10 Jan 2025 4:42 AM GMT
Summary
- മികച്ച ഉപഭോഗവും നിക്ഷേപങ്ങളിലുണ്ടാകുന്ന വര്‍ധനവും വളര്‍ച്ചയെ പിന്തുണയ്ക്കും
- സമ്പദ് വ്യവസ്ഥയുടെ 2026-ലെ വളര്‍ച്ച 6.7 ശതമാനമായിരിക്കും
- ശക്തമായ നിക്ഷേപ വളര്‍ച്ച 2025ലും തുടരും
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2025-ല്‍ 6.6 ശതമാനവും 2026-ല്‍ 6.7 ശതമാനവും വളരുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. സ്വകാര്യ വ്യക്തികളുടെ മികച്ച ഉപഭോഗവും നിക്ഷേപങ്ങളിലുണ്ടാകുന്ന വര്‍ധനവും വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
''ഇന്ത്യയില്‍, വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍, ഫിസിക്കല്‍, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ശുചിത്വം, ജലസേചനം എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്ക് ധനസഹായം നല്‍കുന്നതില്‍ പൊതുമേഖലയാണ് പ്രധാന പങ്ക് വഹിക്കുന്നത്. ശക്തമായ നിക്ഷേപ വളര്‍ച്ച 2025ലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍എസ്ഒ) ഈ ആഴ്ച ആദ്യം നടത്തിയ ആദ്യ അഡ്വാന്‍സ് എസ്റ്റിമേറ്റില്‍ 2024-25 ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് എത്തുമെന്ന് പ്രവചിക്കുന്നു. ഇത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രവചനമായ 6.6 ശതമാനത്തിന് താഴെയാണ്.
ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനുള്ള മൂലധനച്ചെലവ് വരും വര്‍ഷങ്ങളില്‍ വളര്‍ച്ചയില്‍ ശക്തമായ ഗുണനഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് എടുത്തുകാട്ടി. ഉല്‍പ്പാദന, സേവന മേഖലകളിലെ വിപുലീകരണം സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കും. ഫാര്‍മസ്യൂട്ടിക്കല്‍, ഇലക്ട്രോണിക്സ് പോലുള്ള ചില ചരക്ക് വിഭാഗങ്ങളിലും ഉണ്ടാകുന്ന ശക്തമായ കയറ്റുമതി വളര്‍ച്ച സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
2024 ലെ അനുകൂലമായ മണ്‍സൂണ്‍ മഴ എല്ലാ പ്രധാന വിളകള്‍ക്കും വേനല്‍-വിതയ്ക്കല്‍ പ്രദേശങ്ങള്‍ മെച്ചപ്പെടുത്തിക്കുകയും 2025 ലെ കാര്‍ഷിക ഉല്‍പാദന പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുയും ചെയ്തിട്ടുണ്ട്.
ദക്ഷിണേഷ്യയിലെ സാമ്പത്തിക വളര്‍ച്ച 2025-ല്‍ ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ ശക്തമായ പ്രകടനമാണ് ഇതിനുകാരണം. ഈ മേഖല 2025ല്‍ 5.7 ശതമാനവും 2026ല്‍ 6 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോളതലത്തിലെ രാഷ്ട്രീയ പിരിമുറുക്കങ്ങളുടെ വര്‍ധനവ്, ഡിമാന്‍ഡിലെ ഇടിവ്, കടബാധ്യതകള്‍, സാമൂഹിക അശാന്തി എന്നിവ ഉള്‍പ്പെടുന്നതാണ് പ്രവചന കാഴ്ചപ്പാടിലെ അപകടസാധ്യതകള്‍. കൂടാതെ, കാലാവസ്ഥാ വ്യതിയാനം മുലമുണ്ടാകുന്ന വിപത്തും സമ്പദ് ഘടനയെ ബാധിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആഗോള വളര്‍ച്ച 2025ല്‍ 2.8 ശതമാനമായി തുടരുമെന്നും യുഎന്‍ മുന്‍നിര സാമ്പത്തിക റിപ്പോര്‍ട്ട് പ്രവചിക്കുന്നു.