3 May 2024 6:30 AM
Summary
- പിടിച്ചെടുത്ത ക്രിപ്‌റ്റോ ആസ്തികള്‍ ഇഡിയുടെ ക്രിപ്‌റ്റോ വാലറ്റിലേക്ക് മാറ്റി
- ആപ്പ് വഴി യൂസര്‍മാരില്‍ നിന്ന് ഉയര്‍ന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചിരുന്നു
- കേസുമായി ബന്ധപ്പെട്ട് മൊത്തം 163 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്
ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പായ 'ഇ-നഗറ്റ് ' നെതിരേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തില്‍ 90 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു.
ഏപ്രില്‍ 30-ന് ബിനാന്‍സ്, സെബ് പേ, വസീര്‍ എക്‌സ് എന്നിവയുള്‍പ്പെടെയുള്ള എക്‌സ്‌ചേഞ്ചുകളുടെ ക്രിപ്‌റ്റോകറന്‍സി വാലറ്റുകളില്‍ നിന്നാണ് 90 കോടി പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ക്രിപ്‌റ്റോ ആസ്തികള്‍ ഇഡിയുടെ ക്രിപ്‌റ്റോ വാലറ്റിലേക്ക് മാറ്റുകയും ചെയ്തു.
ഒരു ഗെയിമിംഗ് ആപ്പ് എന്ന വ്യാജേനയാണ് ' ഇ-നഗറ്റ് ' പൊതുജനമധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. പക്ഷേ, ഈ ആപ്പ് വഴി യൂസര്‍മാരില്‍ നിന്ന് ഉയര്‍ന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാല്‍ നിക്ഷേപം നടത്തിയ പലര്‍ക്കും പിന്നീട് പണം നഷ്ടപ്പെടുകയും ചെയ്തു. പൊതുജനങ്ങളില്‍ നിന്നും ഇ-നഗറ്റ് നിക്ഷേപമായി സ്വീകരിച്ച പണത്തിന്റെ ഒരു ഭാഗം ഡിജിറ്റല്‍ ആസ്തികളിലാണു നിക്ഷേപിച്ചിരുന്നത്.
ആപ്പ് നിയമവിരുദ്ധമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് 2022-ലാണ് ഇഡി വെളിപ്പെടുത്തിയത്.
ഈ കേസുമായി ബന്ധപ്പെട്ട് മൊത്തം 163 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.