17 Jun 2023 11:32 AM
ചൈനീസ് കറന്‍സി യുവാന്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ഉഭയകക്ഷി വ്യാപാരങ്ങള്‍ പലതും യുവാനിലേക്ക് മാറുകയാണ്. ആഗോളതലത്തില്‍ പൊതുവേ ശക്തമായ ഡോളറിനെ ഒഴിവാക്കുന്ന ഒരു പ്രവണത ഉയരുന്നുണ്ട്. ഇതിനനുബന്ധമായി കൂട്ടിവായിവായിക്കാവുന്നതാണ് ചൈനയും ബ്രസീലും തമ്മിലുള്ള പരുത്തി വ്യാപാരം.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈനയിലേക്കുള്ള ബ്രസീലിയന്‍ പരുത്തിയുടെ കയറ്റുമതി അളവ് യുഎസിനെ മറികടക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ വലിയ ഓര്‍ഡറുകളുടെ വ്യാപാരം യുവാനിലൂടെ ആയിരിക്കുമെന്ന് ബ്രസീലിയന്‍ കോട്ടണ്‍ ഗ്രോവേഴ്സ് അസോസിയേഷനിലെ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ മാര്‍സെലോ ഡുവാര്‍ട്ടെ മോണ്ടെറോ പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളില്‍, ബ്രസീലിയന്‍ പരുത്തി അതിന്റെ ഗുണനിലവാരം കാരണം ചൈനീസ് വിപണിയില്‍ വലിയ പങ്ക് നേടുന്നുണ്ടെന്ന് മാര്‍സെലോ പറഞ്ഞു.
ദക്ഷിണ ചൈനയിലെ ഗ്വാങ്സി ഷുവാങ് സ്വയംഭരണ പ്രദേശമായ ഗ്വിലിനില്‍ ആരംഭിച്ച 2023 ലെ ചൈന ഇന്റര്‍നാഷണല്‍ കോട്ടണ്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. നിലവില്‍, ചൈനയുടെ മൊത്തം പരുത്തി ഇറക്കുമതിയുടെ 30 ശതമാനവും ബ്രസീലില്‍ നിന്നാണ്. അഞ്ച് വര്‍ഷം മുമ്പ് ഇത് 10 ശതമാനത്തില്‍ താഴെയായിരുന്നു.
ഭാവിയില്‍ ചൈനയിലേക്കുള്ള പരുത്തി കയറ്റുമതിയുടെ ഭൂരിഭാഗവും ബ്രസീലില്‍ നിന്നായിരിക്കുമെന്ന് മാര്‍സെലോ അഭിപ്രായപ്പെട്ടു.
ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ബ്രസീലിന് ധാരാളം സ്ഥലമുണ്ട്. കൂടാതെ വിളവ് ഉയര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ബ്രസീലില്‍ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ കുറവാണ് എന്നത് നേട്ടമാണ്.
ലോകത്തെ പരുത്തി നിര്‍മ്മാതാക്കളില്‍ മുന്‍പന്തിയില്‍ ചൈന തന്നെയാണ്. അവരുടെ വാര്‍ഷിക ഉപഭോഗം എട്ട് ദശലക്ഷം ടണ്‍ പരുത്തിയാണ്. ചൈന ഓരോ വര്‍ഷവും ആറ് ദശലക്ഷം ടണ്‍ പരുത്തിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ശേഷിക്കുന്നതിനായി ഇറക്കുമതിയെ ആശ്രയിക്കുന്നു.
കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആദ്യ നാല് മാസങ്ങളില്‍ ചൈന 382,000 ടണ്‍ പരുത്തി ഇറക്കുമതി ചെയ്തു. ഇതില്‍ യുഎസ് പരുത്തിയുടെ വിഹിതം 52.22 ശതമാനവും ബ്രസീലിയന്‍ ഇറക്കുമതി 31.53 ശതമാനവുമാണ്.
യുവാന്‍ സെറ്റില്‍മെന്റുമായി ബന്ധപ്പെട്ട്, പരുത്തി വ്യാപാരം ഇതുവരെ ചൈനീസ് കറന്‍സിയില്‍ തീര്‍പ്പാക്കിയിട്ടില്ലെന്നും ഭാവിയില്‍ സംഭിവിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്താക്കി. ഏപ്രിലില്‍, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരത്തിനായി ഒരു കറന്‍സി സൃഷ്ടിക്കുന്നതിനെ പിന്തുണച്ചിരുന്നു.
മാര്‍ച്ചില്‍, ചൈനയും ബ്രസീലും തങ്ങളുടെ സ്വന്തം കറന്‍സികളില്‍ വ്യാപാരം ചെയ്യുന്നതിനുള്ള ഒരു കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ബ്രസീലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും സോയാബീനും പരുത്തിയും ഉള്‍പ്പെടെ വിവിധ ബ്രസീലിയന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രധാന വിപണിയുമാണ് ചൈന. ഏപ്രിലില്‍, ലുല ഡ സില്‍വ ചൈന സന്ദര്‍ശിച്ചു, കാര്‍ഷിക മേഖലയില്‍ നിന്നുള്ള 90 പേര്‍ ഉള്‍പ്പെടെ 200-ലധികം ബിസിനസ് പ്രതിനിധികളുടെ പ്രതിനിധി സംഘവും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.