image

16 Oct 2023 7:53 AM GMT

Economy

തുടര്‍ച്ചയായ ആറാം മാസത്തിലും മൊത്തവില പണപ്പെരുപ്പം നെഗറ്റിവ്

MyFin Desk

headline inflation negative for sixth consecutive month
X

Summary

  • പച്ചക്കറി ഒഴികെയുള്ള ഭക്ഷ്യവസ്തുക്കളുടെ സൂചിക ഉയര്‍ന്നു
  • തക്കാളിയുടെ മൊത്ത വിലയില്‍ വലിയ ഇടിവ്


ഇന്ത്യയുടെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) തുടര്‍ച്ചയായ ആറാം മാസത്തിലും നെഗറ്റിവ് തലത്തില്‍. സെപ്റ്റംബറില്‍ -0.26 ശതമാനമെന്ന് ഡബ്ല്യുപിഐ എന്ന് വാണിജ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. തുടര്‍ച്ചയായി പണച്ചുരുക്കം രേഖപ്പെടുത്തുന്നതില്‍ നിന്ന് മാറി സെപ്റ്റംബറില്‍ 0.7 ശതമാനമായി ഡബ്ല്യുപിഐ ഉയരുമെന്നാണ് ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും വിലയിരുത്തിയിരുന്നത്. ഡബ്ല്യുപിഐ 2023 ഓഗസ്റ്റിൽ -0.52 ശതമാനവും 2022 സെപ്റ്റംബറിൽ 10.55 ശതമാനവും ആയിരുന്നു.

ജൂലൈയില്‍ 15 മാസത്തെ ഉയർന്ന നിരക്കായ 7.44 ശതമാനത്തിൽ എത്തിയ റീട്ടെയില്‍ പണപ്പെരുപ്പം അവിടെ നിന്ന് 242 ബേസിസ് പോയിൻറ് ഇടിഞ്ഞ് സെപ്തംബറിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.02 ശതമാനത്തിലേക്ക് എത്തിയെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ഒക്ടോബർ 12ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ കാലയളവിൽ, ഡബ്ല്യുപിഐ 97 ബേസിസ് പോയിന്റ് ഉയർന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

സെപ്തംബറിൽ, ഡബ്ല്യുപിഐ ഭക്ഷ്യ സൂചിക മുന്‍മാസത്തെ അപേക്ഷിച്ച് 4.46 ശതമാനം കുറഞ്ഞു, തക്കാളി വില കുത്തനെ ഇടിഞ്ഞതിനാൽ ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 1.38 ശതമാനം ഇടിവിന്‍റെ തുടര്‍ച്ചയാണിത് . തക്കാളിയുടെ സൂചിക ജൂൺ, ജൂലൈ മാസങ്ങളിൽ പ്രതിമാസ അടിസ്ഥാനത്തില്‍ യഥാക്രമം 56 ശതമാനവും 318 ശതമാവും ഉയർന്നിരുന്നു. അതിനു ശേഷം ഓഗസ്റ്റിൽ 22 ശതമാനവും സെപ്റ്റംബറിൽ 73 ശതമാനവും ഇടിവ് പ്രകടമാക്കി. സെപ്റ്റംബറിൽ പച്ചക്കറികളുടെ മൊത്തത്തിലുള്ള സൂചിക 37 ശതമാനം കുറഞ്ഞു.

എന്നിരുന്നാലും, ധാന്യങ്ങൾ (1 ശതമാനം), പയറുവർഗ്ഗങ്ങൾ (6 ശതമാനം), പഴങ്ങൾ (5 ശതമാനം), പാൽ (0.7 ശതമാനം) എന്നിങ്ങനെ ഏതാണ്ട് മറ്റെല്ലാ ഭക്ഷ്യവിഭാഗങ്ങളിലും മുന്‍ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ വില ഉയര്‍ന്നു. കൂടാതെ ഡബ്ല്യുപിഐയുടെ ഇന്ധന-വൈദ്യുതി സൂചിക 2 ശതമാനത്തിലധികം പ്രതിമാസ ഉയര്‍ച്ച പ്രകടമാക്കി. ഡബ്ല്യുപിഐ-യുടെ എകദേശം മൂന്നില്‍ രണ്ട് ഭാഗത്തെ ഉള്‍ക്കൊള്ളുന്ന മാനുഫാക്ചറിംഗ് ഉല്‍പ്പന്നങ്ങളുടെ സൂചിക സെപ്റ്റംബറിൽ തുടർച്ചയായി രണ്ടാം മാസവും തുടർച്ചയായി ഉയർന്നു. അടിസ്ഥാന ലോഹങ്ങൾക്കാണ് വില സമ്മർദ്ദം ഏറ്റവുമധികം പ്രകടമാകുന്നത്.