16 Aug 2023 5:35 AM GMT
Summary
- കയറ്റുമതി വരുമാനം കുറയുന്നു, ഇറക്കുമതി കൂടുന്നു
- പ്രതിരോധ ചെലവിടല്‍ ഉയര്‍ന്നു
- പണപ്പെരുപ്പം മാസങ്ങളായി 7 ശതമാനത്തിനു മുകളില്‍
റഷ്യന്‍ സമ്പദ്ഘടന പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന്റെ ചൂട് അറിഞ്ഞുതുടങ്ങി. റഷ്യയുടെ ഔദ്യോഗിക കറന്‍സിയായ റൂബിള്‍ ഡോളറിനെതിരേ 17 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു ഡോളറിന് 101.04 റൂബിള്‍ എന്ന നിലയിലേക്ക് ഒരവസരത്തില്‍ താഴ്ന്നിരുന്നു. ഇപ്പോള്‍ ഡോളറിന് 98.5 റൂബിള്‍ എന്ന നിലയിലാണ് വിനിമയനിരക്ക്.
കയറ്റുമതി വരുമാനം കുറഞ്ഞതാണ് റൂബിളിന്റെ ഇടിവിനു കാരണം. ഉദ്ദേശിക്കുന്നതുപോലെ ക്രൂഡ്‍ ഓയിലും പ്രകൃതിവാതകവും കയറ്റി അയയ്ക്കാന്‍ റഷ്യക്കു കഴിയുന്നില്ല. വിദേശ രാജ്യങ്ങളില്‍നിന്നു നിക്ഷേപവുമത്തുന്നില്ല. അതേ സമയം ഇറക്കുമതി വര്‍ധിക്കുകയുമാണ്. ഈ വര്‍ഷം റൂബിളിന്റെ മൂല്യത്തില്‍ 40 ശതമാനം ഇടിവാണുണ്ടായത്. യുദ്ധത്തിനുവേണ്ടി വരുന്ന ചെലവാണ് റഷ്യന്‍ റൂബിളിനെ ദുര്‍ബലമാക്കുന്നത്.
ഇതിനു മുമ്പ് ഇത്രയും ഇടിവുണ്ടായാത് 2022 ഫെബ്രുവരിയില്‍ യുക്രെയിനില്‍ റഷ്യ യുദ്ധം ആരംഭിച്ചപ്പോഴാണ്. പാശ്ചാത്യ ഉപരോധ പ്രഖ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചില്‍ ഡോളറിനെതിരേ റൂബിളിന്റെ മൂല്യം 136-ലേക്ക് ഇടിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡോളറിനേതിരേ 50 റൂബിള്‍ എന്ന നിലയില്‍ ശക്തി നേടിയിരുന്നു. എന്നാല്‍ ഇത് കൃത്രിമായി ഉയര്‍ത്തിയതാണെന്നാണ് അന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. അതു ശരിയാണെന്നു തുടര്‍ന്നുള്ള ഇടിവ് വ്യക്തമാക്കുന്നു.
പലിശനിരക്ക് 12 ശതമാനം
റൂബിളിന്റെ കനത്ത ഇടിവിന്റെ പിന്നാലെ റഷ്യന്‍ കേന്ദ്രബാങ്ക് അടിയന്തരയോഗം ചേര്‍ന്ന് പലിശ നിരക്ക് 8.5 ശതമാനത്തില്‍നിന്ന് 12 ശതമാനത്തിലേക്ക് ഉയര്‍ത്തി. കഴിഞ്ഞയാഴ്ചയാണ് 7.5 ശതമാനത്തില്‍നിന്ന് 8.5 ശതമാനമായി പലിശ ഉയര്‍ത്തിയത്. സര്‍വ മേഖലകളിലും വിലക്കയറ്റം ദൃശ്യമാകുകയാണ്. റഷ്യയുടെ കറന്റ് അക്കൗണ്ട് സര്‍പ്ലസ് കുറയുകയും പണപ്പെരുപ്പം ശക്തമാവുകയുമാണ്. ഏതാനും മാസങ്ങളായി പണപ്പെരുപ്പം ഏഴു ശതമാനത്തിനു മുകളിലാണ്.
ഉയര്‍ന്ന പലിശ നിരക്ക് വായ്പയെടുക്കുന്നവരുടെ ജീവിതം ദുരിതപൂര്‍ണമാക്കും. വ്യവസായ മേഖലയേയും യുദ്ധച്ചെലവിന് കടമെടുക്കുന്ന ഗവണ്‍മെന്റിനേയും അതു ബാധിക്കും. യുക്രയ്ന്‍ യൂദ്ധം തുടങ്ങിയതിനു പിന്നാലെ പലിശ നിരക്ക് താല്‍ക്കാലികമായി 20 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരുന്നു. പിന്നീട് ഘട്ടംഘട്ടമായി 7.5 ശതമാനത്തിലേക്ക് പലിശ താഴ്ത്തുകയായിരുന്നു. അതാണ് വീണ്ടും ഉയര്‍ത്തിത്തുടങ്ങിയത്.
റൂബിള്‍ ദുര്‍ബലമാകുവാനുള്ള മുഖ്യ കാരണം പണനയമാണെന്നു പുടിന്റെ സാമ്പത്തിക ഉപദേഷ്ടാവ് മാക്‌സിം ഒരേഷ്‌കിന്‍ കുറ്റപ്പെടുത്തുന്നു. റൂബിളിന്റെ മൂല്യം കുറഞ്ഞുവെങ്കിലും റഷ്യന്‍ സമ്പദ്ഘടന സുസ്ഥിരമാണെന്നും ഇപ്പോഴത്തെ ഇടിവ് താല്‍ക്കാലികമാണെന്നും റഷ്യന്‍ ഗവണ്‍മെന്റ് പറഞ്ഞു.
പലിശ ഉയര്‍ത്തല്‍ റഷ്യന്‍ സമ്പദ്ഘടനയുടെ മേലുള്ള വെറും പ്ലാസ്റ്ററിംഗ് പരിഹാരം മാത്രമാണെന്നാണ് ആര്‍ബിസി ബ്ലൂബേ അസറ്റ് മാനേജ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് തിമോത്തി ആഷ് അഭിപ്രായപ്പെടുന്നത്. യുദ്ധം തുടരുന്നിടത്തോളം കാലം റഷ്യയുടെയും റഷ്യന്‍ സമ്പദ്ഘടനയുടേയും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുമെന്നും തിമോത്തി കൂട്ടിച്ചേര്‍ക്കുന്നു.
ചെലവേറുന്നു
റഷ്യന്‍ സമ്പദ്ഘടന കടുത്ത സമ്മര്‍ദ്ദത്തിലേക്ക് നീങ്ങുകയാണ്. ദുര്‍ബലമായ റൂബിള്‍ ഇറക്കുമതിച്ചെലവ് ഉയര്‍ത്തുകയാണ്. അത് ആഭ്യന്തര വിപണിയില്‍ വിലക്കയറ്റത്തിനും കാരണമാകുന്നു. റഷ്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുചെലവായി പ്രതിരോധം മാറിയിരിക്കുന്നു. ബജറ്റില്‍ 2023-ല്‍ നീക്കി വച്ചിരിക്കുന്നത് 10000 കോടി ഡോളറിലധികമാണ്.
പാശ്ചാത്യ ഉപരോധംമൂലം ക്രൂഡ്‍ ഓയില്‍, പ്രകൃതിവാതകം വില്‍പ്പന കുറഞ്ഞു. വ്യക്തികളും കമ്പനികളും ഇറക്കുമതിക്കായി റൂബിള്‍ വില്‍ക്കുകയാണ്. അത് റൂബിളിന്റെ വിനിമയമൂല്യം ഇടിക്കുകയാണ്.
പ്രകൃതിവാതകവും മറ്റും കയറ്റുമതി ചെയ്ത് വലിയ വരുമാനം നേടിയിരുന്ന റഷ്യയുടെ കറന്റ് അക്കൗണ്ടില്‍ വലിയ തുക അധികമായി നിന്നിരുന്നു. ഇറക്കുമതി കുറവായിരുന്നതിനാല്‍ അത് എപ്പോഴും പോസിറ്റിവ് ആയിരുന്നു. എന്നാല്‍ യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് കറന്റ് അക്കൗണ്ട് സര്‍പ്ലസ് കുറഞ്ഞുകുറഞ്ഞുവരികയാണ്. അത് കമ്മിയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ദുര്‍ബലമായ റൂബിള്‍ ഇറക്കുമതിച്ചെലവ് കൂട്ടുകയും ആഭ്യന്തര വിപണിയില്‍ വിലക്കയറ്റമുണ്ടാക്കുകയും ചെയ്യുന്നു. അതായത് യുക്രെയ്ന്‍ യുദ്ധം റഷ്യയെ പണപ്പെരുപ്പം ഇറക്കുമതി ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
ഇപ്പോഴത്തെ റൂബിള്‍ തകര്‍ച്ച 1998-ലെ റഷ്യന്‍ ധനകാര്യ കുഴപ്പങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. അന്ന് നികുതി വരുമാനത്തേക്കാള്‍ 40 ശതമാനം കൂടുതല്‍ വരെ റഷ്യയുടെ കടം എത്തിയിരുന്നു. ലോകബാങ്കിന്റേയും ഐഎംഎഫിന്റെയും ശക്തമായ പിന്തുണയോടെയാണ് റഷ്യ അന്ന് രക്ഷപ്പെട്ടത്. ഇന്ന് ആ പിന്തുണ ലഭിക്കാനിടയില്ല.