8 Nov 2023 6:55 AM
Summary
- അന്വേഷണത്തില്‍ 100കോടിയുടെ തട്ടിപ്പ് ബാങ്കില്‍ കണ്ടെത്തിയിരുന്നു
- 50ല്‍അധികം നിക്ഷേപകര്‍ പോലീസില്‍ നല്‍കിയിട്ടുണ്ട്
കരുവന്നൂരിനു പിന്നാലെ തിരുവനന്തപുരത്ത് കണ്ടല സഹകരണ ബാങ്കിലും ഉദ്യോഗസ്ഥരുടെ വസതികളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ബുധനാഴ്ച പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. സിപിഎം ഭരണത്തിലുള്ള ബാങ്കില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ബാങ്കില്‍ 100കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 50ല്‍അധികം നിക്ഷേപകര്‍ ഇതിനകം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ ആരോപിച്ചു. ഇതിനിടയിലാണ് ഇഡിയുടെ ഇടപെടല്‍.
ലഭ്യമായ വിവരമനുസരിച്ച് പുലര്‍ച്ചെ 5 മണിയോടെ പരിശോധന ആരംഭിച്ചു. ഉദ്യോഗസ്ഥരുടെയും മുന്‍ ഉദ്യോഗസ്ഥരുടെയും വസതികള്‍ ഇതില്‍ ഉള്‍പ്പെടും.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ വായ്പാ തട്ടിപ്പില്‍ ഇഡിയുടെ ഇടപെടലും തുടര്‍ന്ന് അഴിമതി സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളും സംസ്ഥാനത്തെ സഹകരണമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കെയാണ് പുതിയ നടപടി ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ ഏജന്‍സി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
അതേസമയം കേന്ദ്രസര്‍ക്കാര്‍ഡ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു. പുതിയ നിയമനിര്‍മ്മാണത്തിലൂടെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സംസ്ഥാനം ആരോപിക്കുന്നു. അടുത്തിടെ ലോക്സഭ പാസാക്കിയ മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ഭേദഗതി) ബില്ലിനെയും സംസ്ഥാനം എതിര്‍ക്കുന്നുണ്ട്.