image

4 Jan 2024 7:16 AM GMT

Economy

പുതിയ റെക്കോഡിട്ട് യുഎസിന്‍റെ കടം, ഫണ്ടിംഗ് പദ്ധതിയിലെ തര്‍ക്കം തുടരുമോ?

MyFin Desk

will new record us debt continue debate over funding plan
X

Summary

  • പരസ്‍പരം പഴിചാരി റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും
  • കോവിഡ് -19 ദുരിതാശ്വാസ പാക്കേജുകളും കടം വർധിക്കാന്‍ കാരണം
  • കമ്മി 2.5 ട്രില്യൺ ഡോളര്‍ കുറയ്ക്കാന്‍ പദ്ധതിയുണ്ടെന്ന് വൈറ്റ്ഹൗസ് വക്താവ്


യുഎസ് സര്‍ക്കാരിന്‍റെ വായ്പാ ബാധ്യത ചരിത്രത്തില്‍ ആദ്യമായി 34 ട്രില്യൺ ഡോളറിലെത്തി. പുതിയ ഫെഡറൽ ഫണ്ടിംഗ് പ്ലാനുകൾ യുഎസ് കോണ്‍ഗ്രസ് അംഗീകരിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജ്യത്തിന്‍റെ കടബാധ്യത പുതിയ റെക്കൊഡിട്ടിട്ടുള്ളത്. ഭരണപക്ഷത്തുള്ള ഡെമോക്രാറ്റുകള്‍ക്കും പ്രതിപക്ഷത്തുള്ള റിപ്പബ്ലിക്കന്‍മാര്‍ക്കും ഇടയിലെ പ്രധാന തര്‍ക്കവിഷയമായി രാജ്യത്തിന്‍റെ വായ്പാഭാരം മാറിയിട്ടുണ്ട്. ഇത് ഫെഡറല്‍ ബജറ്റുകള്‍ അംഗീകരിക്കപ്പെടുന്നത് സംബന്ധിച്ച് പലപ്പോഴും ആശങ്കകള്‍ക്കും വഴിവെച്ചു.

റിപ്പബ്ലിക്കൻമാർ പറയുന്നത്, ബൈഡൻ ഭരണകൂടം മുന്നോട്ടുവെക്കുന്ന ഫെഡറൽ ചെലവിടല്‍ പദ്ധതി വളരെ ചെലവേറിയതാണെന്നാണ്. ഡെമോക്രാറ്റുകൾ പറയുന്നത് 2017ല്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്‍റെ കാലത്ത് നടപ്പാക്കിയ നികുതി വെട്ടിക്കുറവുകൾ രാജ്യത്തിന്‍റെ വരുമാനത്തിന് തുരങ്കംവെച്ചു എന്നാണ്. ട്രംപിന്റെയും ബൈഡന്റെയും ഭരണകാലത്ത് പാസാക്കിയ ചെലവേറിയ കോവിഡ് -19 ദുരിതാശ്വാസ പാക്കേജുകളും കടത്തിന്റെ വർധനയ്ക്ക് കാരണമായി.

വൻകിട കോർപ്പറേറ്റുകള്‍ക്കും സമ്പന്നർക്കും റിപ്പബ്ലിക്ക് ഭരണകാലത്ത് നല്‍കിയ ആവര്‍ത്തിച്ചുള്ള ആനുകൂല്യങ്ങള്‍ വരുമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് വൈറ്റ്ഹൗസ് വക്താവ് മൈക്കൽ കികുകാവ പറഞ്ഞു, ഇത് സാധാരണ അമേരിക്കക്കാര്‍ക്കുള്ള സാമൂഹ്യ സുരക്ഷ, ആരോഗ്യ പരിപാലന ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ കാരണമായി. വൻകിട ഫാർമസ്യൂട്ടിക്കൽ, ഓയിൽ കമ്പനികൾ ഉൾപ്പെടെ, സമ്പന്നര്‍ക്കും വൻകിട കോർപ്പറേറ്റുകള്‍ക്കും ന്യായമായ വിഹിതം നൽകുകയും പ്രത്യേക താൽപ്പര്യങ്ങൾക്കായി പാഴായ ചെലവുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തുകൊണ്ട് കമ്മിയില്‍ 2.5 ട്രില്യൺ ഡോളറിന്‍റെ കുറവ് വരുത്താന്‍ പ്രസിഡന്റ് ജോ ബൈഡന് പദ്ധതിയുണ്ടെന്നും കികുകാവ പറഞ്ഞു.

തീര്‍ത്തും നിരാശാജനകമായ 'നേട്ടം'

ട്രഷറി ഡിപ്പാർട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ഡാറ്റ കാണിക്കുന്നത് "മൊത്തം പൊതുകടം" ഡിസംബർ 29-ന് 34.001 ട്രില്യൺ ഡോളറായി ഉയർന്നുവെന്നാണ്. ബജറ്റ് കമ്മി അഥവാ ദേശീയ വായ്പാ ബാധ്യത 33 ട്രില്യൺ ഡോളർ മറികടന്ന് മൂന്നുമാസങ്ങള്‍ക്കകമാണ് പുതിയ നാഴികക്കല്ലിലെത്തിയത്. തീര്‍ത്തും നിരാശാജനകമായ 'നേട്ടം' എന്നാണ് സാമ്പത്തിക നിരീക്ഷകയായ മയ മക്‌ഗിനിയസ് ഇതിനെ വിശേഷിപ്പിച്ചത്. “നമ്മുടെ കടബാധ്യത സമ്പദ്‌വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും അപകടകരമാണെങ്കിലും, കടം വാങ്ങുന്നത് നിർത്താൻ അമേരിക്കയ്ക്ക് കഴിയില്ല,” അവർ പ്രസ്താവനയിൽ പറഞ്ഞു.

സമ്പദ്‌വ്യവസ്ഥ താരതമ്യേന ശക്തവും തൊഴിലില്ലായ്മ കുറഞ്ഞതുമായ ഒരു കാലഘട്ടത്തിൽ ദേശീയ കടം വർദ്ധിക്കുന്നത് ആശങ്കാജനകമാണ്, കാരണം ഇത് ഫെഡറൽ കമ്മി നിയന്ത്രിക്കാനുള്ള നല്ല സമയമായി കണക്കാക്കപ്പെടുന്നു. ദുർബലമായ സാമ്പത്തിക കാലഘട്ടങ്ങളിലും ഉയർന്ന തൊഴിലില്ലായ്മയുടെ സാഹചര്യത്തിലും വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശ്രമം എന്ന നിലയിലാണ് സർക്കാരുകള്‍ പലപ്പോഴും ചെലവ് വർദ്ധിപ്പിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.