14 Feb 2023 5:25 PM IST
Summary
തുടർച്ചയായ എട്ടാം മാസമാണ് മൊത്ത വ്യാപാര വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നത്
മുംബൈ: രാജ്യത്ത് മൊത്ത വ്യപാര വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ടാം മാസവും കുറഞ്ഞ് 4.73 ശതമാനമായി. നിർമാണം പൂർത്തിയാക്കിയ ഉത്പന്നങ്ങൾ, ഇന്ധനം, ഊർജം എന്നിവയുടെ വിലയിലുണ്ടായ അയവാണ് കുറവിന് കാരണം. ഡിസംബർ മാസത്തിൽ ഇത് 4 .95 ശതമാനമായിരുന്നു. 2022 ജനുവരിയിൽ 13 .68 ശതമാനമായിരുന്നു.
ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ഡിസംബർ മാസത്തിൽ ഉണ്ടായിരുന്ന 1 .25 ശതമാനത്തിൽ നിന്ന് 2.38 ശതമാനമായി.
ജനുവരിയിലെ പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് മിനറൽ ഓയിൽ, കെമിക്കൽസ്, കെമിക്കൽ ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, തുണിത്തരങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവ പ്രധാന പങ്ക് വഹിച്ചെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം റിപ്പോർട്ടിൽ പ്രസ്താവിച്ചു.
പയറുവർഗ്ഗങ്ങളുടെ പണപ്പെരുപ്പം 2.41 ശതമാനവും പച്ചക്കറികളിൽ (-) 26.48 ശതമാനവുമാണ്. എണ്ണ വിത്തുകളുടെ പണപ്പെരുപ്പം 2023 ജനുവരിയിൽ (-) 4.22 ശതമാനമായിരുന്നു.
ഇന്ധനത്തിന്റെയും ഉർജ്ജത്തിന്റെയും പണപ്പെരുപ്പം 18.09 ശതമാനത്തിൽ നിന്ന് 15.15 ശതമാനമായി കുറഞ്ഞു. നിർമിത ഉത്പന്നങ്ങളിൽ 3.37 ശതമാനത്തിൽ നിന്ന് 2.99 ശതമാനമായി.
ജനുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം 6.52 ശതമാനമായി ഉയർന്നു. ഡിസംബറിൽ 5.72 ശതമാനമായിരുന്നു.
ആർ ബി ഐ പണ നയയോഗത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. ഇതോടെ റീപ്പോ നിരക്ക് 6.50 ശതമാനമായി.
പച്ചക്കറിയുടെ വില കുറഞ്ഞതിനെ തുടർന്ന് ഉപഭോക്തൃ വില സൂചിക നവംബർ, ഡിസംബർ മാസങ്ങളിൽ സഹന പരിധിയായ 6 ശതമാനത്തിൽ താഴെ എത്തിയിരുന്നു.
ശരാശരി ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളറാകുമെന്ന കണക്കു കൂട്ടലിൽ ആർബിഐ നടപ്പു സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനം 6.5 ശതമാനമാക്കി. മാർച്ച് പാദത്തിൽ റീട്ടെയിൽ പണപ്പെരുപ്പം 5.7 ശതമാനമാകുമെന്ന് ആർ ബി ഐ പ്രതീക്ഷിക്കുന്നത്.