14 Aug 2023 7:27 AM GMT
Summary
- ഇന്ധനത്തിന്റെയും ഊർജത്തിന്റെയും സൂചിക ജൂണിനെ അപേക്ഷിച്ച് ഇടിഞ്ഞു
- പച്ചക്കറി മൊത്തവില സൂചിക ജൂണിനെ അപേക്ഷിച്ച് 81.2% വര്‍ധിച്ചു
- ഡബ്ല്യുപിഐ മൂന്ന് മാസത്തിനിടയിലെ ഉയര്‍ന്ന നിലയില്‍
രാജ്യത്തെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ നാലാം മാസവും നെഗറ്റിവ് തലത്തില്‍. ജൂണിലെ - 4.12 ശതമാനത്തിൽനിന്ന് ജൂലൈയിലെ മൊത്തവില പണപ്പെരുപ്പം -1.36 ശതമാനത്തിലെത്തി. ഫാക്ടറികളില്‍ നിന്ന് അല്ലെങ്കില്‍ ഉല്‍പ്പാദന ഇടങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ കൈമാറുമ്പോഴുള്ള വില ട്രാക്ക് ചെയ്യുന്നതിന് ഡബ്ല്യുപിഐ ഉപയോഗിക്കുന്നു. പണച്ചുരുക്കത്തില്‍ തന്നെ തുടരുകയാണെങ്കിലും ഡബ്ല്യുപിഐ മൂന്ന് മാസത്തിനിടയിലെ ഉയര്‍ന്ന നിലയിലാണ്.
രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ജൂലൈയില്‍ റിസര്‍വ് ബാങ്കിന്‍റെ സഹന പരിധിക്ക് മുകളില്‍ രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്. . ഇന്ന് വൈകിട്ടോടെയാണ് ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള ചെറുകിട പണപ്പെരുപ്പത്തിന്‍റെ ഔദ്യോഗിക കണക്ക് പുറത്തുവരുന്നത്.
രാജ്യത്തെ ഭക്ഷ്യവിലയില്‍ ഉണ്ടായ കുതിച്ചുകയറ്റം മൊത്തവില സൂചികയിലും പ്രകടമാണ്. ജൂണിലെ -1.24 ശതമാനത്തിൽ നിന്ന് ജൂലൈയിൽ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ മൊത്തവില പണപ്പെരുപ്പം 7.75 ശതമാനമായി ഉയർന്നു. പ്രതീക്ഷിച്ചതുപോലെ, പച്ചക്കറികളാണ് വലിയ ഉയര്‍ച്ച പ്രകടമാക്കിയത്. ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ പച്ചക്കറി മൊത്തവില സൂചിക 81.2 ശതമാനം ഉയർന്നു. തക്കാളിയുടെ കാര്യമെടുത്താല്‍ 307 ശതമാനം വര്‍ധനയാണ് തലേ മാസത്തെ അപേക്ഷിച്ച് പ്രകടമായത്.
അതായത്, പച്ചക്കറിയുടെ മൊത്തവില കഴിഞ്ഞ വർഷം ഇതേ മാസത്തെ നിലയെ അപേക്ഷിച്ച് 62.12 ശതമാനം ഉയർന്നു. ജൂണില്‍ -21.98 ശതമാനമായിരുന്നു ഇത്. ഭക്ഷ്യവസ്തുക്കളില്‍ പഴങ്ങളുടെ വിലയാണ് മുന്‍മാസത്തെ അപേക്ഷിച്ച് ഇടിഞ്ഞത്. പഴങ്ങളുടെ സൂചിക ജൂണിനെ അപേക്ഷിച്ച് 6.99 ശതമാനം കുറഞ്ഞു.
ഇന്ധനത്തിന്റെയും ഊർജത്തിന്റെയും സൂചിക ജൂണിനെ അപേക്ഷിച്ച് 0.48 ശതമാനവും ഉൽപ്പാദന ഉൽപന്നങ്ങളുടെ സൂചിക 0.29 ശതമാനവും ഇടിഞ്ഞു. എന്നിരുന്നാലും, ഈ രണ്ട് സൂചികകളിലെയും പ്രതിമാസ ഇടിവ് ജൂണിൽ രേഖപ്പെടുത്തിയതിനെ അപേക്ഷിച്ച് കുറവാണ്.