image

16 Jun 2023 11:38 AM GMT

Economy

ബില്‍ ഗേറ്റ്‌സ് ചൈനയില്‍; ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച

MyFin Desk

bill gates meets xi jinping in china
X

Summary

  • ചൈനക്ക് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ 50 മില്യണ്‍ ഡോളര്‍ നല്‍കും
  • ഗേറ്റ്‌സ് പഴയ സുഹൃത്തെന്ന് ഷി ജിന്‍പിംഗ്
  • യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ബെയ്ജിംഗിലേക്ക്


മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് കൂടിക്കാഴ്ച നടത്തി. രോഗത്തിനെതിരെ പോരാടാനുള്ള ചൈനീസ് ശ്രമങ്ങളെ സഹായിക്കാന്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്റെ ഫൗണ്ടേഷന്‍ 50 മില്യണ്‍ ഡോളര്‍ കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു. അതേസമയം എല്ലായ്‌പ്പോഴും അമേരിക്കന്‍ ജനതയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നതായി ഷി പറഞ്ഞു.

ചൈന-യുഎസ് ബന്ധത്തിന്റെ അടിസ്ഥാനം ജനങ്ങളുമായാണെന്നും ശാശ്വതമായ സൗഹൃദം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ബെയ്ജിംഗില്‍ കണ്ടുമുട്ടിയ ആദ്യത്തെ അമേരിക്കന്‍ സുഹൃത്ത് നിങ്ങളാണെന്നും 'ചൈനയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ നിരവധി നല്ലകാര്യങ്ങള്‍ ചെയ്ത ആളാണ് ഗേറ്റസെന്നും നിങ്ങള്‍ തങ്ങളുടെ പഴയ സുഹൃത്താണെന്നും ചൈനീസ് പ്രസിഡന്റ് ഗേറ്റ്‌സിനോട് പറഞ്ഞു.

ഷിയുമായി കണ്ടുമുട്ടാന്‍ അവസരം ലഭിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണെന്നും ഗേറ്റ്‌സ് പറഞ്ഞു. ഷിയുമായി എല്ലായ്‌പ്പോഴും മികച്ച സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ ചര്‍ച്ചയ്ക്ക് നിരവധി വിഷയങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ചൈനയില്‍ വരാന്‍ കഴിയാത്തതിലുള്ള നിരാശയും ഗേറ്റ്‌സ് പ്രകടിപ്പിച്ചു. ഇപ്പോഴുള്ള വരവ് അവേശകരണമാണെന്നും അദ്ദേഹം വിശദീകരിച്ചു.

കോവിഡ് -19 പാന്‍ഡെമിക്കിനെ നേരിടാനും ലോകത്തിന് ഒരു നല്ല മാതൃക സൃഷ്ടിക്കാനും ഉള്ള ചൈനീസ് ശ്രമങ്ങളെ ഗേറ്റ്‌സ് പ്രശംസിച്ചതായി സ്റ്റേറ്റ് മീഡിയ വിശദീകരിച്ചു. മലേറിയ, ക്ഷയരോഗം എന്നിവയ്ക്കെതിരെ പോരാടാനുള്ള ചൈനീസ് ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ 50 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചത്.

അതിനുശേഷമായിരുന്നു ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച.

ഗ്ലോബല്‍ ഹെല്‍ത്ത് ഡ്രഗ് ഡിസ്‌കവറി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരണം പുതുക്കുമെന്ന് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗേറ്റ്‌സ്, ബീജിംഗ് മുനിസിപ്പല്‍ ഗവണ്‍മെന്റ്, സിംഗ്വാ യൂണിവേഴ്‌സിറ്റി എന്നിവ ചേര്‍ന്ന് രൂപീകരിച്ച ബീജിംഗ് ആസ്ഥാനമായുള്ള ഗ്രൂപ്പ് ആണ് ഇത്.

ലോകത്തിലെ ഏറ്റവും ദരിദ്രരെ ബാധിക്കുന്ന ക്ഷയം, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കുള്ള ജീവന്‍രക്ഷാ ചികിത്സകളില്‍ ലോകമെമ്പാടുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ഫൗണ്ടേഷന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഗേറ്റ്‌സ് നടത്തിയ പ്രഭാഷണത്തില്‍ ചൈനയ്ക്കുള്ളില്‍ ദാരിദ്ര്യം കുറയ്ക്കുന്നതിലും ആരോഗ്യ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ബെയ്ജിംഗ് ഗണ്യമായ നേട്ടം കൈവരിച്ചതായി പറഞ്ഞു.

നിലവിലെ വെല്ലുവിളികള്‍, പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ചൈനയ്ക്ക് ഇതിലും വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നാലു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഗേറ്റ്സ് ചൈനയിലെത്തുന്നത്. മൂന്ന് വര്‍ഷത്തോളം ലോകത്തില്‍ നിന്ന് ഏറെക്കുറെ അടച്ചുപൂട്ടിയ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ രാജ്യം അവസാനിപ്പിച്ചതിന് ശേഷം ചൈന സന്ദര്‍ശിക്കുന്ന നിരവധി പാശ്ചാത്യ ബിസിനസ് നേതാക്കളില്‍ ഒരാളാണ് ഗേറ്റ്സ്.

ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അടുത്ത ആഴ്ച ചൈനയിലേക്ക് പോകാനിരിക്കെയാണ് ഗേറ്റ്‌സ് ബെയ്ജിംഗിലെത്തിയത്.

വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും ബ്ലിങ്കന്‍ ചര്‍ച്ചകള്‍ നടത്തും. ചിലപ്പോള്‍ ഷി ജിന്‍പിംഗുമായും കൂടിക്കാഴ്ച നടത്തിയേക്കും.സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റോ ചൈനീസ് വിദേശകാര്യ മന്ത്രാലയമോ ഇതുവരെ യാത്ര സ്ഥിരീകരിച്ചിട്ടില്ല.

ഇരു രാജ്യങ്ങളും ഇന്ന് വ്യാപാര സംഘര്‍ഷത്തിലാണ്. അത് ഒഴിവാക്കാനുള്ള വഴികള്‍ ആയിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളില്‍ ഒന്ന്.