21 Jun 2023 7:06 AM GMT
Summary
- ഈ മാസം 26-ന് അഞ്ച് പുതിയ വന്ദേ ഭാരത് സര്‍വീസ് കൂടി ആരംഭിക്കുകയാണ്
- 2024 ഓഗസ്റ്റ് മാസത്തോടെ 75 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കാനാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം
- നിലവില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് ചെയര്‍ കാര്‍ കോച്ചുകള്‍ ഉണ്ട്
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ 2024 മാര്‍ച്ചില്‍ ട്രാക്കിലിറങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സ്ലീപ്പര്‍ ട്രെയിനുകള്‍ ലോഞ്ച് ചെയ്യുന്നതിനുള്ള അണിയറ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ വന്ദേഭാരത് സ്ലീപ്പര്‍ വേരിയന്റ് ട്രെയിനുകളുടെ രൂപരേഖ തയ്യാറാക്കും.
22 സ്ലീപ്പര്‍ ട്രെയിനുകളാണ് നിര്‍മിച്ചിരിക്കുന്നത്.
നിലവില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് ചെയര്‍ കാര്‍ കോച്ചുകള്‍ ഉണ്ട്. സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തുന്നതോടെ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് ദീര്‍ഘദൂര യാത്രകളും രാത്രി യാത്രകളും നടത്താന്‍ സാധിക്കും.
2019 ഫെബ്രുവരിയില്‍ ആരംഭിച്ച വന്ദേ ഭാരത് എക്സ്പ്രസ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ന്യൂഡല്‍ഹി-കാന്‍പൂര്‍-അലഹബാദ്-വാരണാസി റൂട്ടിലായിരുന്നു ആദ്യ ഓട്ടം നടത്തിയത്.
അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ വന്ദേഭാരത് ട്രെയിനുകളുടെ മൂന്ന് പതിപ്പുകള്‍ അവതരിപ്പിക്കുമെന്നും റെയില്‍വേ മന്ത്രി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്‌സ് എന്നിവയാണ് മൂന്ന് പതിപ്പുകള്‍. 100 കിലോമീറ്റര്‍ താഴെയുള്ള ദൂരം സര്‍വീസ് നടത്തുന്നവയായിരിക്കും വന്ദേ മെട്രോ, 100-500 കിലോമീറ്ററിനിടയിലുള്ള ദൂരം സര്‍വീസ് നടത്താന്‍ വന്ദേ ചെയര്‍ കാറും, 550 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്താന്‍ വന്ദേ സ്ലീപ്പറും ട്രാക്കിലിറക്കും. ഈ മാസം 27-ന് ഭോപ്പാലില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഭോപ്പാല്‍-ഇന്‍ഡോര്‍, ഭോപ്പാല്‍-ജബല്‍പ്പൂര്‍ സര്‍വീസുകളായിരിക്കും ഇവ.
ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ഭോപ്പാല്‍-ന്യൂഡല്‍ഹി റൂട്ടില്‍ വന്ദേ ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. 708 കിലോമീറ്റര്‍ ദൂരമുള്ള ഈ റൂട്ട് വന്ദേ ഭാരത് ഓടിയെത്തുന്നത് വെറും 7 മണിക്കൂര്‍ 45 മിനിറ്റെടുത്താണ്.
ഈ മാസം 26-ന് അഞ്ച് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് കൂടി ഇന്ത്യന്‍ റെയില്‍വേ ആരംഭിക്കുകയാണ്.
മുംബൈ-ഗോവ,
ബെംഗളുരു-ഹുബ്ബള്ളി,
ധാര്‍വാഡ്, പട്‌ന-റാഞ്ചി,
ഭോപ്പാല്‍-ഇന്‍ഡോര്‍,
ഭോപ്പാല്‍-ജബല്‍പൂര്‍ എന്നീ റൂട്ടുകളിലാണ് വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുന്നത്.
അതേസമയം 2024 ഓഗസ്റ്റ് മാസത്തോടെ 75 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
കാരണം, 2022-23-ല്‍ 32 ട്രെയിനുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിക്ക് ഇതു വരെ ഒരു വന്ദേ ഭാരത് ട്രെയിന്‍ പോലും ഡെലിവര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.