2 Dec 2023 7:07 AM
Summary
- ഇടപാട് മൂല്യം 1,740,000 (17.40 ട്രില്ല്യണ്‍) കോടി രൂപ
- ഐഎംപിഎസ് ഇടപാടുകൾക്ക് നവംബറില്‍ നാല് ശതമാനം ഇടിവ്
- ഫാസ്ടാഗ് ഇടപാടുകള്‍ നവംബറില്‍ 321 ദശലക്ഷത്തിൽ
നവംബറില്‍ യുപിഐ വഴി നടത്തിയത് 1124 കോടി (11.24 ബില്യണ്‍) ഇടപാടുകള്‍. ഇടപാട് മൂല്യം 1,740,000 (17.40 ട്രില്ല്യണ്‍) കോടി രൂപയുടേതും. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുടെ ഡേറ്റ പ്രകാരമുള്ളതാണ് ഈ കണക്കുകള്‍.
ഒക്ടോബറില്‍ 1141 കോട് ഇടപാടുകളായിരുന്നു നടന്നത്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടപാടുകളില്‍ 1.5 ശതമാനം ഇടിവാണ് നവംബറില്‍ ഉണ്ടായിട്ടുള്ളത്. എന്നാൽ, ഇടപാട് മൂല്യത്തില്‍ ഒക്ടോബറിലെ 1,716,000 കോടി രൂപയില്‍ നിന്നും നവംബറില്‍ 1.4 ശതമാനം വര്‍ധനയുമുണ്ടായി.
2022 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടപാടുകളില്‍ 54 ശതമാനം വര്‍ധനയും ഇടപാടുകളുടെ മൂല്യത്തില്‍ 46 ശതമാനം വര്‍ധനയും ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്.
ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ് (ഐഎംപിഎസ്) വഴിയുള്ള ഇടപാടുകള്‍ നവംബറില്‍ നാല് ശതമാനം ഇടിവോടെ 472 ദശലക്ഷമായി. ഇടപാട് മൂല്യം ഒക്ടോബറിലെ 538,000 കോടി രൂപയില്‍ നിന്നും നേരിയ കുറവോടെ 535,000 കോടി രൂപയിലേക്ക് എത്തി.
ഫാസ്ടാഗ് വഴിയുള്ള ഇടപാടുകള്‍ ഒക്ടോബറില്‍ 320 ദശലക്ഷമായിരുന്നത് നവംബറില്‍ 321 ദശലക്ഷത്തിലേക്ക് ഉയര്‍ന്നു. ഫാസ്ടാഗ് വഴിയുള്ള ഇടപാടുകളുടെ മൂല്യം ഒക്ടോബറിലെ 5,539 കോടി രൂപയില്‍ നിന്നും 5,303 കോടി രൂപയിലേക്ക് താഴ്ന്നു.
ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം (എഇപിഎസ്) വഴിയുള്ള ഇടപാടുകളില്‍ കാര്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇടപാടുകളില്‍ 10 ശതമാനം വര്‍ധനയോടെ 110 ദശലക്ഷത്തിലേക്ക് നവംബറില്‍ എഇപിഎസ് വഴിയുള്ള ഇടപാടുകള്‍ എത്തി. ഒക്ടോബറില്ഡ ഇത് 100 ദശലക്ഷമായിരുന്നു. ഇടപാട് മൂല്യം ഒക്ടോബറിലെ 25,973 കോടി രൂപയില്‍ നിന്നും 29,640 കോടി രൂപയിലേക്കും എത്തി.