image

14 Dec 2023 1:25 PM GMT

Economy

ഭക്ഷ്യവിലക്കയറ്റത്തിൽ കുതിച്ച് മൊത്തവില സൂചിക, 8 മാസത്തെ ഉയർന്ന നിലയിൽ

MyFin Desk

wpi inflation at eight-month high
X

Summary

  • ഭക്ഷ്യവസ്തുക്കള്‍, ധാതുക്കള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവയുടെ വിലവര്‍ധന വര്‍ധനവിന് കാരണം
  • ഉള്ളിയുടെ പണപ്പെരുപ്പം നവംബറില്‍ 101.24 ശതമാനം
  • പണപ്പെരുപ്പത്തെ ഭക്ഷ്യവിലകള്‍ സ്വാധീനിക്കുന്നു


മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള സൂചിക ( ഹോൾസെയിൽ പ്രൈസ് ഇൻഡക്സ്) നവംബറില്‍ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 0.26 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഏപ്രില്‍ മുതല്‍ കഴിഞ്ഞ ഏഴ് മാസമായി ഡബ്ല്യുപിഐ നെഗറ്റീവ് ആയിരുന്നു. ഇത് ഒക്ടോബറില്‍ (-)0.52 ശതമാനമായിരുന്നു. അവസാനത്തെ പോസിറ്റീവ് മൊത്തവില സൂചിക മാര്‍ച്ച് മാസത്തിലായിരുന്നു.

ഭക്ഷ്യവസ്തുക്കള്‍, ധാതുക്കള്‍, യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, ഒപ്റ്റിക്കല്‍ ഉല്‍പ്പന്നങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍, മറ്റ് ഗതാഗത ഉപകരണങ്ങള്‍, മറ്റ് ഉല്‍പ്പാദനം തുടങ്ങിയവയുടെ വില വര്‍ധിച്ചതാണ് 2023 നവംബറിലെ പോസിറ്റീവ് പണപ്പെരുപ്പ നിരക്കിന് കാരണം എന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഭക്ഷ്യവിലപ്പെരുപ്പം ഒക്ടോബറിലെ 2.53 ശതമാനത്തില്‍ നിന്ന് നവംബറില്‍ 8.18 ശതമാനമായി ഉയര്‍ന്നു. ഉള്ളി വില നവംബറില്‍ 101.24 ശതമാനത്തിൽ എത്തി. മുന്‍മാസം ഇത് 62.60 ശതമാനമായിരുന്നു.

ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കുന്നതിനും വില പിടിച്ചുനിര്‍ത്തുന്നതിനുമായി അടുത്ത വര്‍ഷം മാര്‍ച്ച് വരെ സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചിരുന്നു. ചില്ലറവിപണിയില്‍ കിലോഗ്രാമിന് 80 രൂപ വരെ ഉയര്‍ന്ന ഉള്ളിവില ജനുവരിയോടെ 40 രൂപയാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഒക്ടോബറിലെ (-)21.04 ശതമാനത്തില്‍ നിന്ന് പച്ചക്കറിയുടെ വിലക്കയറ്റം 10.44 ശതമാനമാണ്. നെല്ലിന്റെയും പഴങ്ങളുടെയും വില യഥാക്രമം 10.44 ശതമാനവും 8.37 ശതമാനവുമാണ്. ഉരുളക്കിഴങ്ങിന്റെ പണപ്പെരുപ്പം നവംബറില്‍ (-)27.22 ശതമാനമായി താഴ്ന്നു.

നവംബറില്‍ നിര്‍മ്മിത ഉല്‍പന്നങ്ങളുടെ വിലക്കയറ്റം (-)0.64 ശതമാനവും ഇന്ധനവും ഊര്‍ജ്ജവും (-)4.61 ശതമാനവും ഭക്ഷ്യേതര വസ്തുക്കളുടെ (-)3.20 ശതമാനവുമാണ്.

മൊത്ത ഭക്ഷ്യവിലയിലെ വര്‍ധനവ് ചില്ലറ ഭക്ഷണ വിലയേക്കാള്‍ കൂടുതലാണെന്ന് ബാര്‍ക്ലേസ് റിസര്‍ച്ച് പറയുന്നു. മൊത്തക്കച്ചവടക്കാര്‍ മുഴുവന്‍ വിലക്കയറ്റവും ഉപഭോക്താക്കളിലേക്ക് കൈമാറിയില്ല. ഇത് ഡിസംബറിലെ ഉയര്‍ന്ന ചില്ലറ ഭക്ഷ്യ വിലകളില്‍ പ്രതിഫലിച്ചേക്കാം.

ഭക്ഷ്യവിലയിലെ സമ്മര്‍ദം മൂലം നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പണപ്പെരുപ്പ മൊത്തവില വീണ്ടും ഉയരാമെന്നു ആര്‍ബിഐ കഴിഞ്ഞയാഴ്ച നടത്തിയ പണനയ അവലോകനത്തില്‍ പറഞ്ഞിരുന്നു.

'മൊത്ത വില സൂചികയേ ഭക്ഷ്യവിലകള്‍ സ്വാധീനിക്കും. ഉയര്‍ന്ന മൊത്തവില സൂചിക പ്രധാന പച്ചക്കറികളുടെ വിലയിലെ വര്‍ധനവിലേക്ക് വിരല്‍ ചൂണ്ടുന്നു', ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

ചില്ലറ വില്‍പ്പന അല്ലെങ്കില്‍ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള സൂചിക (കൺസ്യൂമർ പ്രൈസ്-ബേസ്ഡ് ഇൻഡീസ് അഥവാ സി പി ഐ ) നവംബറില്‍ 5.55 ശതമാനമായി ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷം റീട്ടെയില്‍ വിലക്കയറ്റം ശരാശരി 5.4 ശതമാനമായിരിക്കുമെന്നും ആര്‍ബിഐ പ്രവചിച്ചിരുന്നു.

2023, 2024 വര്‍ഷങ്ങളിലെ ഇന്ത്യയുടെ വിലക്കയറ്റ പ്രവചനങ്ങള്‍ സമീപകാല ഡാറ്റയ്ക്ക് അനുസൃതമാണെന്നും ഇപ്പോഴും പ്രതീക്ഷയിലാണെന്നും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) ബുധനാഴ്ച പുറത്തിറക്കിയ ഡിസംബറിലെ അവരുടെ അവലോകനത്തിൽ പറഞ്ഞു.