2 Jan 2023 5:02 AM GMT
Summary
- കഴിഞ്ഞ 16 മാസത്തെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഇത് ഉയര്‍ന്ന നിരക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഡെല്‍ഹി: രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ടുമായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ). കഴിഞ്ഞ മാസം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 8.3 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ പതിനാറ് മാസത്തെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഇത് ഉയര്‍ന്ന നിരക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നവംബറില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 8 ശതമാനമായിരുന്നു.
ഡിസംബറില്‍ നഗര പ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 10.09 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഗ്രാമീണ മേഖലയില്‍ ഇത് 7.44 ശതമാനമായി കുറഞ്ഞുവെന്നും സിഎംഇഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മ നിരക്കില്‍ ഹരിയാനയാണ് ഏറ്റവും മുന്നില്‍. 37.4 ശതമാനമാണ് ഹരിയാനയിലെ തൊഴിലില്ലായ്മാ നിരക്ക്. ഏറ്റവും കുറവ് ഒഡിഷയിലാണ് - 0.9 ശതമാനം.
മാത്രമല്ല ഡെല്‍ഹി അടക്കം ഏഴ് സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ നിരക്ക് ഇരട്ട അക്കത്തില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജസ്ഥാന്‍ 28.5 %, ഡെല്‍ഹി 20.8%, ബിഹാര്‍ 19.1%, ജാര്‍ഖണ്ഡ് 18% എന്നിവിടങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമാണ്. ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒഡിഷക്ക് പുറമെ മഹാരാഷ്ട്ര 3.1, മേഘാലയ 2.7, കര്‍ണാടക 2.5, ഗുജറാത്ത് 2.3 എന്നിവയാണ്. 7.4 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക്.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് രണ്ട് ശതമാനത്തിനടുത്ത് ഉയര്‍ന്നു. സെപ്തംബറില്‍ 6.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഒക്ടോബറില്‍ 7.8 ശതമാനമായും നവംബറില്‍ എട്ട് ശതമാനമായും ഡിസംബറില്‍ 8.3 ശതമാനത്തിലേക്കും ഉയര്‍ന്നു. തൊഴില്‍ പങ്കാളിത്ത നിരക്ക് 40.48 ശതമാനമായി ഉയര്‍ന്നതിനാല്‍ തൊഴിലില്ലായ്മ നിരക്കിലെ വര്‍ധനയില്‍ കുഴപ്പമില്ലെന്ന് സി.എം.ഐ.ഇ എം.ഡി മഹേഷ് വ്യാസ് പറഞ്ഞു.