28 Nov 2024 10:54 AM GMT
Summary
- യുഎസ്-ചൈന വ്യാപാരയുദ്ധം മുറുകും
- പ്രധാന ചിപ്പ് ഉപകരണ കമ്പനികള്‍ പ്രതിസന്ധി നേരിടും
- സാങ്കേതിക സ്വാശ്രയത്വം കൈവരിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി
200 ഓളം ചൈനീസ് കമ്പനികളെ അതിന്റെ വ്യാപാര നിയന്ത്രണ പട്ടികയിലേക്ക് ചേര്‍ക്കാന്‍ യുഎസ് തയ്യാറെടുക്കുന്നു. ഇവയില്‍ പ്രധാന ചിപ്പ് ഉപകരണ കമ്പനികളും മെറ്റീരിയലുകള്‍ വിതരണക്കാരും ഉള്‍പ്പെടുന്നു. ചൈനയുടെ അര്‍ദ്ധചാലക മേഖല നേരിടുന്ന കനത്തവെല്ലുവിളിയാണിത്.
ഈ നടപടി സാങ്കേതിക സ്വാശ്രയത്വം കൈവരിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ കൂടുതല്‍ തടസ്സപ്പെടുത്തുമെന്ന് കരുതുന്നു.2019 മുതല്‍ യുഎസ് ഉപരോധത്തിന് കീഴിലുള്ള ചിപ്പ് ഫാബ്രിക്കേഷന്‍ പ്ലാന്റുകളെയും ഹ്വാവെയ് ടെക്നോളജീസിന്റെ പ്രധാന നിര്‍മ്മാണ പങ്കാളികളെയും ലക്ഷ്യമിട്ടാണ് കരിമ്പട്ടിക സജ്ജീകരിച്ചിരിക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതുക്കിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ചൈനയുടെ ചിപ്പ് നിര്‍മ്മാണ വിതരണ ശൃംഖലയെ താറുമാറാക്കും. ബെയ്ജിംഗിന്റെ അര്‍ദ്ധചാലക വ്യവസായവുമായി ബന്ധമുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളെ അടക്കം നിയന്ത്രണം ബാധിക്കും.
യുഎസ് നടപ്പാക്കാനൊരുങ്ങുന്ന ഉപരോധത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അപലപിച്ചു. ബെയ്ജിംഗ് അതിന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉറച്ച നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഈ നീക്കം യുഎസും ചൈനയും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കുയാണ്. ചൈനയുടെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന നൂതന സാങ്കേതിക വിദ്യകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയാണ് നടപടിയുടെ ലക്ഷ്യം.
മുന്‍ നിയന്ത്രണങ്ങള്‍ പ്രാഥമികമായി ചൈനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയെ ലക്ഷ്യം വച്ചിരുന്നു.
ഉപരോധങ്ങള്‍ക്കിടയിലും, സ്വയംപര്യാപ്തമായ അര്‍ദ്ധചാലക വിതരണ ശൃംഖല നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ചൈന. നൂതനമായ ചിപ്പ് മേക്കിംഗ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ബെയ്ജിംഗ് മികവ് പുലര്‍ത്തുന്നു. ലിത്തോഗ്രാഫി, ഇലക്ട്രോണ്‍-ബീം ഇന്‍സ്‌പെക്ഷന്‍ സിസ്റ്റങ്ങള്‍ തുടങ്ങിയ ഇറക്കുമതി ചെയ്ത ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളെയും രാജ്യം ആശ്രയിക്കുന്നു.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം പിരിമുറുക്കങ്ങള്‍ നിറഞ്ഞതാണ്, പ്രത്യേകിച്ച് 2018-ല്‍ യുഎസ്-ചൈന വ്യാപാരയുദ്ധം ആരംഭിച്ചതുമുതല്‍. താരിഫുകള്‍, സാങ്കേതിക കയറ്റുമതി നിയന്ത്രണങ്ങള്‍, പ്രത്യേക ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള പിഴകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഉപരോധങ്ങള്‍ യുഎസ് ഇതുവരെ നടപ്പാക്കിയിട്ടുണ്ട്.