image

28 Jan 2025 9:12 AM GMT

Economy

അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി

MyFin Desk

export of raw materials unacceptable, says pm
X

Summary

  • മൂല്യവര്‍ധനവ് ഇന്ത്യയില്‍തന്നെ സംഭവിക്കണം
  • ഇന്ത്യന്‍ അസംസ്‌കൃത വസ്തുക്കള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി രാജ്യത്തേക്ക് തിരിച്ചെത്തുന്നു
  • ഈ പ്രവണത മാറ്റിയെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു


അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി അംഗീകരിക്കാനാവില്ലെന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭുവനേശ്വറിലെ ജനതാ മൈതാനിയില്‍ 'ഉത്കര്‍ഷ് ഒഡീഷ, മേക്ക് ഇന്‍ ഒഡീഷ കോണ്‍ക്ലേവ്' ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'ധാതുക്കള്‍ ഇവിടെ വേര്‍തിരിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. അവിടെനിന്നും മുല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കുന്നു. ഈ പ്രവണത സ്വീകാര്യമല്ല', പ്രധാനമന്ത്രി തുറന്നടിച്ചു.

കിഴക്കന്‍ ഇന്ത്യയെ രാജ്യത്തിന്റെ വളര്‍ച്ചാ എഞ്ചിനായാണ് താന്‍ കണക്കാക്കുന്നതെന്നും അതില്‍ ഒഡീഷ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതിലൂടെ മാത്രം രാജ്യത്തിന്റെ വികസനം സാധ്യമല്ല. അതിനാല്‍ ആവാസവ്യവസ്ഥയെ മുഴുവന്‍ മാറ്റി പുതിയ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

21-ാം നൂറ്റാണ്ട് കണക്റ്റഡ് ഇന്‍ഫ്രാസ്ട്രക്ചറിനും മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റിക്കുമുള്ളതാണെന്ന് മോദി പറഞ്ഞു. ഒഡീഷയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ ആസിയാന്‍ രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗവേഷണത്തിനായി ഊര്‍ജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനായി പത്യേക ഫണ്ടും രൂപീകരിച്ചിട്ടുണ്ട്. വ്യവസായങ്ങള്‍ മുന്നോട്ടുവന്ന് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് വിപുലമായ ടൂറിസം സാധ്യതകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് ദിവസത്തെ കോണ്‍ക്ലേവില്‍ പ്രമുഖ വ്യവസായികള്‍ ഉള്‍പ്പെടെ 7,500 പ്രതിനിധികള്‍ പങ്കെടുക്കും.