1 April 2025 9:45 AM
Summary
- ആഗോള വിപണികളില്‍ ആശങ്ക
- ചൈന, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലും വ്യാപാര യുദ്ധ ഭീഷണി
യുഎസിന്റെ പകരച്ചുങ്കം ബുധനാഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും. തീരുവ 25 ശതമാനം ഉയര്‍ത്തിയാല്‍ ഇന്ത്യ നേരിടേണ്ടിവരിക 31 ബില്യണ്‍ ഡോളറിന്റെ നഷ്ടമായിരിക്കുമെന്ന് കണക്കുകള്‍ പറയുന്നു. അതേസമയം ഇന്ത്യയും യുഎസും ഒരു വ്യാപാര കരാറിന് തയ്യാറെടുക്കുകയാണെന്നും യുഎസ് പ്രസിഡന്റ് പറയുന്നു.
കാര്‍ഷിക ഇറക്കുമതി തീരുവയില്‍ ഇളവിന് ഇന്ത്യ തയ്യാറായിട്ടുണ്ട്. ഒപ്പം നിരവധി ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയ്ക്കുകയും ചെയ്തു. ബദാം, ക്രാന്‍ബെറി, ബര്‍ബണ്‍ വിസ്‌കി എന്നിവയുള്‍പ്പെടെ 23 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള യുഎസ് ഉല്‍പ്പന്നങ്ങളുടെ താരിഫ് കുറയ്ക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ബര്‍ബണ്‍
വിസ്‌കിയുടെ തീരുവ ഇന്ത്യ ഇതിനകം 150% ല്‍ നിന്ന് 100% ആയി കുറച്ചു.
ആഡംബര കാറുകള്‍, സോളാര്‍ സെല്ലുകള്‍, യന്ത്രങ്ങള്‍ എന്നിവയുടെ ഇറക്കുമതി താരിഫ് 150% ല്‍ നിന്ന് 70% ആയി കുറച്ചു. ശരാശരി താരിഫുകളും 13% ല്‍ നിന്ന് 11% ല്‍ താഴെയായി. ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കുള്ള 6% നികുതി നീക്കം ചെയ്യുന്നത് പ്രാബല്യത്തില്‍ വന്നു. ഇത് ഗൂഗിള്‍, മെറ്റ തുടങ്ങിയ യുഎസ് ടെക് ഭീമന്മാര്‍ക്ക് ഗുണം ചെയ്യും.
യുഎസില്‍ നിന്നുള്ള ഊര്‍ജ്ജ ഇറക്കുമതി 15 ബില്യണ്‍ ഡോളറില്‍ നിന്ന് 25 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ഇന്ത്യ ലക്ഷ്യമിടുന്നു. കൂടാതെ, ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനായി ഇന്ത്യയ്ക്ക് എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ട്രംപ് പ്രസ്താവിച്ചിട്ടുണ്ട്.
ബ്രോക്കറേജ് സ്ഥാപനമായ എംകെയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, 10% താരിഫ് നിശ്ചയിച്ചാല്‍പ്പോലും ഇന്ത്യയ്ക്ക് യുഎസിലേക്കുള്ള കയറ്റുമതിയില്‍ ഏകദേശം 6 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാകും.
അതേസമയം, അമേരിക്കയുടെ 'വിമോചന ദിനം' എന്ന് ട്രംപ് വിശേഷിപ്പിക്കുന്ന ദിവസം ബുധനാഴ്ചയാണ്. ലോക വ്യാപാര യുദ്ധ ആശങ്കയില്‍ യുഎസിലെ അടക്കം ആഗോള ഓഹരിവിപണികളെല്ലാം ഇടിവിലാണ്. പരസ്പര താരിഫില്‍ ചൈന, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്ന് പ്രതികാര നടപടികള്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.