19 Dec 2024 10:17 AM GMT
Summary
- ഓഹരി വിപണിയ്ക്കൊപ്പം സ്വര്‍ണത്തിന്റെ മുന്നേറ്റവും ഇടിഞ്ഞു
- 2025ല്‍ പരമാവധി 2 തവണയെ നിരക്ക് കുറയ്ക്കു എന്ന പ്രഖ്യാപനം വിപണികള്‍ തിരിച്ചടിയായി
- വരും ദിവസങ്ങളിലും വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായേക്കും
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് വെട്ടികുറച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണി ചുവപ്പിലാണ് ഇന്ന് വ്യാപാരം നടത്തിയത്. ഫെഡ് അടിസ്ഥാന പലിശനിരക്ക് വെട്ടികുറയ്ക്കുമ്പോള്‍ പൊതുവേ ഇന്ത്യ അടക്കമുള്ള എമര്‍ജിങ് മാര്‍ക്കറ്റുകളിലെ വിപണികളില്‍ റാലിയാണ് ഉണ്ടാകുക. എന്നാല്‍ പതിവിന് വിപരീതമായി ഓഹരി വിപണിയ്ക്കൊപ്പം സ്വര്‍ണത്തിന്റെ മുന്നേറ്റത്തിനും അടിതെറ്റി. ഒപ്പം ഡോളറും ബോണ്ടും കരുത്താര്‍ജിക്കുന്ന കാഴ്ചയ്ക്കും വിപണി സാക്ഷ്യം വഹിച്ചു. പലിശ നിരക്ക് കുറച്ചിട്ടും മാര്‍ക്കറ്റ് ഇടിഞ്ഞത് എന്തുകൊണ്ടാണെന്ന് നോക്കാം.
യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ വാക്കുകളാണ് വിപണിയുടെ അടിതെറ്റിച്ച കാരണങ്ങളില്‍ ആദ്യത്തേത്. 2025ല്‍ നാല് തവണ പലിശ നിരക്ക് കുറയ്ക്കുമെന്നായിരുന്നു നേരത്തെ പവല്‍ വ്യക്തമാക്കിയിരുന്നത്. ഇത്തരത്തില്‍ നിരക്ക് കുറഞ്ഞാല്‍ അമേരിക്കയില്‍ ബാങ്ക് വായ്പകളുടെ പലിശനിരക്കും ഇഎംഐ ഭാരവും കുറയും. അത് ഐടി അടക്കമുള്ള ഇന്‍ഡസ്ട്രികളെ ബൂസ്റ്റ് ചെയ്യുമായിരുന്നു. അതിന്റെ പ്രതിഫലനം ഇന്ത്യ അടക്കമുള്ള വിപണികളിലും പ്രതിഫലിക്കും.
എന്നാല്‍ 2025ല്‍ പരമാവധി 2 തവണയെ നിരക്ക് കുറയ്ക്കു എന്നാണ് പവല്‍ ഇന്നലെപ്രഖ്യാപിച്ചത്. ഇതോടെ പലിശഭാരം 2025ല്‍ ഉയര്‍ന്നതലത്തില്‍ തന്നെ നില്‍ക്കാനുള്ള സാധ്യത വര്‍ധിച്ചു. അതായത് പലിശനിരക്ക് നയത്തിലെ മാറ്റം ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കുറയ്ക്കും. വിദേശനിക്ഷേപകര്‍ വരും ദിവസങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിയാനുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പ്രൊഫിറ്റ് ബുക്കിങ് വ്യാപകമായി നടന്നതും വിപണി ചുവപ്പണിതും. അതേസമയം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം പോസിറ്റീവായി പ്രവചിക്കപ്പെട്ടതിനാല്‍ ഐടി, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ വിദേശ നിക്ഷേപം തുടരാനുള്ള സാധ്യതയും വിപണി വിദഗ്ധര്‍ പങ്ക് വയക്കുന്നുണ്ട്.
രണ്ടാമത്തെ കാരണം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളാണ്. ഇറക്കുമതി തീരുവ ഉയര്‍ത്തുമെന്ന് ട്രംപ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ യുഎസിലേക്കുള്ള കയറ്റുമതി തീരുവ ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍. ഇത്, യുഎസില്‍ ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് വില കൂടാനിടയാക്കും. ഒപ്പം അമേരിക്കന്‍ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന ഇന്ത്യന്‍ ഇന്‍ഡസ്ട്രികളെയും പ്രതികൂലമായി ബാധിക്കും. അതുപോലെ യുഎസില്‍ ആഭ്യന്തര നികുതിഭാരം വെട്ടിക്കുറയ്ക്കാനും ട്രംപ് മുതിരും. ഇത് ഗവണ്‍മെന്റിന്റെ സാമ്പത്തികഭാരം കൂടാനിടയാക്കും. ഫലത്തില്‍ ഗവണ്‍മെന്റ് കൂടുതല്‍ കടമെടുപ്പിന് മുതിരും. ഇത്് ബോണ്ട് യീല്‍ഡില്‍ നിന്നുളള റിട്ടേണ്‍ ഉയര്‍ത്തും. സ്വാഭാവികമായും കൂടുതല്‍ റിട്ടേണ്‍ കിട്ടുന്ന സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ഇന്ത്യന്‍ വിപണിയിലെ ഓഹരികള്‍ വിറ്റൊഴിഞ്ഞ് ബോണ്ട് യീല്‍ഡില്‍ നിക്ഷേപിക്കാന്‍ വിദേശി നിക്ഷേപകര്‍ തയ്യാറാവും. ഇതാണ് ഇന്ത്യന്‍ വിപണിയിലെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റൊഴിയുന്നതിനും കാരണം.
വരും ദിവസങ്ങളിലും വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരാവുന്ന കാഴ്ചയ്ക്ക് വിപണി സാക്ഷ്യം വഹിക്കുമെന്നാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അടക്കമുള്ള വിപണി വിദഗ്ധരും വിലയിരുത്തുന്നത്.