9 Jun 2023 5:47 AM GMT
Summary
- ബാങ്കിംഗ് മേഖലയിലെ സഹകരണവും വര്‍ധിപ്പിക്കും
- തൊഴില്‍ വിസാ പ്രശ്‌നങ്ങളും പരിഹരിക്കും
- നിര്‍ണായക തീരുമാനങ്ങള്‍ വ്യവസായ സംഘടനകളുടെ സമിതിയോഗത്തില്‍
ഇന്ത്യയും ന്യൂസിലാന്‍ഡും യുപിഐ സംവിധാനത്തിന്റെ സുഗമമാക്കല്‍ സംബന്ധിച്ച് സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചു. അതുവഴി വ്യാപാര പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാനാകുമെന്ന് ഇരു രാജ്യങ്ങളും കരുതുന്നു.
കൂടാതെ തൊഴില്‍ വിസയുടെ കാര്യത്തിലും ബാങ്കിംഗ് മേഖലയിലെ സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കാനും ധാരണയായതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
ഇരു രാജ്യങ്ങളും കൂടുതല്‍ മെച്ചപ്പെട്ട വ്യാപാര സാധ്യതകള്‍ ഇന്ന്് തേടുന്നു. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ നിലവിലുള്ള സാഹചര്യം നോക്കുമ്പോള്‍ പരസ്പര താല്‍പ്പര്യമുള്ള ഇടങ്ങളില്‍ കൂടുതല്‍ സഹകരണം ആവശ്യമാണ് എന്ന് തിരിച്ചറിയുന്നുണ്ട്.
അതിനാല്‍ മെച്ചപ്പെട്ട സാമ്പത്തിക സഹകരണണത്തിനായി അതാത് മേഖലകളില്‍ കൂടുതല്‍ സമന്വയം കൊണ്ടുവരേണ്ടതിന്റെ അനിവാര്യത ഇരു രാജ്യങ്ങളും അംഗീകരിച്ചു.
കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിന് ഇരുപക്ഷവും തയ്യാറെടുക്കുകയാണ്. ഇത് മേഖലയില്‍ പുതിയ ചലനങ്ങള്‍ക്ക് വഴിതുറക്കും. ഇന്തോ-പസഫിക് സഹകരണത്തിന്റെ ഉദാഹരണം കൂടിയാകും ഇത്.
ഇരു രാജ്യങ്ങളിലെയും വ്യവസായ-വ്യവസായ സംഘടനകളുമായി അധികൃതര്‍ നടത്തിയ സംയുക്ത യോഗത്തിലാണ് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്.
സംയുക്ത വ്യാപാര സമിതിയുടെ (ജെടിസി) ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും ചര്‍ച്ചകള്‍ നടന്നു.1986ലെ ഉഭയകക്ഷി വ്യാപാര ഉടമ്പടി പ്രകാരം രൂപീകരിച്ചതാണ് ഈ സംയുകത് വ്യാപാര സമിതി.
വാണിജ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍, ഇന്ത്യയിലെ ന്യൂസിലന്‍ഡ് ഹൈക്കമ്മീഷണര്‍ ഡേവിഡ് പൈന്‍ എന്നിവര്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു.
യുപിഐ സംവിധാനത്തിന്റെ സുഗമമാക്കല്‍ ആണ് പ്രധാനമായും ചര്‍ച്ചയായത്. ഇതില്‍ പരസ്പരം സഹകരണത്തിന് സാധ്യതകള്‍ തുറക്കുന്നതോടെ നിരവധി പ്രതിസന്ധികള്‍ മറികടക്കാനാകുന്നു. സഹകരണത്തിന്റെ വിവിധ മേഖലകള്‍ തിരിച്ചറിയുന്നതിന് യോഗം സഹായിച്ചു. അതുവഴി സഹകരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിലും തീരുമാനമാകുകയായിരുന്നു.
കാര്‍ബണ്‍ ക്രെഡിറ്റ്, കിവി പഴങ്ങളുടെ പാക്കേജ്, ട്രാന്‍സ്-ഷിപ്പ്‌മെന്റ് ഹബ്, ഉഭയകക്ഷി വ്യാപാര പ്രശ്നങ്ങളുടെ സമയോചിതമായ പരിഹാരത്തിന് മുന്‍ഗണന എന്നീവിഷയങ്ങളും ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ എല്ലാ തലത്തിലും പുരോഗതി ദൃശ്യമായിരുന്നു. അതിനാല്‍ ഇരു പക്ഷവും സമിതി യോഗത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു.
കൂടാതെ സഹകരണത്തിന്റെ കൂടുതല്‍ മേഖലകള്‍ തിരിച്ചറിയുന്നതിനുള്ള ശ്രമവും നടന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഇനി നടക്കുമെന്നാണ് കരുതുന്നത്.
ചര്‍ച്ചയിലെ പോസിറ്റീവിറ്റിയെ അഡീഷണല്‍ സെക്രട്ടറി അഭിനന്ദിക്കുകയും ചെയ്തു. സാങ്കേതിക പ്രശ്നങ്ങള്‍, തൊഴില്‍ വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയിലെ പ്രശ്‌നങ്ങളും ഇന്ത്യയെപ്പോലൊരു രാജ്യത്തിന് വളരെ പ്രധാനമാണ്.
കയറ്റുമതിയുടെ കാര്യത്തിലും ന്യൂസിലാന്‍ഡിനെ കൂടുതല്‍ മികച്ച സുഹൃത്താക്കി മാറ്റാന്‍ ഇന്ത്യക്ക് കഴിയും.ബാങ്കിംഗ് മേഖലയിലും സഹകരണം ഊട്ടിയുറപ്പിക്കാനാകുമെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതീക്ഷ. സേവന മേഖലയിലെ സഹകരണത്തിനും ഇരു പക്ഷവും പ്രത്യേക ഊന്നല്‍ നല്‍കി.
ന്യൂസിലാന്‍ഡ് ഹൈക്കമ്മീഷണര്‍ മുന്നോട്ടുവെച്ച ചില മേഖലകളില്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തിന്റെ പ്രമോഷന്‍ മുന്നിലുണ്ട്.
കാര്‍ബണ്‍ ക്രെഡിറ്റ് സഹകരണം, സെസ്പ്രിയുടെ സമഗ്ര നിര്‍ദ്ദേശം തുടങ്ങിയ വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായിട്ടുണ്ട്.
ഉഭയകക്ഷി നേട്ടങ്ങള്‍ക്കായുള്ള താരിഫ് ഇതര നടപടികള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.രാജ്യങ്ങള്‍ തമ്മിലുള്ള വ്യോമ ബന്ധം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
ഇന്ത്യയുടെ ഒരു പ്രധാന വ്യാപാര പങ്കാളി എന്ന നിലയിലേക്ക് ന്യൂസിലാന്‍ഡിനെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് അധികൃതര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.