image

23 March 2024 10:51 AM GMT

Economy

അടുത്ത വാരം ആഗോള വിപണിയെ കാത്തിരിക്കുന്നത്...

Anila A S

അടുത്ത വാരം ആഗോള വിപണിയെ കാത്തിരിക്കുന്നത്...
X

Summary

  • പോയ വാരത്തിൽ വിപണികളിൽ ആധിപത്യം സ്ഥാപിച്ച് ബുൾസ്
  • അടുത്ത ആഴ്ച വരാനിരിക്കുന്നത് നിർണായക ഡാറ്റകൾ
  • ബുൾ റാലിയോ പ്രോഫിറ്റ് ബുക്കിങ്ങോ എന്ന ആശങ്കയിൽ നിക്ഷേപകർ


വിവിധ സെൻട്രൽ ബാങ്കുകളുടെ തീരുമാനങ്ങളോടുള്ള വിപണികളുടെ പ്രതികരണം ആയിരുന്നു പോയ വാരത്തിൽ കണ്ടത്. പലിശ നിരക്ക് വർധിപ്പിക്കാതെ എന്നാൽ പ്രസ്താവനകളിൽ അയവ് വരുത്തിയ ഫെഡിന്റെ നടപടികളോട് റെക്കോർഡുകൾ മറികടന്നാണ് വിവിധ ആഗോള സൂചികകൾ പ്രതികരിച്ചത്. ഫെഡ് പലിശ നിരക്കുകൾ മാറ്റമില്ലാതെ 5.25 ശതമാനം-5.50 ശതമാനം എന്ന റേഞ്ചിനുള്ളിലായി നിലനിർത്തി. ജിഡിപി വളർച്ച അനുമാനം ഫെഡറൽ റിസേർവ് ഉയർത്തിയതും 2024ൽ 3 തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയും വിപണികളിൽ പുത്തൻ ഉണർവ് പകർന്നു. അതിനോടൊപ്പം സ്വിസ് സെൻട്രൽ ബാങ്ക് പലിശ നിരക്കിൽ 0.25 ശതമാനം കുറച്ച് 1.5 ശതമാനം ആക്കിയതും ആഗോള തലത്തിൽ ബുൾസുകളെ ഉത്തേജിപ്പിച്ചു. ഇതോടെ 2022, ജൂണിന് ശേഷം പലിശ നിരക്ക് കുറച്ച ആദ്യ വികസിത രാജ്യമായി സ്വിറ്റ്സർലാൻഡ് മാറി. ബാങ്ക് ഓഫ് ഇംഗ്ലണ്ടും ബെഞ്ച്മാർക്ക് പലിശ നിരക്ക് മാറ്റമില്ലാതെ 5.25 ശതമാനത്തിൽ നിലനിർത്തി.യുകെയിലുടനീളമുള്ള പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വേഗത്തിൽ കുറയുന്നതിനാൽ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ശക്തിപ്പെടുകയാണ്. ഒപ്പം ബാങ്ക് ഓഫ് ജപ്പാൻ 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം നെഗറ്റീവ് പലിശ നിരക്കിന്റെ യുഗം അവസാനിപ്പിച്ചു. വർഷങ്ങളായി അതിൻ്റെ പ്രധാന പലിശ നിരക്ക് -0.1 ശതമാനത്തിൽ നിന്നും 0.1 ശതമാനത്തിലേക്ക് വർദ്ധിപ്പിച്ചു. പലിശ നിരക്ക് വർധനയുടെ കാലം അവസാനിക്കുന്നുവെന്ന സൂചനകളാണ് വിപണികളിൽ ബുൾ റാലിക്ക് കാരണമായത്.


അമേരിക്കൻ വിപണി

ഓടിത്തളർന്ന യുഎസ് വിപണി തിരികെ കയറുന്ന കാഴ്ച ആയിരുന്നു പോയ വാരത്തിൽ കണ്ടത്. പ്രതീക്ഷിച്ചത് പോലെ ഫെഡ് പലിശ നിരക്ക് നിലനിർത്തി .ഉയർന്ന പലിശനിരക്കുകൾ ഉണ്ടായിരുന്നിട്ടും, സാമ്പത്തിക വളർച്ച താരതമ്യേന ശക്തമായി തുടരുന്നുവെന്നും പണപ്പെരുപ്പം കഴിഞ്ഞ ഒരു വർഷമായി കുറഞ്ഞുവെന്നുമുള്ള പവലിന്റെ നിരീക്ഷണത്തോട് വളരെ പോസിറ്റീവ് ആയാണ് ആഗോള വിപണികൾ പ്രതികരിച്ചത്. തുടർന്ന് യുഎസ് സൂചികകൾ വ്യാഴാഴ്ച റെക്കോർഡ് ക്ലോസിങ് നടത്തുകയും ചെയ്തു. വാരാന്ത്യത്തിലേക്ക് എത്തിയപ്പോൾ നേരിയ തോതിലുള്ള പ്രോഫിറ്റ് ബുക്കിങ്ങും സൂചികകൾ നേരിട്ടു. പ്രതിവാര പ്രകടനം വിലയിരുത്തിയാൽ ഡൗ ജോൺസ്, നാസ്ഡാക്, എസ് &പി 500 സൂചികകൾ യഥാക്രമം 1.97 ശതമാനം, 2.85ശതമാനം, 2.29 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത് .

അടുത്ത ആഴ്ച നിരവധി നിർണായകമായ ഡാറ്റകളാണ് അമേരിക്കൻ വിപണിയെ കാത്തിരിക്കുന്നത്. മാർച്ച് 25ന് പുറത്തു വരുന്ന ഫെബ്രുവരിയിലെ ന്യൂ ഹോം സെയിൽസ് ഡാറ്റയോടെയാണ് അമേരിക്കൻ വിപണി ആരംഭിക്കുന്നത്. ഫെഡ് പലിശ നിരക്കിനോട് സെൻസിറ്റീവ് ആയ റിയൽ എസ്റ്റേറ്റ് മേഖലയുടെ ചിത്രം നിക്ഷേപകർക്ക് ഈ ഡാറ്റയോടെ ലഭിക്കും. ഡ്യൂറബിൾ ഗുഡ്‌സ് ഓർഡറുകളുടെ ഡാറ്റ മാർച്ച് 26ന് വരും. നിർമാണ മേഖലയുടെ ഗതിവിഗതികളെ വിലയിരുത്താൻ ഈ ഡാറ്റ നിക്ഷേപകരെ സഹായിക്കും. അന്ന് തന്നെ വരുന്ന മാർച്ചിലെ കോൺഫറൻസ് ബോർഡിന്റെ (Conference Board) കൺസ്യൂമർ കോൺഫറൻസ് ഡാറ്റയും നിർണായകമാണ്. ഈ ഡാറ്റ ഉപഭോക്താക്കൾക്ക് സമ്പദ്‌വ്യവസ്ഥയിൽ ഉള്ള ആത്മവിശ്വാസത്തിൻ്റെ നിലവാരം അളക്കുന്നു. വളർച്ച അനുമാനം വർദ്ധിപ്പിച്ച ഫെഡ് നടപടികളോട് അതെ പ്രതീക്ഷ തന്നെയാണോ ജനങ്ങളും പുലർത്തുന്നതെന്നും ഈ ഡാറ്റയോടെ വിലയിരുത്താം. ഉപഭോക്താക്കൾ ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കുമ്പോൾ ഉപഭോഗം വർദ്ധിക്കുകയും മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയുടെ ആക്കം കൂട്ടുകയും ചെയ്യുന്നു. മാർച്ച് 27ന് പുറത്ത് വരുന്ന പ്രതിവാര ക്രൂഡ് ഓയിൽ ഇൻവെന്ററി ഡാറ്റയും നിർണായകമാണ്. ക്രൂഡ് ഓയിൽ ഇൻവെന്ററി വർദ്ധിക്കുമ്പോൾ സമ്പദ്‌വ്യവസ്ഥയിൽ ഡിമാൻഡ് കുറയുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. ഇത് ബുള്ളിഷ് ആയി തുടരുന്ന ക്രൂഡ് വിലയെ പ്രതികൂലമായി ബാധിച്ചെക്കാം . പ്രതിവാര പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകളുടെ(initial jobless claims) ഡാറ്റയാണ് മാർച്ച് 28ന് വരുന്ന പ്രധാന ഡാറ്റകളിലൊന്ന്. കഴിഞ്ഞ വാരത്തിൽ ഈ ഡാറ്റയിൽ ഉണ്ടായ വർദ്ധനവ് ഫെഡ് നടപടികൾ ശെരിയായ ദിശയിലാണെന്ന് സൂചനയാണ് നൽകുന്നത് . അന്ന് തന്നെ പുറത്തു വരുന്ന യുഎസിന്റെ 2023 ലെ നാലാം പാദത്തിലെ അവസാന ജിഡിപി അനുമാനമാണ് മറ്റൊരു പ്രധാന ഡാറ്റ. ഉയർന്ന പലിശ നിരക്കുകൾക്കിടയിലും യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിക്ഷേപകർ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. വാരാന്ത്യത്തിലേക്ക് എത്തുമ്പോൾ വരുന്ന പ്രധാന ഡാറ്റ ഫെഡ് പലിശ നിരക്ക് നിശ്ചയിക്കുന്നതിന് ഏറ്റവും അധികം ആശ്രയിക്കുന്ന കോർ വ്യക്തിഗത ഉപഭോഗ ചെലവുകൾ അടിസ്ഥാനമാക്കിയ വില സൂചികയാണ് (Core Personal Consumption Expenditure Price Index). നിലവിൽ 2.8 ശതമാനമാണിത്. ടാർഗറ്റ് നിരക്കായ് 2 ശതമാനത്തിനടുത്തേക്ക് ഈ ഡാറ്റ എത്തുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്രതീക്ഷകൾക്കനുസൃതമായാണ് ഈ ഡാറ്റയെങ്കിൽ വിപണിയിൽ ഒരു ബുള്ളിഷ് റാലിക്ക് തുടക്കം കുറിച്ചേക്കാം.


പോയ വാരത്തിൽ യൂറോപ്പ്....

യൂറോ സോണിലേക്ക് വരുമ്പോൾ, പോയ വാരത്തിൽ ഫെഡിന്റെ പാത പിന്തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്കിൽ തൽസ്ഥിതി തുടർന്നു. ഫെബ്രുവരിയിൽ യുകെയിലെ പണപ്പെരുപ്പം 2.5 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.4 ശതമാനത്തിലേക്ക് താഴ്ന്നു, അതുകൊണ്ട് തന്നെ പലിശ നിരക്ക് കുറക്കാൻ തയ്യാറാണെന്ന വ്യക്തമായ സൂചനയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടും നൽകിയത് . പണപ്പെരുപ്പ നിരക്ക് ശെരിയായ ദിശയിൽ ആണെന്നാണ് ഔദ്യോഗിക പ്രസ്ഥാവനയിൽ സൂചിപ്പിച്ചത്. ഇതിനെ തുടർന്ന് യൂറോപ്യൻ വിപണികളിൽ ബുള്ളുകൾ ശക്തമായി പ്രവർത്തിച്ചു. പ്രതിവാര പ്രകടനം വിലയിരുത്തുമ്പോൾഡാക്‌സ് 1.54 ശതമാനവും FTSE100, 2.63 ശതമാനവും നേട്ടം രേഖപ്പെടുത്തിയപ്പോൾ CAC40 0.15 ശതമാനത്തിന്റെ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത് .

അടുത്ത ആഴ്ചയിലേക്ക് വരുമ്പോൾ, മാർച്ച് 28ന് പുറത്തു വരുന്ന ബ്രിട്ടൻറെ 2023ലെ നാലാം പാദ ജിഡിപിയാണ് മേഖലയെ സ്വാധീനിക്കാൻ സാധ്യതയുള്ള പ്രധാന ഡാറ്റ. അന്ന് തന്നെ പുറത്തു വരുന്ന ജർമനിയുടെ മാർച്ചിലെ തൊഴിലില്ലായ്മ നിരക്കും വിപണി സൂക്ഷ്‌മമായി നിരീക്ഷിക്കും. 29ന് പുറത്ത് വരുന്ന ഫ്രാൻസിന്റെ കൺസ്യൂമർ സ്‌പെൻഡിങ് റിപ്പോർട്ടുമാണ് അടുത്ത ആഴ്ചയിലെ മറ്റൊരു പ്രധാന ഡാറ്റ. പണപ്പെരുപ്പത്തിനനുസരിച്ച് ക്രമീകരിച്ച ഉപഭോക്തൃ ചെലവുകളുടെ ഡാറ്റയാണിത്. സാമ്പത്തിക പ്രവർത്തനത്തിൻ്റെ ഭൂരിഭാഗവും ഉപഭോക്തൃ ചെലവുകളായത് കൊണ്ട് വിപണിയിൽ ഈ ഡാറ്റ ചലനങ്ങൾ സൃഷ്ടിച്ചേക്കാം .

ഏഷ്യയിൽ മിന്നും താരമായി നിക്കേ 225

ഏഷ്യയിലേക്ക് വരുമ്പോൾ, 2007നു ശേഷം ആദ്യമായി ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് നെഗറ്റീവ് സംഖ്യയിൽ നിന്നും പോസിറ്റിവ് സംഖ്യയിലേക്ക് ഉയർത്തിയതിനെ തുടർന്ന് ബുള്ളിഷ് റാലിയുടെ വേഗത വർധിപ്പിക്കയും നിക്കേ 225, 41,133 എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തുന്ന കാഴ്ച ആയിരുന്നു കണ്ടത്. പ്രതിവാര പ്രകടനം നോക്കുമ്പോൾ ആഗോള വിപണികളിൽ തിളങ്ങുന്ന പ്രകടനമാണ് നിക്കേ 225 കാഴ്ചവെച്ചത്. പ്രതിവാരത്തിൽ 5.65 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ചൈനയുടെ സെൻട്രൽ ബാങ്ക് പലിശ നിരക്കിൽ തൽസ്ഥിതി തുടർന്നത് ചൈനീസ് വിപണികളിലും ഉണർവുണ്ടാക്കി .

അടുത്ത് ആഴ്ചയിലേക്ക് വരുമ്പോൾ മാർച്ച് 26ന് വരുന്ന ബാങ്ക് ഓഫ് ജപ്പാൻ പ്രസിദ്ധീകരിക്കുന്ന കോർ ഉപഭോക്തൃ വിലസൂചിക ഡാറ്റയാണ് . പലിശ നിരക്ക് വർധിപ്പിച്ച ജപ്പാനീസ് സെൻട്രൽ ബാങ്കിന്റെ നടപടികൾ ഈ ഡാറ്റയെ അടിസ്ഥാനമാക്കി വിപണി വിലയിരുത്തും. മാർച്ച് 30 ന് പുറത്തു വരുന്ന ചൈനയുടെ മാർച്ചിലെ ചൈനീസ് കോംപോസിറ്റ് പിഎംഐ, നിർമാണ മേഖലയിലെ പിഎംഐ, നിർമാണ ഇതര പിഎംഐ ഡാറ്റകൾ എന്നിവ കൂടി വരുന്നതോടെ ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ വ്യക്തമായ ചിത്രം നിക്ഷേപകർക്ക് ലഭിക്കും.

ബുൾസുകളുടെ മേൽക്കോയ്മ ആയിരുന്നു ആഗോള വിപണികളിൽ പോയ വാരത്തിൽ കണ്ടത്. ദുഃഖ വെള്ളിയെ തുടർന്ന് 4 വ്യാപാര ദിനങ്ങൾ മാത്രമേ അടുത്ത ആഴ്ചയിൽ ഭൂരിഭാഗം ആഗോള വിപണികളിലും ഉണ്ടാകു. വരുന്ന വാരത്തിലും ഈ ബുൾ റാലി തുടരുമോ അതോ വിപണികൾ കറക്ഷൻ നേരിടുമോ എന്നതായിരിക്കും നിക്ഷേപക ശ്രദ്ധ നേടുക .