27 Oct 2023 11:48 AM IST
Summary
- കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി
- ഇടപാടുകാരുടെ ഓഹരി പണയപ്പെടുത്തി വായ്പ നേടി
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് കമ്പനി ആയ കാര്‍വിഗ്രൂപ്പിന്റെ 134.02 കോടി രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) താല്‍ക്കാലികമായി കണ്ടുകെട്ടി.
കെഫിന്‍ ടെക്നോളജീസ് ലിമിറ്റഡിന്റെ (കെഫിന്‍ടെക്) 1,000 നോണ്‍-കണ്‍വേര്‍ട്ടിബിള്‍ റിഡീമബിള്‍ പ്രിഫറന്‍സ് ഷെയറുകളുടെ രൂപത്തില്‍ 134.02 കോടി മൂല്യമുള്ള കള്ളപ്പണം വെളുപ്പിച്ചതായാണ് കേസ്. ഈ കേസിലെ മൊത്തം അറ്റാച്ചമെന്റ് 2,229.56 കോടി രൂപയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗ് ലിമിറ്റഡിന്റെ (കെഎസ്ബിഎല്‍) സിഎംഡി ആയിരുന്ന സി. പാര്‍ത്ഥസാരഥിയുടെ മകന്‍ അധിരാജ് പാര്‍ത്ഥസാരഥിയുടെ പേരിലാണ് ഓഹരികള്‍.
ഇടപാടുകാരുടെ 2800 കോടിയോളം രൂപയുടെ ഓഹരികള്‍ അനധികൃതമായി പണയപ്പെടുത്തി കെഎസ്ബിഎല്‍ വായ്പ നേടിയെന്നും പിന്നീട് വായ്പ തിരിച്ചടച്ചില്ലന്നും, ഇത് പിന്നീട് നിഷ്‌ക്രിയ ആസ്തികളായും (എന്‍പിഎ) തട്ടിപ്പ് അക്കൗണ്ടുകളായും പ്രഖ്യാപിച്ചു എന്ന കുറ്റം ചുമത്തി ഹൈദരാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചതു.
തുടര്‍ന്ന്, വായ്പാ ഫണ്ടുകള്‍ കര്‍വി ഡാറ്റാ മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡ്, കാര്‍വി റിയല്‍റ്റി ഇന്ത്യ ലിമിറ്റഡ് മുതലായവയിലേക്ക് തിരിച്ചുവിട്ടു എന്നും പോലീസ് പറയുന്നു, കൂടാതെ വകമാറ്റിയ ലോണ്‍ ഫണ്ടുകള്‍ ഒന്നിലധികം പ്രവര്‍ത്തനരഹിതമായ എന്‍ബിഎഫ്സികള്‍ വഴി കാര്‍വി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലേക്ക് വഴിതിരിച്ചുവിട്ടു.
2017 ഓഗസ്റ്റ് 3-ലെ ഷെയര്‍ഹോള്‍ഡേഴ്സ് എഗ്രിമെന്റ് പ്രകാരം മുന്‍കൂട്ടി നിശ്ചയിച്ച വിലയ്ക്ക് എം/എസ് കെഫിന്‍ ടെക്നോളജീസ് ലിമിറ്റഡിന്റെ അധിക ഇക്വിറ്റി ഓഹരികള്‍ സബ്സ്‌ക്രൈബ് ചെയ്യാന്‍ സി.പാര്‍ത്ഥസാരഥിക്ക് പ്രത്യേക അവകാശങ്ങള്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ ഇഡി വെളിപ്പെടുത്തി. ഷെയര്‍ഹോള്‍ഡര്‍മാരുടെ ഉടമ്പടി അവസാനിപ്പിക്കുന്നതിനും അത്തരം എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്നതിനുമായി, 2021 ഒക്ടോബര്‍ 25-ന് , കെഫിന്‍ടെക്, അധിരാജ് പാര്‍ത്ഥസാരഥിയുടെ പേരില്‍ 1000 നോണ്‍-കണ്‍വേര്‍ട്ടിബിള്‍ റിഡീമബിള്‍ പ്രിഫറന്‍സ് ഷെയറുകള്‍ അനുവദിച്ചു. യഥാര്‍ത്ഥ റിഡീംഷന്‍ ഫീസ് 164 കോടിയായിരുന്നു. എന്നാല്‍, തുക 30കോടിയായി കുറച്ചു. കെഎസ്ബിഎല്‍, കാര്‍വി കണ്‍സല്‍റ്റന്റ്‌സ് എന്നിവയുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിന്റെ ചില അനധികൃത കൈമാറ്റങ്ങളും കണ്ടെത്തി.