14 Oct 2023 5:56 AM GMT
Summary
- ഐഎംഎഫ്-ലോകബാങ്ക് വാര്‍ഷിക യോഗങ്ങളില്‍ ധനമന്ത്രി പങ്കെടുക്കുന്നു
- യുഎസ് ട്രഷറി സെക്രട്ടറി യെല്ലനുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- കടം പുനഃക്രമീകരിക്കല്‍ പ്രക്രിയയുടെ തടസങ്ങള്‍ പരിഹരിക്കണം
പശ്ചിമേഷ്യാ പ്രതിസന്ധി ഇന്ത്യ-മിഡിൽ ഈസ്റ്റ് -യൂറോപ്പ് സാമ്പത്തിക ഇടനാഴി ( ഐ എം ഇ സി ) വികസിപ്പിക്കാനായുള്ള നീക്കത്തിന് തടസ്സമാവുകയില്ലന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
മൊറോക്കോയിലെ മാരാക്കേച്ചില്‍ ജി 20 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരെയും (എഫ്എംസിബിജി) അഭിസംബോധന ചെയ്യുകയായിരുന്നു നിര്‍മ്മല സീതാരാമന്‍
എന്നാൽ സംഘർഷം ഇന്ധന വില, ആഗോള വിതരണ ശൃംഖലയുടെ തകര്‍ച്ച എന്നിവ നവ വിപണികൾക്കു ( എമേർജിങ് മാർക്കറ്റ്സ് ) പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു.
ഉയർന്ന പലിശ നിരക്ക് ദീർഘ കാലം നില നിന്നാൽ , വിപണികളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് കുറക്കുമെന്നു അവർ ആശങ്ക പ്രകടിപ്പിച്ചു. ഈ വിപണികൾ ലോകത്തിന്റെ തന്നെ വളർച്ച എഞ്ചിനുകളാണെന്നും അതിനാൽ അവയിലേക്കുള്ള നിക്ഷേപ പ്രവാഹത്തിന് ഉയർന്ന പലിശ തടസ്സമാകാൻ പാടില്ലെന്ന് അവർ പറഞ്ഞു.2023ലെ ഐഎംഎഫ്-ലോകബാങ്ക് വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി മൊറോക്കോയിലെ മാരാക്കേച്ചില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണ് ധനമന്ത്രി. ഒക്ടോബര്‍15വരെയാണ് യോഗങ്ങള്‍.
അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) നയ മുന്‍ഗണനകളെക്കുറിച്ചും അതിന്റെ അംഗത്വത്തെ എങ്ങനെ പിന്തുണയ്ക്കണം എന്നതിനെക്കുറിച്ചും ധനമന്ത്രി നേരത്തെ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി ചര്‍ച്ച നടത്തിയിരുന്നു.
മൊറോക്കോയിലെ മാരാക്കേച്ചില്‍ നടന്നുകൊണ്ടിരിക്കുന്ന ഐഎംഎഫ്-ലോകബാങ്ക് വാര്‍ഷിക യോഗങ്ങള്‍ക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
സീതാരാമന്‍ ഐഎംഎഫിന്റെ മാന്‍ഡേറ്റ്, ലെന്‍ഡിംഗ് പോളിസികള്‍, ക്വാട്ട അധിഷ്ഠിതമായ ഐഎംഎഫ്, പോവര്‍ട്ടി റിഡക്ഷന്‍ ആന്‍ഡ് ഗ്രോത്ത് ട്രസ്റ്റ് (പിആര്‍ജിടി) ഫിനാന്‍സിംഗ്, ഐഎംഎഫ് ഭരണ പരിഷ്‌കാരങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു. കടം പുനഃക്രമീകരിക്കല്‍ പ്രക്രിയയുടെ തടസങ്ങള്‍ പരിഹരിക്കുന്നതിലും സഹകരണം വളര്‍ത്തുന്നതിലും ഐഎംഎഫിന്റെ പങ്കും അവര്‍ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
യുഎസ് ട്രഷറി സെക്രട്ടറി യെല്ലന്‍ ആണ് വട്ടമേശ ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിച്ചത്. 'എംഡിബികളുടെ സാമ്പത്തിക ശേഷി ശക്തിപ്പെടുത്തല്‍' എന്ന വിഷയത്തില്‍ ഒരു ഉന്നതതല സെമിനാറും ജി20 ഇന്ത്യ സംഘടിപ്പിച്ചു. ആഗോള വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളിലേക്ക് നീങ്ങുന്നതിന് ബഹുമുഖമായ ഇടപെടലുകളുടെ പ്രാധാന്യം ധനമന്ത്രി ഊന്നിപ്പറഞ്ഞു.
മള്‍ട്ടി-ലാറ്ററല്‍ ഡെവലപ്മെന്റ് ബാങ്കുകളുടെ (എംഡിബി) ധനസഹായം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ ഓപ്ഷനുകളെക്കുറിച്ചും എംഡിബികളിലുടനീളം ഈ ഓപ്ഷനുകള്‍ എങ്ങനെ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കാമെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു.
ആഗോള സാമ്പത്തിക സുരക്ഷാ ശൃംഖലയുടെ കേന്ദ്രമായി തുടരുന്നതിന് ക്വാട്ട അധിഷ്ഠിത വിഭവങ്ങളിലൂടെ ഐഎംഎഫ് നല്ല മൂലധനം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും കേന്ദ്ര ധനമന്ത്രി എടുത്തുപറഞ്ഞു.