14 Jan 2025 8:41 AM GMT
Summary
- മൊത്ത വില പണപ്പെരുപ്പം 2.37 ശതമാനമായാണ് ഉയര്‍ന്നത്
- ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം 8.47 ശതമാനമായി കുറഞ്ഞു
- പച്ചക്കറിയുടെ വിലക്കയറ്റം 28.65 ശതമാനമായി ഉയര്‍ന്നു
വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡിസംബറിലെ ഇന്ത്യയുടെ മൊത്ത വില പണപ്പെരുപ്പം 2.37 ശതമാനമായി ഉയര്‍ന്നു. 2024 നവംബറില്‍ ഇത് 1.89 ശതമാനമായിരുന്നു. ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില വര്‍ധനയും ഉല്‍പ്പാദനവുമാണ് ഈ വര്‍ധനവിന് കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. തുണിത്തര നിര്‍മാണച്ചെലവിലുണ്ടായ വര്‍ധനയും പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായി. 2023 ഡിസംബറില്‍ മൊത്തവില പണപ്പെരുപ്പം 0.86 ശതമാനമായിരുന്നു.
ഡാറ്റ അനുസരിച്ച്, ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം നവംബറിലെ 8.63 ശതമാനത്തില്‍ നിന്ന് 2024 ഡിസംബറില്‍ 8.47 ശതമാനമായി കുറഞ്ഞു. പച്ചക്കറിയുടെ വിലക്കയറ്റം നവംബറിലെ 28.57 ശതമാനത്തില്‍ നിന്ന് 28.65 ശതമാനമായി.
ഉരുളക്കിഴങ്ങിന്റെ പണപ്പെരുപ്പം 93.20 ശതമാനമായി ഉയര്‍ന്നു, ഡിസംബറില്‍ ഉള്ളിയുടെ വില 16.81 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഗോതമ്പ് എന്നിവയുടെ പണപ്പെരുപ്പത്തില്‍ കുറവുണ്ടായി.
ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 4 മാസത്തെ താഴ്ന്ന നിരക്കായ 5.22 ശതമാനമായി കുറഞ്ഞുവെന്ന് തിങ്കളാഴ്ച പുറത്തുവിട്ട റീട്ടെയില്‍ പണപ്പെരുപ്പ കണക്കുകള്‍ കാണിക്കുന്നു.