May 2023 7:30 AM GMT

News

അറ്റാദായത്തിൽ 49 ശതമാനം വർധന; ആയിരം കോടി നിക്ഷേപം ലക്ഷ്യമിട്ട് ഐഷര്‍

MyFin Desk

അറ്റാദായത്തിൽ 49 ശതമാനം വർധന; ആയിരം കോടി നിക്ഷേപം ലക്ഷ്യമിട്ട് ഐഷര്‍
X

Summary

  • റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പന വര്‍ധിച്ചത് 18 ശതമാനം
  • കയറ്റുമതിയിലും കമ്പനി കാഴ്ചവെച്ചത് മികച്ച പ്രകടനം
  • റോയല്‍ എന്‍ഫീല്‍ഡ് വൈദ്യുതവാഹനങ്ങള്‍ പുറത്തിറക്കും


ന്യൂഡെല്‍ഹി: മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 49ശതമാനം വര്‍ദ്ധിച്ച് 906 കോടി രൂപയായതായി ഐഷര്‍ മോട്ടോഴ്സ് അറിയിച്ചു. ആഭ്യന്തര, ആഗോള വിപണികളിലെ മികച്ച വില്‍പ്പനയുടെ പശ്ചാത്തലത്തിലാണ് വര്‍ധനവ് ഉണ്ടായത്.

മുന്‍ വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 610 കോടിരൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം മോട്ടോര്‍ സൈക്കിള്‍ ബിസിനസ് രംഗത്ത് ആയിരം കോടി വകയിരുത്തിയതായും കമ്പനി അറിയിച്ചു.

കഴിഞ്ഞവര്‍ഷത്തെ നാലാം പാദത്തിലെ മൊത്തം പ്രവര്‍ത്തനവരുമാനം 3,193 കോടി രൂപയായിരുന്നു. ഇത് ഈ വര്ഷം ഇതേ കാലയളവിൽ 3,804 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

ഐഷര്‍ മോട്ടോഴ്സിന്റെ ഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പന 18 ശതമാനം വര്‍ധിച്ചു. 2,14,685 മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പനയാണ് ഈ കാലയളവില്‍ നടന്നത്.കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 1,82,125 മോട്ടോര്‍ സൈക്കിളുകളാണ് വിറ്റത്.

2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ ഏകീകൃത അറ്റാദായം 2,914 കോടി രൂപയായിഉയര്‍ന്നു.മുന്‍വര്‍ഷത്തില്‍ ഇത് 1,677 കോടിരൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായി 14,442 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷത്തില്‍ ഇത് 10,298 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം, റോയല്‍ എന്‍ഫീല്‍ഡ് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് നടത്തിയത്. 2022 സാമ്പത്തിക വര്‍ഷത്തിലെ 6,02,268 യൂണിറ്റുകള്‍ എന്നനിലയില്‍ നിന്ന് വില്‍പ്പന 8,34,895 ആയി ഉയര്‍ന്നു. 38 ശതമാനം വര്‍ധനവാണ് ഈ രംഗത്ത് ഉണ്ടായത്.

കയറ്റുമതി രംഗത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി പുതിയ തലത്തിലെത്തി. ആദ്യമായി ഒരുലക്ഷം യൂണിറ്റുകള്‍ എന്ന നാഴികക്കല്ലാണ് കമ്പനി മറികടന്നത്.

2023-24 വര്‍ഷത്തേക്ക് 1,000 കോടി രൂപയുടെ ധനവിനിയോഗത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായും ഐഷര്‍ പറഞ്ഞു. വൈദ്യുത വാഹന നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിനും ഉല്‍പ്പന്ന വികസനത്തിനും ഈ തുക വിനിയോഗിക്കും.

വോള്‍വോ ഗ്രൂപ്പിന്റെയും ഐഷര്‍ മോട്ടോഴ്സിന്റെയും സംയുക്ത സംരംഭമായ വിഇ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് (വിഇസിവി) നായി നടപ്പ് സാമ്പത്തിക വര്‍ഷം 750 കോടി രൂപയുടെ തുകയാണ് വകയിരുത്തിയത്.

റോയല്‍ എന്‍ഫീല്‍ഡിലും വിഇ കൊമേഴ്സ്യല്‍ വാഹനങ്ങളിലും എക്കാലത്തെയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതായി ഐഷര്‍ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ ലാല്‍ പറയുന്നു. വിതരണ ശൃംഖലകളും, വിപണികളും സ്ഥിരത നിലനിര്‍ത്തുകയും ചെയ്തു.

ഐഷര്‍ മോട്ടോഴ്സ് അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ്.വ്യത്യസ്തമായ ഇലക്ട്രിക് ബൈക്കുകള്‍ സൃഷ്ടിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹംഅറിയിച്ചു. റോയല്‍ എന്‍ഫീല്‍ഡ് ഇവികള്‍ പുറത്തിറക്കുന്നതിനായി ചെന്നൈയ്ക്ക് സമീപമുള്ള നിലവിലുള്ള പ്ലാന്റില്‍ സ്തലം കണ്ടെത്തിയിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ്, വിഇസിവി ബിസിനസ്സുകളില്‍ കമ്പനി 33,000 കോടി രൂപയുടെ വരുമാനം നേടിയതായി അദ്ദേഹം പറഞ്ഞു. ഇത് കമ്പനിയുടെ വളര്‍ച്ചക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുമെന്നും സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞു.

അടുത്ത 18-24 മാസത്തിനുള്ളില്‍ കമ്പനി പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് സിഇഒ ബി ഗോവിന്ദരാജന്‍ അറിയിച്ചിട്ടുണ്ട്.

2023 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍, വിഇസിവി അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വരുമാനം 6,200 കോടി നേടുകയും ചെയ്തു. മുന്‍ വര്‍ഷത്തില്‍ നിന്ന് 44 ശതമാനം വളര്‍ച്ചയാണ് കമ്പനി ഇവിടെ നേടിയത്.

നികുതിക്ക് ശേഷമുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 99 കോടി രൂപയില്‍ നിന്ന് 319 കോടി രൂപയായി. ഈ പാദത്തില്‍, വിഇസിവി എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വില്‍പ്പന നടത്തി; 26,376 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 37 രൂപ നിരക്കില്‍ 1,011.88 കോടി രൂപയായി അന്തിമ ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തതായും കമ്പനി അറിയിച്ചു.