image

4 April 2025 2:26 PM IST

Economy

താരിഫ് യുദ്ധം ആഗോളവല്‍ക്കരണത്തിന്റെ അന്ത്യം കുറിക്കുമോ?

James Paul

താരിഫ് യുദ്ധം ആഗോളവല്‍ക്കരണത്തിന്റെ അന്ത്യം കുറിക്കുമോ?
X

Summary

  • യുഎസില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ അവിടെ നിര്‍മ്മിക്കണം
  • ട്രംപ് അധികാരമേറ്റതിന് ശേഷം വന്‍ കമ്പനികള്‍ യുഎസില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരസ്പര താരിഫ് പ്രഖ്യാപനം ലോക രാജ്യങ്ങള്‍ക്ക് നല്‍കുന്നത് ആഗോളവല്‍ക്കരണ യുഗം അവസാനിച്ചു എന്ന സന്ദേശമാണ്.

അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന സാധനങ്ങള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കണമെന്നതാണ് ട്രംപിന്റെ 'വിമോചന ദിന' പദ്ധതി. ഇത് പതിറ്റാണ്ടുകളായി ലോക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയ ആഗോളവല്‍ക്കരണത്തില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റ പ്രഖ്യാപനമാണ്.

'നമ്മുടെ രാജ്യത്ത് തൊഴിലുകളും ഫാക്ടറികളും വീണ്ടും ഉയര്‍ന്നുവരും. അത് സംഭവിക്കുന്നത് നിങ്ങള്‍ കാണും,' റോസ് ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ട്രംപ് പറഞ്ഞു. പരാതികളുള്ള കമ്പനിയോടോ രാജ്യത്തോടോ അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ താരിഫ് നിരക്ക് പൂജ്യമാകണമെങ്കില്‍, നിങ്ങളുടെ ഉല്‍പ്പന്നം ഇവിടെ, അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുക.'

നിക്ഷേപ പ്രതിസന്ധി

ആഗോളവല്‍ക്കരണത്തിന്റെ കേന്ദ്രബിന്ദുവാണ് യുഎസ്. വിയറ്റ്‌നാം പോലെ ചെലവ് കുറഞ്ഞ ഉല്‍പ്പാദന കേന്ദ്രങ്ങളിലും ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ യുഎസ് സഖ്യകക്ഷികളിലും അമേരിക്ക നടത്തിയ നിക്ഷേപം അവസാനിക്കുന്നു എന്നു കൂടിയാണ് മെയ്ഡ്-ഇന്‍-അമേരിക്ക അര്‍ത്ഥമാക്കുന്നത്.

ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള ആഴ്ചകളില്‍, ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്, മരുന്ന് നിര്‍മ്മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, എലി ലില്ലി തുടങ്ങിയ വമ്പന്‍ കമ്പനികള്‍ യുഎസില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നിരുന്നാലും, ചെലവുകള്‍ കണക്കിലെടുക്കുമ്പോള്‍, ലോകത്തിലെ വിതരണ ശൃംഖലകളെ അപ്പാടെ മാറ്റിമറിച്ച്, ട്രംപ് ആഗ്രഹിക്കുന്ന രീതിയില്‍ യുഎസിലേക്ക് ചുവടുമാറുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. താരിഫില്‍ വ്യക്തത വരുന്നതു വരെ കമ്പനികള്‍ പുതിയ നിക്ഷേപങ്ങളില്‍ നിന്ന് മാറി നില്‍ക്കും. ഇത് വളര്‍ച്ചയെ ബാധിക്കുന്ന നിക്ഷേപ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ട്രംപിന്റെ സ്വപ്നം

യുഎസിലുടനീളം വ്യാവസായിക ഉല്‍പ്പാദനം പൂത്തുലയുകയും, തൊഴില്‍ വര്‍ധിക്കുകയും ചെയ്യുന്ന സമൃദ്ധിയുടെ ഒരു സുവര്‍ണ്ണ കാലമാണ് ട്രംപിന്റെ സ്വപ്നം. ചൈന, യൂറോപ്യന്‍ യൂണിയന്‍, മറ്റ് വ്യാപാര പങ്കാളികള്‍ എന്നിവരുടെ കൊള്ളയടിക്കുന്ന വ്യാപാര രീതികളാണ് വിദേശ തൊഴിലുകളും വ്യവസായങ്ങളും നഷ്ടപ്പെടുത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അത് തിരികെ കൊണ്ടുവരാനുള്ള ശ്രമമായി അദ്ദേഹം പരസ്പര താരിഫിനെ ചിത്രീകരിക്കുന്നു.

യുഎസിന്റെ രണ്ട് വലിയ വ്യാപാര പങ്കാളികളായ മെക്‌സിക്കോയെയും കാനഡയെയും പുതിയ താരിഫുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറുമായി പൊരുത്തപ്പെടുന്ന അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോഴും തീരുവയില്ല. എന്നാല്‍ കരാറിന്റെ പരിധിയില്‍ വരാത്ത അവരുടെ കയറ്റുമതിയുടെ വലിയൊരു വിഹിതത്തിന് 25% തീരുവയുണ്ട്.

ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ മുന്‍ തീരുവകള്‍ക്ക് പുറമെ ചൈനയ്ക്ക് മേല്‍ പുതിയ 34% താരിഫ് ചുമത്തി. ഏപ്രില്‍ 9 ന് ശേഷം ചൈനീസ് ഇറക്കുമതിയുടെ അടിസ്ഥാന താരിഫ് നിരക്ക് 54% ആയിരിക്കും. വെനിസ്വേലന്‍ എണ്ണ വാങ്ങുന്നതിന് ട്രംപ് ചൈനയ്ക്ക് മേല്‍ 25% അധിക താരിഫ് കൂടിചുമത്തിയാല്‍, താരിഫ് നിരക്ക് 79% ആയി ഉയരും.

യുഎസിനെ സംബന്ധിച്ചിടത്തോളം, ചൈനയില്‍ നിന്നുള്ള ഇറക്കുമതിയുടെ വിഹിതത്തില്‍ ഇടിവുണ്ടായെങ്കിലും വിയറ്റ്‌നാം, മെക്‌സിക്കോ, തുടങ്ങിയ രാജ്യങ്ങളുമായുള്ള കമ്മി വര്‍ധിച്ചു. 2024-ല്‍ വിദേശ വ്യാപാരത്തിന്റെയും വരുമാനത്തിന്റെയും വിശാലമായ അളവുകോലായ യുഎസിന്റെ മൊത്തത്തിലുള്ള കറന്റ്-അക്കൗണ്ട് കമ്മി 1.1 ട്രില്യണ്‍ ഡോളറിലെത്തി.

ട്രംപിന്റെ വ്യാപാര യുദ്ധം

വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയതോടെ, ട്രംപ് തന്റെ വ്യാപാര യുദ്ധം എതിരാളികളിലേക്കും സഖ്യകക്ഷികളിലേക്കും ഒരുപോലെ എത്തിച്ചു. അവര്‍ കയറ്റുമതി വര്‍ധിപ്പിച്ചും ഇറക്കുമതി നിയന്ത്രിച്ചും രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യുഎസ് വളര്‍ത്തിയെടുത്ത ആഗോള വ്യാപാര സംവിധാനം മുതലെടുക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ചില വിശകലന വിദഗ്ധര്‍ പറയുന്നത് അത്തരം നയങ്ങള്‍ യുഎസിനെ വ്യാപാര കമ്മിയിലേക്ക് നയിക്കുന്നു എന്നാണ്. എന്നിരുന്നാലും മിക്ക മുഖ്യധാരാ സാമ്പത്തിക വിദഗ്ധരും യുഎസിന്റെ തുടര്‍ച്ചയായ ബജറ്റ് കമ്മിയും കുറഞ്ഞ സമ്പാദ്യ നിരക്കും വര്‍ധിച്ചുവരുന്ന വ്യാപാര വിടവിന്റെ പ്രധാന ചാലകങ്ങളായി ചൂണ്ടിക്കാണിക്കുന്നു.

പരിണിത ഫലം

ട്രംപിന്റെ നയങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനകളും ഇതിനോടകം വരുന്നുണ്ട്. ജര്‍മ്മന്‍ എഞ്ചിനീയറിംഗ് ഭീമനായ സീമെന്‍സ് തങ്ങളുടെ ഏറ്റവും വലിയ വിപണിയായ യുഎസിലെ നിക്ഷേപം 10 ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കുമെന്ന് പറഞ്ഞു.

അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ യുഎസിലെ ചിപ്പ് നിര്‍മ്മാണ പ്ലാന്റുകളില്‍ കുറഞ്ഞത് 100 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കഴിഞ്ഞ മാസം പറഞ്ഞു. തായ്വാന്‍ 32% താരിഫ് നേരിടേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. പക്ഷെ സെമികണ്ടക്ടറുകള്‍ ഒഴിവാക്കപ്പെടും.

തായ്വാനീസ് ഇലക്ട്രോണിക്‌സ് കമ്പനികളായ ഫോക്സ്‌കോണ്‍, കോമ്പല്‍, ഇന്‍വെന്റക് എന്നിവ ടെക്സാസില്‍ പുതിയ നിക്ഷേപങ്ങള്‍ തേടുകയാണെന്നും മെക്സിക്കോയിലെ നിലവിലുള്ള പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയെ മറികടക്കാന്‍ കഴിയുന്ന എഐ സെര്‍വര്‍ നിര്‍മ്മാണത്തിനായി ഭൂമി കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.

പരസ്പര താരിഫ് ഫലപ്രദമാകുമോ?

ഉല്‍പ്പാദന മേഖല പുനഃക്രമീകരിക്കുന്ന കാര്യത്തില്‍, ഉത്തരം ഒരുപക്ഷേ അതെ എന്നായിരിക്കും. എന്നാല്‍ ഇതിന്റെ ആകെ ഫലം രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നതും, വ്യാപാര അസന്തുലിതാവസ്ഥയുമാണെന്ന് വിലയിരുത്തപ്പെടുന്നു.