7 April 2024 6:45 AM GMT
Summary
- യുഎസ്-ചൈന വ്യാപാരയുദ്ധത്തില്‍ മാറ്റമുണ്ടാകുമോ എന്ന് ലോകം ഉറ്റുനോക്കുന്നു
- ചൈനീസ് സമ്പദ് വ്യവസ്ഥക്ക് ഇപ്പോള്‍ കൂടുതല്‍ വിദേശ നിക്ഷേപം ആവശ്യം
- യുഎസ് വ്യാപാര പ്രതിനിധികളുമായി ഒരാഴ്ചമുമ്പ് ചൈനീസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയത് ബെയ്ജിംഗിന്റെ ആവശ്യകത സൂചിപ്പിക്കുന്നു
അഗോള വിപണികള്‍ ചൈന പിടിച്ചടക്കുമെന്ന ഭയത്താല്‍ അത് തടയുന്നതിന് യുഎസ് ശ്രമം തുടങ്ങി. ബെയ്ജിംഗ് വന്‍ ആനൂകൂല്യങ്ങള്‍ നല്‍കി ഉല്‍പ്പാദനം വര്‍ധിപ്പിക്കുമ്പോള്‍ അവ വിലകുറച്ച് ആഗോള വിപണികളില്‍ വില്‍ക്കുന്നതിന് ചൈനീസ് കമ്പനികള്‍ക്ക് സാധിക്കുന്നു. വിപണി പിടിച്ചടക്കിയശേഷം ക്രമേണ വില വര്‍ധിപ്പിക്കുക എന്നതന്ത്രമാണ് ബെയ്ജിംഗ് സ്വീകരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന ഇതിനുദാഹരണമാണ്. ഇപ്പോള്‍ അത് ഇലക്ട്രിക് വാഹനങ്ങളില്‍ വരെ എത്തിനില്‍ക്കുന്നു.
ഇതിന്റെ ഭാഗമായി ചൈനയുമായി ചര്‍ച്ച നടത്താന്‍ യുഎസ് സന്നദ്ധമായി. ഇപ്പോള്‍ സാമ്പത്തിക രംഗത്ത് ഒരു സഹകരണ മനോഭാവം സൃഷ്ടിക്കുന്നതിന് യുഎസും ചൈനയും ചര്‍ച്ചകള്‍ നടത്തുന്നു. ബെയ്ജിംഗിന്റെ സാമ്പത്തിക മാതൃകയെക്കുറിച്ചുള്ള അമേരിക്കന്‍ പരാതി പരിഹരിക്കുന്നതിനും ശ്രമവും നടക്കുകയാണ്. യു.എസ് പ്രസ്താവന പ്രകാരം, ഇരുപക്ഷവും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും ആഭ്യന്തര, ആഗോള സമ്പദ്വ്യവസ്ഥകളിലെ വളര്‍ച്ചയ്ക്കും കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധതയ്ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന രണ്ട് പുതിയ സാമ്പത്തിക ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇക്കാര്യങ്ങള്‍ക്കായി നിലവില്‍ ചൈനയില്‍ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ സന്ദര്‍ശനം നടത്തുകയാണ്.
യെല്ലനും വൈസ് പ്രീമിയര്‍ ഹീ ലൈഫംഗും തമ്മില്‍ രണ്ട് ദിവസത്തെ നീണ്ട കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് യുഎസ് പ്രതികരണം പുറത്തുവന്നത്. യുഎസിന്റെ കയറ്റുമതിക്ക് തടസമാകുന്ന ചൈനയുടെ നടപടികളില്‍നിന്നും അവരെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യവും യുഎസിനുണ്ട്. ഇത് ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണ് എന്ന് കരുതുന്നില്ലെന്നും യെല്ലന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്ത് നിന്ന് ഉടന്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ആഭ്യന്തര, ആഗോള സമ്പദ്വ്യവസ്ഥയിലെ സന്തുലിത വളര്‍ച്ചയെക്കുറിച്ച് യുഎസും ചൈനയും ആശയവിനിമയം നടത്തുമെന്ന് ഇരുകൂട്ടരും സമ്മതിച്ചിട്ടുണ്ട്. ഇത് സാമ്പത്തിക അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള ഒരു ചര്‍ച്ചയെ സുഗമമാക്കും. നിലവില്‍ വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇരുരാജ്യങ്ങളും അതില്‍ നിന്ന് പുറത്തുകടക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ സ്വന്തം താല്‍പ്പര്യം ബലികഴിക്കപ്പെടുമോ എന്ന ഭീതി കരുതലോടെ മാത്രം നയങ്ങള്‍ രൂപപ്പെടുത്താന്‍ അവരെ പ്രേരിപ്പിക്കുന്നു. സംഘര്‍ഷം ഒഴിവാക്കണമന്നും യെല്ലന്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ ആശയവിനിമയം നിലനിര്‍ത്തുന്നു എന്നതിന്റെ മികച്ച സൂചനയാണ് യെല്ലന്റെ ചൈനാ സന്ദര്‍ശനമെന്ന് ചൈന വിലയിരുത്തി.
ചൈനീസ് ഗവണ്‍മെന്റ് സബ്സിഡിയും മറ്റ് നയ പിന്തുണയും ചൈനയിലെ സോളാര്‍ പാനല്‍, ഇവി നിര്‍മ്മാതാക്കളെ ഫാക്ടറികളില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിച്ചു. അത് ആഭ്യന്തര വിപണിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഉല്‍പ്പാദന ശേഷി കൈവരിച്ചു.
വന്‍തോതിലുള്ള ഉല്‍പ്പാദനം ചെലവ് കുറയ്ക്കുകയും ഹരിത സാങ്കേതികവിദ്യകള്‍ക്കായുള്ള വിലയുദ്ധങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തു. എന്നാല്‍ പാശ്ചാത്യ ഗവണ്‍മെന്റുകള്‍ ഭയപ്പെടുന്നത് ആ ശേഷി തങ്ങളുടെ വിപണികള്‍ കുറഞ്ഞ തുകക്കുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ചൈന പിടിച്ചടക്കുമോ എന്നാണ്. ഇത് അമേരിക്കന്‍, യൂറോപ്യന്‍ തൊഴിലുകള്‍ക്ക് ഭീഷണിയാകുമെന്നും ഭയപ്പെടുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ കൂടുതല്‍ ഹൈടെക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ചൈനയുമായി മികച്ച രീതിയില്‍ മത്സരിക്കാന്‍ സഹായിക്കുന്നതിനുമായി അര്‍ദ്ധചാലക വ്യവസായത്തെയും ശാസ്ത്ര ഗവേഷണത്തെയും ഉത്തേജിപ്പിക്കുന്നതിനായി 2022-ല്‍ 280 ബില്യണ്‍ ഡോളര്‍ ചിപ്‌സ് ആന്റ് സയന്‍സ് ആക്റ്റ് പാസാക്കി.
ഇരു രാജ്യങ്ങളും വ്യാപാര രംഗത്ത് സമാധാനം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ചൈന സബ്‌സിഡികള്‍ നല്‍കി പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ വിപണി കീഴടക്കിയാല്‍ യുഎസിനും യൂറോപ്പിനും വന്‍ തകര്‍ച്ച നേരിടേണ്ടിവരും എന്നത് യാഥാര്‍ത്ഥ്യമാണ്. അത് ഒഴിവാക്കാനുള്ള ഒരു ശ്രമമാണ് യെല്ലന്റെ ചൈനാ സന്ദര്‍ശനത്തിനു പിന്നില്‍.