7 Nov 2024 3:28 PM GMT
വിദേശ നാണ്യ വിനിമയ നിയമത്തിന്‍റെ ലംഘനം ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇ-കൊമേഴ്സ് പ്ലാറ്റഫോമുകളിൽ ഇഡി പരിശോധന നടത്തിയതായി റിപ്പോർട്ട്. ആമസോൺ, ഫ്ലിപ്‌കാർട്ട് എന്നിവയുമായി ബന്ധപ്പെട്ട ഓഫിസുകളിലാണ് ഇഡി പരിശോധന നടന്നത്. ഡൽഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു എന്നിങ്ങനെ 19 ഇടങ്ങളിൽ പരിശോധന നടന്നതായാണ് റിപ്പോർട്ട്.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്‍റെ (ഫെമ) ലംഘനം നടന്നതായി ബന്ധപ്പെട്ട് 2019 തന്നെ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രാജ്യവ്യാപക പരിശോധനയെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഫ്ലിപ്പ്കാർട്ട് പ്രതികരിച്ചിറ്റില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും ബിസിനസ്സ് നടത്തുന്ന ചില 'ഇഷ്ടപ്പെട്ട' കച്ചവടക്കാരും വിൽപ്പനക്കാരും നടത്തുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് റെയ്ഡ് സംബന്ധിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.